ബംഗ്ലാദേശില്‍ നിന്നും നുഴഞ്ഞുകയറിയവര്‍ തദ്ദേശീയരെ കൂട്ടക്കൊല ചെയ്യുകയും ആട്ടിപ്പായിക്കുകയും ചെയ്യുന്നത് തുടരുകയാണ്. ഇതുവരെ 55 പേര് കൊല്ലപ്പെട്ടു. 4 ലക്ഷത്തിലധികം പേര് പലായനം ചെയ്തു. നാലുജില്ലകളില്‍ കലാപം പടരാന്‍ തുടങ്ങിയിട്ട് പത്തുദിവസം പിന്നിട്ടു. എട്ടാംദിവസമാണ് തന്റെ ‘സ്വന്തം സംസ്ഥാന’ത്തിന്റെ സംഘര്‍ഷത്തെക്കുറിച്ച് പ്രധാനമന്ത്രിക്ക് ബോധോദയം ഉണ്ടായത്. 20 വര്‍ഷമായി മന്‍മോഹന്‍സിംഗ് രാജ്യസഭയെ പ്രതിനിധീകരിക്കുന്ന സംസ്ഥാനമാണ് ആസാം. ആഭ്യന്തരമന്ത്രി പി.ചിദംബരമാകട്ടെ ഇന്നാണ് ആസ്സാമിലെ കാഴ്ചകള്‍ കാണാന്‍ ചെല്ലുന്നത്. അതും കോണ്‍ഗ്രസ്സുകാരടക്കമുള്ള മുസ്ലീം എം.പി.മാര്‍ ചെന്ന് പരാതി പറഞ്ഞതിനെ തുടര്‍ന്ന്. ബംഗ്ലാദേശില്‍ നിന്ന് നുഴഞ്ഞുകയറിയ മുസ്ലീങ്ങളാണ് കലാപം തുടങ്ങിയതും തുടരുന്നതും. അവരുട വക്കാലത്തുമായി മുസ്ലീം എംപിമാരും ഭരണക്കാരെ കാണാന്‍ ചെല്ലുകയും പരാതി പറയുകയും ചെയ്യുന്ന കാഴ്ചയാണുള്ളത്. ആസാം മുഖ്യമന്ത്രിയില്‍ അവര്‍ക്ക് വിശ്വാസവും നഷ്ടപ്പെട്ടത്രെ. കേന്ദ്രസര്‍ക്കാര്‍ സഹായിച്ചില്ലെന്ന പരാതിയാണ് മുഖ്യമന്ത്രി തരുണ്‍ ഗോഗോയിക്കുമുള്ളത്. കലാപബാധിത ജില്ലകളായ കൊക്രജാര്‍, ചിരാങ്ങ്, ദുബ്രി എന്നിവിടങ്ങളില്‍ കൃത്യസമയത്ത് സൈന്യത്തെ വിന്യസിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് തരുണ്‍ ഗോഗോയ് കുറ്റപ്പെടുത്തി.
കലാപത്തിലും തുടര്‍ന്നുള്ള സംഘര്‍ഷത്തിലും 2.9 ലക്ഷം ജനങ്ങള്‍ ഭവനരഹിതരായെന്നാണ് കണക്കാക്കുന്നത്. കലാപബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച മുഖ്യമന്ത്രി പ്രദേശത്തെ സ്ഥിതിഗതികള്‍ ശാന്തമാണെന്നും രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ ആസാം സാധാരണ നിലയിലാകുമെന്നും അവകാശപ്പെടുന്നുണ്ട്. നാല് ജില്ലകളിലെ കലാപം അതിരൂക്ഷമായതോടെയാണ് മുഖ്യമന്ത്രി കേന്ദ്രത്തിന്നേര്ക്ക് തിരിഞ്ഞിരിക്കുന്നത്. കലാപം പൊട്ടിപ്പുറപ്പെട്ട ആദ്യദിവസംതന്നെ സൈന്യത്തെ വിന്യസിക്കണമെന്ന് തങ്ങള്‍ കേന്ദ്രത്തോട് അപേക്ഷിച്ചതാണെന്നും എന്നാല്‍ സംഘര്‍ഷം രൂക്ഷമായി നാലോ അഞ്ചോ ദിവസം കഴിഞ്ഞാണ് സൈന്യം സംസ്ഥാനത്ത് എത്തിച്ചേര്‍ന്നതെന്നും ഗോഗോയ് പരിഭവപ്പെട്ടു. എന്തുകൊണ്ട് സൈന്യം നേരത്തെ എത്തിയില്ലെന്നും ഗൊഗോയ് ചോദിച്ചിരിക്കുകയാണ്. അതേ സമയം കേന്ദ്രസര്‍ക്കാരും ആസാം സര്‍ക്കാരുമായും യാതൊരുവിധ അഭിപ്രായവ്യത്യാസവുമില്ലെന്ന് ഗൊഗോയ് അവകാശപ്പെടുകയും ചെയ്യുന്നു. ഇരു സര്‍ക്കാരും ചേര്‍ന്ന് എന്തൊക്കെയോ ചെയ്യുന്നു എന്നവകാശപ്പെടുമ്പോഴും 250 ദുരിതാശ്വാസക്യാമ്പുകള്‍ മാത്രമാണ് തുടങ്ങിയത്. സംഘര്‍ഷാവസ്ഥ തുടരുന്നതിനാല്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള ഭക്ഷണവിതരണമുള്‍പ്പെടെയുള്ള സേവനങ്ങളെ കാര്യമായി ബാധിച്ചിട്ടുണ്ട്. ആവശ്യത്തിന് ഭക്ഷണവും വെള്ളവും മരുന്നും ലഭിക്കാതെ പിഞ്ചുകുഞ്ഞും വയോവൃദ്ധനും രണ്ട് ദുരിതാശ്വാസ ക്യാമ്പുകളിലായി മരണപ്പെടുകയും ചെയ്തിരിക്കുന്നു.
ശനിയാഴ്ചയാണ് കലാപബാധിത പ്രദേശങ്ങള്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗ് സന്ദര്‍ശിച്ചത്. ദുരന്തബാധിതര്‍ക്ക് 300 കോടി രൂപയുടെ ധനസഹായവും പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഇത്തരത്തിലൊരു കലാപം പൊട്ടിപ്പുറപ്പെടാനുണ്ടായ സാഹചര്യത്തെക്കുറിച്ച് അന്വേഷിക്കുമെന്നും കുറ്റക്കാര്‍ക്ക് പരമാവധിശിക്ഷ നല്‍കുമെന്നും ദുരിതാശ്വാസ ക്യാമ്പിലുള്ളവരെ സന്ദര്‍ശിച്ചശേഷം പ്രധാനമന്ത്രി പ്രഖ്യാപിച്ചിരിക്കുകയാണ്. കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് രണ്ടുലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 50,000 രൂപയും പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസനിധിയില്‍നിന്നും പ്രഖ്യാപിച്ചിരുന്നു. അതിനുപുറമെയാണ് പുതിയ പാക്കേജ്. അതേസമയം, ആസാം കലാപത്തിന് ഉത്തരവാദികള്‍ കേന്ദ്രസര്‍ക്കാരും സംസ്ഥാനസര്ക്കാരുമാണെന്ന ആരോപണവുമായി നാഷണല്‍ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് രംഗത്തെത്തി. ഉത്തര കിഴക്കേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അതിര്‍ത്തി കടന്നുള്ള നുഴഞ്ഞുകയറ്റം തടയുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടതായും അവ കലാപങ്ങളിലേക്ക് നയിച്ചതായും ചര്‍ച്ച് കൗണ്‍സില്‍ ചൂണ്ടിക്കാട്ടിയത് അക്ഷരംപ്രതി ശരിയാണ്. ഇന്ത്യയിലേക്കുള്ള നുഴഞ്ഞുകയറ്റം പ്രത്യേകിച്ച് ആസാമിലേക്കുള്ള അതിര്‍ത്തി കടന്നുള്ള നുഴഞ്ഞുകയറ്റം ഇരുസര്‍ക്കാരുകളും രാഷ്ട്രീയശക്തിയുപയോഗിച്ച് ചെറുത്തിരുന്നുവെങ്കില്‍, ആസാമില്‍ അസ്വസ്ഥത ഉണ്ടാകുമായിരുന്നില്ല.
കലാപകാരണത്തെക്കുറിച്ച് അന്വേഷണം നടത്തിയാലേ പ്രധാനമന്ത്രിക്ക് ബോധ്യമാകു എന്നുവന്നാല്‍ കഷ്ടം എന്നേ പറയാനുള്ളു. നമ്മുടെ മര്‍മ്മപ്രധാനമായ അതിര്‍ത്തി സംസ്ഥാനത്ത് നിര്‍ബാധം നുഴഞ്ഞുകയറ്റം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. നുഴഞ്ഞുകയറ്റക്കാര്‍ രാജ്യതലസ്ഥാനം പോലും കയ്യടക്കുന്ന സ്ഥിതിയിലെത്തി. ഇങ്ങിനെ അനധികൃതമായി എത്തുന്നവര്‍ ആയുധം കയ്യിലെടുത്ത് അന്നാട്ടുകാരെ വേട്ടയാടുന്നത് തടയാന്‍ കഴിയുന്നില്ലെങ്കില്‍ അതിനോളം അപമാനം വേറൊന്നില്ല. ഗുജറാത്തിന്റെ പേരില്‍ മുതലക്കണ്ണീരൊഴുക്കുന്നവരാരും ആസാമിലെ കാര്യങ്ങള്‍ കണ്ടില്ലെന്ന് നടക്കുകയാണ്. അതിര്‍ത്തികടന്നുള്ള കടന്നുകയറ്റം രാജ്യത്തോടുള്ള യുദ്ധം തന്നെയാണ്. അതിനെ തടയാന്‍ കഴിയാത്തത് മാപ്പര്‍ഹിക്കാത്ത കുറ്റമാണ്. അനധികൃതമായെത്തിയവര്‍ സായുധരായി അഴിഞ്ഞാടുമ്പോള്‍ കയ്യുംകെട്ടി നോക്കിനില്ക്കുന്ന ഭരണകൂടം രാജ്യത്തിനാവശ്യമാണോ എന്ന് ചിന്തിക്കണം. സ്വന്തം ജനങ്ങളും ജീവനും സ്വത്തും സംരക്ഷിക്കേണ്ട ബാദ്ധ്യത സര്‍ക്കാരിനുണ്ട്. ആ ബാദ്ധ്യത നിറവേറ്റുന്നതില്‍ ദയനീയ പരാജയമാണുണ്ടായത്. ജനങ്ങളെ സംരക്ഷിക്കാന്‍ കഴിയാത്ത ആസാം സര്‍ക്കാരിനെ പുറത്താക്കുകയാണ് വേണ്ടത്.കടുത്ത അലംഭാവം കാട്ടുന്ന മന്മോഹന്സിംഗിന് പ്രധാനമന്ത്രി സ്ഥാനത്തിരിക്കാനും അര്‍ഹതയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: