കേന്ദ്ര സര്‍ക്കാരിന്റെ ഏരിയാ ഇന്റന്‍സീവ് പദ്ധതി പ്രകാരം ആരംഭിച്ച മലബാറിലെ 35 സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ ഏകപക്ഷീയമായ നീക്കം വിദ്യാഭ്യാസ വകുപ്പിനെ ലീഗ് വല്ക്കരിക്കുക മാത്രമല്ല ചെയ്യുന്നത്. ഇത് സര്‍ക്കാരിന് പ്രതിമാസം ഒരുകോടി രൂപയുടെ അധിക ചെലവ് വരുത്തി വയ്ക്കുകയും ചെയ്യും. പ്രതിമാസം രണ്ട് കോടി രൂപ വരുമെന്ന് വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബ് തന്നെ സമ്മതിക്കുന്നു. ഈ പദ്ധതിയെ ധനവകുപ്പ് എതിര്‍ത്തിരിക്കുന്നത് ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇത് പ്രയാസകരമാണെന്ന് പറഞ്ഞാണ്. പക്ഷെ ധനവകുപ്പിന്റെ തീരുമാനത്തിനെതിരെ രംഗത്തുവന്ന മുസ്ലീംലീഗ് ഇതില്‍നിന്നും പിന്മാറുകയില്ലെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്. അഞ്ചാം മന്ത്രി പ്രശ്നം ഉയര്‍ത്തിയ സാമൂഹിക സാമുദായിക വികാരം വകവയ്ക്കാതെയാണ് മുസ്ലീംലീഗ് ഇനിയുമൊരു ഏറ്റുമുട്ടലിന് കളമൊരുക്കുന്നത്. ധനവകുപ്പ് ഫയല്‍ മുഖ്യമന്ത്രിയ്ക്ക് കൈമാറിയിരിക്കുകയാണ്. അടുത്ത മന്ത്രിസഭാ യോഗത്തില്‍ തീരുമാനമാകുമെന്നാണ് പ്രതീക്ഷ. ഒരിക്കല്‍ ധനവകുപ്പ് സാമ്പത്തിക ബാധ്യത ഉന്നയിച്ച് തിരിച്ചയച്ച ഫയലാണ് കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തി പാസാക്കി എടുക്കാന്‍ ലീഗ് ശ്രമിക്കുന്നത്. മുസ്ലീം ലീഗ് നേതാക്കളുടേയും പ്രവര്‍ത്തകരുടേയും നിയന്ത്രണത്തിലുള്ള സ്കൂളുകളാണ് എയ്ഡഡ് ആക്കി ലീഗ് അഴിമതിയ്ക്ക് കളമൊരുക്കുന്നത്. തീരുമാനത്തെ എതിര്‍ത്ത കോണ്‍ഗ്രസും പറയുന്നത് കെപിസിസി അറിയാതെയാണ് ഈ തീരുമാനമെന്നാണ്. പ്രതിപക്ഷവും എന്‍എസ്എസും എസ്എന്‍ഡിപിയും ഈ നീക്കത്തിനെതിരെ രംഗത്തെത്തിക്കഴിഞ്ഞു. ഭരണ-പ്രതിപക്ഷ സര്‍വീസ് സംഘടനകളും തീരുമാനത്തിനെതിരാണ്.
മുസ്ലീം ലീഗ് ധനവകുപ്പിനെതിരെ രംഗത്തുവന്നരിക്കുന്നത് ഇത് സര്‍ക്കാരിന്റെ നയപരമായ തീരുമാനമാണെന്നവകാശപ്പെട്ടാണ്. 1994 ല്‍ വിദ്യാഭ്യാസപരമായി പിന്നോക്കം നില്ക്കുന്ന മേഖലയില്‍ പഠനനിലവാരം മെച്ചപ്പെടുത്താനായി സ്ഥാപിച്ച 42 സ്കൂളുകളില്‍ മുസ്ലീം സമുദായം നടത്തുന്ന 35 സ്കൂളുകള്‍ക്കാണ് വിദ്യാഭ്യാസ വകുപ്പ് എയ്ഡഡ് പദവി നല്കാന് തീരുമാനിച്ചിരിക്കുന്നത്. ഈ സ്കൂളുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന പ്രഖ്യാപനത്തെ മറികടന്നാണ് മുന്‍പ് വിദ്യാഭ്യാസ മന്ത്രി ഇവയെ എയ്ഡഡ് ആക്കും എന്ന് പ്രഖ്യാപിച്ച് പ്രതിഷേധം ക്ഷണിച്ചുവരുത്തിത്. ഇപ്പോള്‍ വിഷയം പുനരവതരിപ്പിച്ചിരിക്കുകയാണ്. പ്രതിവര്‍ഷം സര്‍ക്കാരിന് 12 കോടിയുടെ അധിക ബാധ്യത വരുത്തിവയ്ക്കുന്ന നടപടി അംഗീകരിക്കാനാവില്ലെന്നാണ് ധനവകുപ്പിന്റെ തീരുമാനം. 250 ഓളം അധ്യാപകരുള്ള സ്കൂളില്‍ നിയമനത്തിലും മറ്റും ഉള്ള അഴിമതി സാധ്യതകളും തീരുമാനത്തിനെതിരെ വരാന്‍ പ്രേരണയായി. എയ്ഡഡ് സ്കൂളുകള്‍ അനുവദിയ്ക്കരുതെന്ന കെപിസിസി തീരുമാനം തള്ളിയാണ് മുഖ്യമന്ത്രി യുഡിഎഫില്‍ ചര്‍ച്ച ചെയ്ത ശേഷം തീരുമാനമെടുക്കുമെന്ന് പ്രഖ്യാപിച്ചത്. ലീഗിന്റെ വിദ്യാഭ്യാസ വകുപ്പിലെ അപ്രമാദിത്വം തെളിയിക്കുന്നതാണ് ധനവകുപ്പിന് ഫയല്‍ അയയ്ക്കുന്നതിലും ഭേദം ജയില്‍ ശിക്ഷയാണെന്ന് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ.മജീദിന്റെ പ്രസ്താവന. ന്യൂനപക്ഷ അവകാശങ്ങള്‍ക്ക് വേണ്ടി വാദിക്കുന്നതിനെ വര്‍ഗീയവല്‍ക്കരിക്കുകയാണെന്നും അതാണ് വീടിന്റെ പേരുമാറ്റവും ടീച്ചര്‍മാരുടെ പച്ച ബ്ലൗസും വിവാദമാകുന്നതെന്ന് കെ.പി.എ.മജീദ് കൂട്ടിച്ചേര്‍ക്കുന്നു.
കാലാകാലങ്ങളായി യുഡിഎഫ് അധികാരത്തില്‍ വരുമ്പോള്‍ വിദ്യാഭ്യാസം-വ്യവസായ വകുപ്പുകള്‍ ലീഗിന്റെ കുത്തകയാക്കി മാറ്റുന്ന പ്രവണത അരക്കിട്ടുറപ്പിക്കുകയാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഒന്നിനും കൊള്ളാത്ത മന്ത്രിമാര്‍ ഉള്ള ക്യാബിനറ്റ് ആണിത് എന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരന് പറയുന്നതുപോലും മുഖ്യമന്ത്രി ഘടകകക്ഷികളുടെ-പ്രത്യേകിച്ചും മുസ്ലീംലീഗിന്റെ സമ്മര്‍ദ്ദങ്ങള്‍ക്ക് നിരുപാധികം കീഴടങ്ങുന്നതിനാലാണ്. ചര്‍ച്ച ചെയ്യാതെ കാര്യങ്ങള്‍ തോന്നിയപോലെ തീരുമാനിക്കുന്ന മന്ത്രിമാരാണുള്ളതെന്ന് ഇപ്പോള്‍ വിദ്യാഭ്യാസ മന്ത്രി രണ്ടാംവട്ടവും തെളിയിക്കുന്നു. വിദ്യാഭ്യാസ മന്ത്രി ലക്ഷ്യമിടുന്ന മറ്റൊരു പരിഷ്ക്കാരം ഒരു സ്കൂളില്‍ അറബിക് അധ്യാപക തസ്തിക അനുവദിക്കാന്‍ 28 മുസ്ലീം വിദ്യാര്‍ത്ഥികള്‍ വേണമെന്ന കെ.ഇ.ആര്.വ്യവസ്ഥയില്‍ ഭേദഗതി ചെയ്യലാണ്. പഠിക്കാന്‍ താല്‍പ്പര്യമുള്ള 28 കുട്ടികള്‍ എന്നാക്കി മാറ്റും എന്നാണ് അദ്ദേഹത്തിന്റെ ഏകപക്ഷീയമായ തീരുമാനം. അറബി പഠിക്കാന്‍ താല്‍പ്പര്യമുണ്ടെന്നും മാതാപിതാക്കളെക്കൊണ്ട് സമ്മതിപ്പിക്കാന്‍ വലിയ പ്രയാസമില്ലെന്ന് എല്ലാവര്ക്കും അറിയാവുന്നതാണ്. അഞ്ചാം മന്ത്രി പ്രശ്നം കേരളത്തില്‍ ഉളവാക്കിയ ജനവികാരം ജനസമ്പര്‍ക്ക പരിപാടി വിദ്ഗ്ധനായ മുഖ്യമന്ത്രിയ്ക്ക് അറിയാവുന്ന വസ്തുതയാണ്. എന്നിട്ടും മുസ്ലീംലീഗിന്റെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി മറ്റു ഘടകകക്ഷികളെക്കൂടി പ്രകോപിപ്പിക്കുന്ന തലത്തിലേയ്ക്ക് ഉമ്മന്‍ചാണ്ടിയുടെ അധികാര ഭ്രമം സര്‍ക്കാരിനെ കൊണ്ടെത്തിക്കുകയാണ്. നേരിയ ഭൂരിപക്ഷം വജ്രായുധമാക്കി മുസ്ലീംലീഗ് നേടാവുന്നതെല്ലാം നേടി എടുക്കാനാണ് ലക്ഷ്യമിടുന്നതെന്ന് വ്യക്തം. ഇത് കേരളത്തിന്റെ സാമുദായിക സന്തുലനത്തെ തകര്‍ച്ചയിലേക്ക് നയിക്കുമെന്നുറപ്പാണ്.
മദ്യവില കൂട്ടുമ്പോള്‍
കേരളത്തില്‍ ആഗസ്റ്റ് ഒന്നുമുതല്‍ മദ്യവില ആറു ശതമാനം വര്‍ധിപ്പിക്കാനുള്ള നീക്കം നടക്കുകയാണ്. കേരള ബോട്ട്ലേഴ്സ് ഫെഡറേഷന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് 300 രൂപ വിലയുള്ള ഒരു കുപ്പി മദ്യത്തിന് ഒന്നാം തീയതി മുതല്‍ 320 രൂപയാക്കുന്നത്. കേരളത്തിലെ മദ്യോപയോഗം കുറയ്ക്കാന്‍ ലക്ഷ്യമിട്ട് കേരള സര്‍ക്കാര്‍ കൊണ്ടുവന്ന അബ്കാരി നിയമഭേദഗതി പൊതുജനങ്ങള്‍ സ്വാഗതം ചെയ്തിട്ടും ഹൈക്കോടതി റദ്ദാക്കുകയായിരുന്നു. ത്രീസ്റ്റാറും അതില്‍ താഴെയും പദവികളുള്ള ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കേണ്ടെന്ന അബ്കാരി നിയമമാണ് അത് വിനോദ സഞ്ചാര മേഖലയെ ബാധിയ്ക്കും എന്ന വാദഗതിയില്‍ ഹൈക്കോടതി റദ്ദാക്കിയത്. മദ്യഷാപ്പുകള്‍ തമ്മിലുള്ള ദൂരപരിധിയും റദ്ദായി. കേരളത്തില്‍ ബിവറേജസ് കോര്പ്പറേഷന് വഴിയുള്ള മദ്യവില്‍പ്പനയുടെ തോത് കുറയ്ക്കുന്നതിനിടയിലാണ് വിദേശ ടൂറിസ്റ്റുകളെ സഹായിക്കാനെന്ന പേരിലുള്ള ഈ അബ്കാരി നിയമ ഭേദഗതി റദ്ദാക്കല്‍. പൗരന്മാര്ക്ക് തുല്യനീതി വേണമെന്നും കോടതി വാദിക്കുന്നു.
മദ്യം വാങ്ങുന്നതിനുള്ള പ്രായപരിധി 18 ല്‍നിന്നും 21 ആക്കിയത് മാത്രം റദ്ദായില്ല. കേരളത്തില്‍ 708 ബാര്‍ ഹോട്ടലില്‍ 200 എണ്ണം ത്രീ സ്റ്റാറും ബാക്കി സ്റ്റാറില്ലാത്തവയുമാണ്. ബിവറേജസ് കോര്പ്പറേഷന് ഔട്ട്ലെറ്റുകള് ഉപയോഗിക്കാത്തവര്‍ ആശ്രയിക്കുന്നത് ഈ ബാര്‍ ഹോട്ടലുകളെയാണ്. വര്‍ഷംതോറും മദ്യത്തില്‍നിന്നുള്ള വരുമാനം ഉയരുന്നത്, അതിനെ നല്ലയളവില്‍ ആശ്രയിക്കുന്ന സര്‍ക്കാര്‍ ഖജനാവിനും ഗുണകരമാണ്. കേരളത്തിലെ മദ്യോപയോഗത്തിനും അഭൂതപൂര്‍വമായ വര്‍ധന കേരള സമൂഹത്തിലും കുടുംബങ്ങളിലും ദുരന്തങ്ങള്‍ക്കും കുടുംബ കലഹങ്ങള്‍ക്കും കുടുംബ ഛിദ്രങ്ങള്‍ക്കും വഴിവയ്ക്കുന്നു. മദ്യോപയോഗത്തിനും നിയന്ത്രണങ്ങള്‍ ആവശ്യം തന്നെയാണ്. കോടതി നിരാകരിച്ച മറ്റൊരു വിചിത്ര വസ്തുത വിദേശ-അന്തര്‍ സംസ്ഥാന ടൂറിസ്റ്റുകള്‍ ത്രീസ്റ്റാര്‍ ഹോട്ടലുകളേയും സ്റ്റാറില്ലാത്ത ഹോട്ടലുകളേയും ആഗ്രഹിക്കുന്നു എന്ന നിഗമനമാണ്. പക്ഷെ ടൂറിസം വികസനത്തിന് സാമൂഹികക്ഷേമം ബലികൊടുക്കാമോ? പഴുതുകളില്ലാത്ത മദ്യനയത്തിന്റെ ആവശ്യകതയിലേയ്ക്കാണ് ഈ വിധി വിരല്‍ ചൂണ്ടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: