ഭൂമിയില്‍ കാലുറപ്പിക്കാത്ത വശ്യമായ ആകാശപാതയില്‍ ഒരിടത്ത് രൂപം പൂണ്ടും പിന്നെ മാഞ്ഞ് മറ്റൊരു മാനച്ചരുവില്‍ ചന്തം ചാര്‍ത്തിതടത്തുകൂടുകയും ചെയ്യുന്ന മേഘരൂപമായി അലഞ്ഞു നടന്ന അക്ഷരനക്ഷത്രമായിരുന്നു മഹാകവി പി.കുഞ്ഞിരാമന്‍ നായര്‍. കുഞ്ഞിരാമന്‍ നായരെന്ന കവിയെയോ അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ചോ അധികമൊന്നും അറിയാത്തവരാണ് പുതിയ തലമുറ. വള്ളത്തോളും ആശാനും ചങ്ങമ്പുഴയുമെല്ലാം പുതുതലമുറയുടെ കാവ്യ മനസ്സില്‍ പീലിനിവര്‍ത്തിയാടുമ്പോഴും കുഞ്ഞിരാമന്‍നായര്‍ക്ക് അത്രയൊന്നും സ്ഥാനം ലഭിക്കുന്നില്ല. ഒരു പക്ഷേ, മലയാളത്തിന്റെ സ്വന്തം കവിയെന്ന വിശേഷണത്തിന് ഏറ്റവും അര്‍ഹനായ വ്യക്തി കുഞ്ഞിരാമന്‍ നായരാണ്. മലയാളിത്തം നിറഞ്ഞു നില്‍ക്കുന്ന കവിതകളിലൂടെ അദ്ദേഹം കാവ്യലോകത്തെ അദ്ഭുത നക്ഷത്രമായി.
ആധുനികകാല കവികളില്‍ അടിമുടി കവിയായ ഒരാളേയുള്ളുവെന്ന് നിരൂപകര്‍ എന്നും അദ്ദേഹത്തെ വാഴ്‌ത്തുന്നു. ഭ്രഷ്ടകാമുകനായി അലഞ്ഞുതിരിഞ്ഞ പി വാക്കും വരികളും വാരിയെറിഞ്ഞ ധൂര്‍ത്തനായിരുന്നു. 1906-ല്‍ കാഞ്ഞങ്ങാട്ട്, പുറവങ്കര കുഞ്ഞമ്പുനായരുടെയും കുഞ്ഞമ്മയമ്മയുടെയും മകനായി ജനിച്ചു. ചെറുപ്പത്തിലേ സംസ്കൃതം പഠിച്ചു. 14ാം വയസ്സില്‍ കവിതയെഴുതിത്തുടങ്ങി. ആദ്യകവിത ‘പ്രകൃതിഗീതം’. പട്ടാമ്പി, തഞ്ചാവൂര്‍ എന്നിവിടങ്ങളില്‍ പഠനം, അലച്ചില്‍. മുറപ്പെണ്ണിനെ വിവാഹം കഴിക്കാമെന്നേറ്റ് അതിനുള്ള പണം അച്ഛനോട് വാങ്ങി പട്ടാമ്പിയില്‍ ചെന്ന് വേറൊരു വിവാഹം കഴിച്ചു. മുറപ്പെണ്ണുമായി നിശ്ചയിച്ച കല്യാണം മറന്നുപോയെന്നായിരുന്നു കവിയുടെ വാദം.
പിന്നെ ദേശാടനം. പല പല ജോലികള്‍. ‘നവജീവന്‍’ എന്നൊരു പത്രം കുറേനാള്‍ നടത്തി. വീണ്ടും അലച്ചില്‍. കാശിനുവേണ്ടി കവിതയെഴുതി വില്‍ക്കുമായിരുന്നു. കുട്ടികള്‍ പിറന്ന വിവരംപോലും ആ അച്ഛന്‍ സമയത്ത് അറിയാറുണ്ടായിരുന്നില്ല. തിരുവില്വാമലയില്‍ വീണ്ടുമൊരു വിവാഹം. കുഞ്ഞുണ്ടായപ്പോള്‍ ഭാര്യയെ ഉപേക്ഷിച്ച് വീണ്ടും യാത്ര. കവിതയെഴുത്ത്. മൂന്നാമതും വിവാഹം. അലച്ചില്‍. പത്രമാപ്പീസിലിരുന്നും തീവണ്ടിയിലിരുന്നുമൊക്കെയായിരുന്നു പി. യുടെ കവിതയെഴുത്ത്. അവയെല്ലാം മലയാളത്തിന്റെ ക്ലാസ്സിക്കുകളായി.
ആവശ്യമുള്ള യോഗ്യതയില്ലാതിരുന്നിട്ടും 1947ല്‍ പി.ക്ക് അന്നത്തെ സര്‍ക്കാര്‍ അധ്യാപകജോലി നല്‍കി. 1949ല്‍ ‘ഭക്തകവി’പ്പട്ടം. 1963ല്‍ ‘സാഹിത്യനിപുണ’ ബിരുദം. 1968ല്‍ ‘താമരത്തോണി’എന്ന കവിതാസമാഹാരത്തിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം. 1959ല്‍ ‘കളിയച്ഛ’ന് കേരള സാഹിത്യ അക്കാദമി പുരസ്കാരം. ഇതിന് മദ്രാസ് സര്‍ക്കാരിന്റെ പുരസ്കാരവും ലഭിച്ചു.
പ്രകൃതിയെപ്പറ്റി ഇത്രയധികം പാടിയ കവിയുണ്ടാവില്ല. കഥകളിയെപ്പറ്റി, അരങ്ങിനെപ്പറ്റി, ഉത്സവങ്ങളെപ്പറ്റി, ഭക്തിയെപ്പറ്റി, ഓണത്തെപ്പറ്റി, പനകളെപ്പറ്റി, പൂക്കളെപ്പറ്റി…..ഏറെയെഴുതി അദ്ദേഹം. പ്രകൃതിക്ക് മനുഷ്യഭാവവും മനുഷ്യന് പ്രകൃതിഭാവവും നല്‍കിയ കവിയെന്നും നിരൂപക മതം. കവിക്ക് ജീവിതം ഉത്സവമായിരുന്നു. ജീവിതാനുഭവങ്ങള്‍ കവിതകളും. ഏറെക്കാലം കൊതിച്ചു കാത്തിരുന്ന ഉത്സവം കാണാനാകാതെ ആല്‍ത്തറയില്‍ കഞ്ചാവടിച്ചു മയങ്ങിപ്പോയതിനെപ്പറ്റിയും കല്യാണം നിശ്ചയിച്ചത് മറന്നു പോകുന്നതുമെല്ലാം കവിതന്നെ തന്റെ ആത്മകഥകളില്‍ പ്രതിപാദിച്ചിട്ടുണ്ട്. കവിത വിട്ടൊരു ജീവിതം അദ്ദേഹത്തിനില്ലായിരുന്നു എന്നതാണ് അതില്‍ നിന്ന് വ്യക്തമാകുന്നത്. മേറ്റ്ല്ലാം അദ്ദേഹം മറക്കുന്നു. ആത്മകഥാപരമായ മൂന്നുഗദ്യങ്ങള്‍ പ്രസിദ്ധമാണ്. കവിയുടെ കാല്‍പ്പാടുകള്‍, എന്നെത്തിരയുന്ന ഞാന്‍, നിത്യകന്യകയെ തേടി എന്നീ അദ്ദേഹത്തിന്റെ ഗദ്യങ്ങള്‍ കവിതകളെപ്പോലെ പ്രസിദ്ധമാണ്.
17 നാടകങ്ങളും 6 കഥകളും 5 ഗദ്യകവിതകളും 5 ജീവചരിത്രങ്ങളും 35 കവിതാസമാഹാരങ്ങളും 5 ഖണ്ഡകാവ്യങ്ങളും 3 ബാലസാഹിത്യകൃതികളും ഉള്‍പ്പടെ ഒട്ടേറെ ചെറുപുസ്തകങ്ങള്‍ കുഞ്ഞിരാമന്‍ നായരുടേതായി മലയാളിക്ക് ലഭിച്ചിട്ടുണ്ട്. വാസന്തിപ്പൂക്കള്‍, പൂമ്പാറ്റകള്‍, അന്തിത്തിരി, മണിവീണ, അനന്തന്‍കാട്ടില്‍, ഭദ്രദീപം, പടവാള്‍, നിറപറ, പാതിരാപ്പൂവ്, ശംഖനാദം, പ്രേമപൗര്‍ണമി, വരഭിക്ഷ, കളിയച്ഛന്‍, നക്ഷത്രമാല, പൂത്താലി, പൂമാല, താമരത്തോണി, താമരത്തേന്‍, വയല്‍ക്കരയില്‍, പൂക്കളം, ഓണപ്പൂക്കള്‍, സൗന്ദര്യദേവത, ചിലമ്പൊലി, രഥോത്സവം, തൃക്കാക്കരയ്‌ക്കു പോം പാതയേതോ….തുടങ്ങിയവയാണ് പ്രധാന കവിതാസമാഹാരങ്ങള്‍. ഏറെനാളത്തെ അലഞ്ഞുതിരിയലിനിടയില്‍ 1978 മെയ് 27ന് തിരുവനന്തപുരത്തെ സി.പി.സത്രത്തില്‍ കവി മരിച്ചു കിടക്കുകയായിരുന്നു. ഹൃദയസ്തംഭനമായിരുന്നു മരണ കാരണം.
പ്രകൃതിയെ ധാരാളമായി സ്നേഹിക്കുന്ന മനസായിരുന്നു കുഞ്ഞിരാമന്‍ നായര്‍ക്കുണ്ടായിരുന്നത്. പ്രകൃതിയിലുള്ള ഭംഗിയെ മുഴുവന്‍ തന്റെ സ്നേഹപരിലാളനത്തിലേക്ക് അദ്ദേഹം ആവാഹിച്ചു. അതുകൊണ്ടു തന്നെ ഏതൊരു വ്യക്തിയെയും പോലെ ദൗര്‍ബല്യങ്ങളും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. എന്നാല്‍ ആത്യന്തികമായി അദ്ദേഹം പ്രണയിച്ചതും വേഴ്ച നടത്തിയതുമെല്ലാം കവിതയെയായിരുന്നു. അതിനാല്‍ തന്നെ കുഞ്ഞിരാമന്‍ നായരെന്ന കവിയുടെ ജീവിതത്തിന്റെ ദൗര്‍ബല്യ വശങ്ങളോട് അത്രയൊന്നും പ്രീതി പുലര്‍ത്തേണ്ട ആവശ്യം അദ്ദേഹത്തിന്റെ കവിതകളെ സ്നേഹിക്കുന്നവര്‍ക്കില്ല. കുഞ്ഞിരാമന്‍ നായര്‍ എന്താണെന്ന് അറിയേണ്ടത് അദ്ദേഹത്തിന്റെ കവിതകളിലൂടെയാണ്. അല്ലാതെ ജീവിതത്തിന്റെ താളപ്പിഴകളിലൂടെയല്ല.
പല എഴുത്തുകാരുടെയും വ്യക്തി ജീവിതത്തിലും കുടുംബ ജീവിതത്തിലും താളപ്പിഴകളുണ്ടാകാം. ജീവിതത്തെ ശരിയായ ദിശയില്‍ നയിക്കാന്‍ അവര്‍ക്കായില്ലെന്നും വരാം. കുറ്റസമ്മതമെന്ന നിലയില്‍ പിന്നീടത് അവര്‍ എഴുതിവച്ചു എന്നും വരാം. എന്നാല്‍ കാലങ്ങള്‍ക്കു ശേഷം കവിയെ അറിയാത്ത ഒരു സമൂഹത്തിനു മുന്നിലേക്ക് കവിയുടെ ജീവിതം വിശദീകരിക്കുമ്പോള്‍ ഈ മോശ വശങ്ങളെ പര്‍വ്വതീകരിച്ചു കാണിക്കുകയും അതാണ് കവിയെ അറിയാനുള്ള വഴിയെന്ന് പ്രചരിപ്പിക്കുകയും ചെയ്യുന്നത് അദ്ദേഹത്തോടു ചെയ്യുന്ന വലിയ നിന്ദ തന്നെയാണ്.
നല്ല തിരക്കഥകള്‍ മലയാള സിനിമയ്‌ക്ക് സമ്മാനിച്ച പി.ബാലചന്ദ്രന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘ഇവന്‍ മേഘരൂപന്‍’ എന്ന ചലച്ചിത്രം ചെയ്യുന്നതും ഇതേ പ്രവൃത്തിയാണ്. കുഞ്ഞിരാമന്‍നായരുടെ ജീവിതത്തെക്കുറിച്ചെടുത്ത ചിത്രം അദ്ദേഹത്തിന്റെ കവിതകളെ ആസ്വാദകനു മുന്നിലെത്തിക്കാനുള്ള ശ്രമമല്ല നടത്തുന്നത്. പകരം അദ്ദേഹം സ്ത്രീകളുമായി പുലര്‍ത്തിവന്ന വഴിവിട്ട ജീവിതത്തെ പൊലിപ്പിച്ചു കാട്ടാനുള്ള വ്യഗ്രതയാണ് ചിത്രത്തിലുടനീളം മുഴച്ചു നില്‍ക്കുന്നത്. കവി എത്ര കല്യാണം കഴിച്ചുവെന്നോ എത്രപേരെ ഉപേക്ഷിച്ചുവെന്നോ കുട്ടികളെത്രയുണ്ടായെന്നോ ഒന്നും ഇപ്പോള്‍ പ്രസക്തമായ കാര്യമേയല്ല. അതെല്ലാം ഒരു പക്ഷേ അന്നത്തെ സാമൂഹ്യ സാഹചര്യങ്ങളുടെ കൂടി സ്വാധീനത്താല്‍ സംഭവിച്ചതാകാം. കാലങ്ങള്‍ക്കു ശേഷം ഒരു കവിയെ, അദ്ദേഹത്തെക്കുറിച്ച് അറിയാത്തവര്‍ക്കു മുന്നില്‍ പരിചയപ്പെടുത്തുമ്പോള്‍ സ്വീകരിക്കേണ്ട മര്യാദകളുടെ ലംഘനം കൂടിയാണ് ‘ഇവന്‍ മേഘരൂപനി’ലൂടെ ബാലചന്ദ്രന്‍ ചെയ്തിരിക്കുന്നത്.
കെ.പി.മാധവന്‍ നായര്‍ എന്ന സങ്കല്‍പ്പ കഥാപാത്രത്തിലൂടെയാണ് ചലച്ചിത്രം മഹാകവി പി.യുടെ ജീവിത വഴികളിലൂടെ യാത്ര ചെയ്യുന്നത്. ഉള്ളടക്കം, പവിത്രം, അങ്കിള്‍ ബണ്‍, പുനരധിവാസം തുടങ്ങിയ ശ്രദ്ധേയമായ സിനിമകളുടെ തിരക്കഥാകൃത്തായ പി.ബാലചന്ദ്രന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചലച്ചിത്രമാണിത്. മഹാകവി പി. കുഞ്ഞിരാമന്‍ നായരുടെ ജീവിതത്തില്‍നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ടുള്ള കഥയാകുമ്പാള്‍ എരിവിനും മധുരത്തിനും കുറവുണ്ടാവില്ലെന്നുറപ്പിക്കാവുന്നിതിനാലാവാം ഇത്തരമൊരു സമീപനം. തികച്ചും വിടനായ ഒരു മനുഷ്യനിലേക്ക് കുഞ്ഞിരാമന്‍ നായരെ താഴ്‌ത്തിക്കെട്ടുകയാണ് ഇവിടെ ചെയ്തിരിക്കുന്നത്. സ്ത്രീയുടെ പ്രണയത്തിന്റെയും ശരീരത്തിന്റെയും ആഘോഷം പുതിയകാലത്തിന്റെ ചേരുവകള്‍ ചേര്‍ത്ത് വെള്ളിത്തിരയിലെത്തിച്ചിരിക്കുന്നു. കുഞ്ഞിരാമന്‍ നായരുടെ ജീവിതമെന്ന തലക്കെട്ടില്ലായിരുന്നുവെങ്കില്‍ തന്റെ ഇഷ്ടങ്ങളെ, സമൂഹത്തിന്റെ സദാചാര നിയമങ്ങള്‍ ലംഘിച്ചും നടപ്പിലാക്കിയിരുന്ന ഒരു അസാന്മാര്‍ഗ്ഗിയുടെ കഥയായി ഇവന്‍ മേഘരൂപന്‍ മാറുമായിരുന്നു. അങ്ങനെ വരുമ്പോള്‍ വലിയ ബോക്സ്‌ഓഫീസ് ഹിറ്റായി മാറാനും സിനിമയ്‌ക്ക് കഴിയുമായിരുന്നു.
കെ.പി.മാധവന്‍ നായരെന്ന കഥാപാത്രത്തിലൂടെയാണ് സിനിമയില്‍ കുഞ്ഞിരാമന്‍ നായരെ അവതരിപ്പിക്കുന്നത്. സ്ത്രീയുടെയും പ്രകൃതിയുടെയും സൗന്ദര്യത്തിലൂടെ മാധവന്‍നായരെന്ന കവി അലഞ്ഞുകൊണ്ടേയിരുന്നു. മുറപ്പെണ്ണായ ജാനകിയുമായി വീട്ടുകാര്‍ ഇതിനിടയില്‍ വിവാഹമുറപ്പിച്ചു. നാടുവിട്ടു പോയ മാധവന്‍ നായര്‍ നാട്ടിന്‍പുറത്തുകാരിയും കവയിത്രിയുമായ സരസ്വതിയോടൊപ്പം ജീവിക്കുന്നു. സരസ്വതിയുടെ പ്രതിഭയില്‍ അസൂയാലുവായിരുന്ന മാധവന്‍ നായര്‍ അവള്‍ എഴുതി ഏല്‍പ്പിച്ച കവിതകളൊന്നും വാരികകള്‍ക്ക് അയച്ചുകൊടുത്തില്ല. മനസ്സുമടുത്ത സരസ്വതി ക്രമേണ കവിതയുടെ കാല്‍പനിക ലോകത്തുനിന്നും ജീവിതത്തിന്റെ പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങളിലേക്ക് മാറിത്തുടങ്ങുന്നു. എഴുത്ത് എന്നേക്കുമായി അവസാനിപ്പിച്ച് കവിയുടെ ഭാര്യയായി സരസ്വതി ഒതുങ്ങി ജീവിക്കുന്നു.
സരസ്വതിയുടെ കാവ്യ ജീവിതത്തിന്റെ മരണത്തിന് താനാണ് ഉത്തരവാദിയെന്ന കുറ്റബോധത്താല്‍ ഇരിക്കപ്പൊറുതിയില്ലാതെ മാധവന്‍ നായര്‍ വീടുവിട്ടിറങ്ങുന്നു, ലക്ഷ്യമില്ലാത്ത മറ്റൊരു യാത്രയിലേക്ക്. നിളാ തീരത്തുകൂടി അലഞ്ഞു തീര്‍ത്ത ആ നാളുകളിലാണ് മാധവന്‍ നായര്‍ അമ്മിണി എന്ന പാട്ടുകാരിയുമായി അനുരാഗത്തിലാകുന്നത്. അമ്മിണിയുടെ വീട്ടുകാര്‍ അവരുടെ വിവാഹം ഉറപ്പിച്ചു. ഇതിനിടയില്‍ തൃശൂരില്‍ എത്തുന്ന കവി തന്റെ പ്രസാധകനുമായി നാടന്‍ പാട്ടുകള്‍ സമാഹരിച്ച് പുസ്തകമാക്കുന്ന ഒരു പുതിയ കരാറില്‍ ഏര്‍പ്പെടുന്നു. പാട്ടുകള്‍ തേടി ഉള്‍നാട്ടിലേക്ക് പോകുന്ന മാധവന്‍ നായര്‍ പാട്ടുകാരി തങ്കമണിയുമായി കണ്ടുമുട്ടുന്നു. പാട്ടുപാടിയും കേട്ടെഴുതിയും മറ്റൊരു പ്രണയകാലത്തിലൂടെ കവി കടന്നുപോകുന്നു. ഇതിനിടയില്‍ അമ്മിണിയുമായുള്ള വിവാഹക്കാര്യം തന്നെ അയാള്‍ മറന്നുപോയിരുന്നു. ആരിലും തൃപ്തിപ്പെടാതെ എവിടെയും തങ്ങിനില്‍ക്കാനാവാതെ പാറിനടന്ന കവി ജീവിതത്തില്‍ ബന്ധപ്പെട്ട സ്ത്രീകളുടെ കണക്കെടുപ്പാണ് സിനിമയില്‍ നടക്കുന്നത്. ഇവിടെ കവിതകളെ സിനിമാ സംവിധായകന്‍ മറന്നുകളയുന്നു. കവിയുടെ സാധാരണമായ മരണത്തെപ്പോലും വിവാദമാക്കുകയാണ് സിനിമയില്‍.
‘സൂഫി പറഞ്ഞ കഥ’യിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച നടനും നിര്‍മ്മാതാവുമായ പ്രകാശ് ബാരെയാണ് മാധവന്‍ നായരായി വേഷമിടുന്നത്. അദ്ദേഹമത് വളരെ ഭംഗിയായി ചെയ്തിരിക്കുന്നു. പി. കുഞ്ഞിരാമന്‍ നായരെന്ന കവിയെ വിഷയമാക്കി ആറ്റൂര്‍ രവിവര്‍മ്മ എഴുതിയ ?മേഘരൂപന്‍ എന്ന കവിതയാണ് സിനിമയുടെ പേരിന് പ്രചോദനം. രാജീവ് രവിയുടെ ക്യാമറയാണ് ഈ സിനിമയുടെ സൗന്ദര്യം. ഗ്രാമീണസൗന്ദര്യം പകര്‍ത്തി അഭ്രപാളിയിലെത്തിച്ചപ്പോള്‍ കാഴ്ചക്കാരന്റെ മനസ്സിന് കുളിര്‍മ പകരുന്നു. കാവാലം നാരായണപ്പണിക്കരുടെ നാടന്‍പാട്ടുകള്‍ മറ്റൊരു പ്രത്യേകത. ശരതിന്റെ സംഗീത സംവിധാനവും മികച്ചു നില്‍ക്കുന്നു.
ആര്‍.പ്രദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക