കൊല്ലം: വെള്ളിത്തിരയിലെ മുകേഷിന്റെ മുപ്പതാണ്ട് ജീവിതത്തിന്റെ അംഗീകാരത്തിന് പൂര്‍വ കലാലയം കൊല്ലം എസ്എന്‍ കോളജ് വേദിയായി. കേരള യൂണിവേഴ്സിറ്റി യൂണിയനാണ് മുകേഷ് അറ്റ് 30 എന്ന പരിപാടി സംഘടിപ്പിച്ചത്. മലയാള സിനിമയില്‍ 30 വര്‍ഷം പൂര്‍ത്തിയാക്കിയ ചലച്ചിത്രനടന്‍ മുകേഷിനെ ആദരിക്കുന്നതായിരുന്നു ചടങ്ങ്. മുകേഷ് കോളജ് ജീവിതം പൂര്‍ത്തിയാക്കി എസ്എന്‍ കോളജിലായിരുന്നു പരിപാടി. ഇന്ത്യന്‍ സിനിമയിലെ ഇതിഹാസ സംവിധായകന് കുമാര്‍ സാഹ്നി മുകേഷിനെ ആദരിച്ചു.
എല്ലാവരുടെ ഉള്ളിലും നടന്മാരുണ്ട്. അത് ചിലരില്‍ നിന്ന് വ്യക്തമായി പുറത്തുവരുമ്പോഴാണ് യഥാര്‍ഥ അഭിനേതാവാകുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അദേഹം പറഞ്ഞു. സ്വയം മനസിലാക്കിയ നടനുമാത്രമേ അഭ്രപാളിയില്‍ ശോഭിക്കാന്‍ കഴിയൂവെന്നും കുമാര്‍ സാഹ്നി പറഞ്ഞു.
മുകേഷ് അഭിനയിക്കുകയല്ല സിനിമയില്‍ ജീവിക്കുകയാണ് ചെയ്യുന്നതെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. ഇന്നത്തെ കലാകാരന്മാര് കൂച്ചുവിലങ്ങുകള്‍ അണിഞ്ഞുകൊണ്ടാണ് പ്രവര്‍ത്തിക്കുന്നതെന്ന് മറുപടി പ്രസംഗത്തില്‍ മുകേഷ് പറഞ്ഞു. പുതിയ തലമുറകളിലെ ക്യാമ്പസിനും യൗവനത്തിനും മാത്രമേ അത്തരം വിലങ്ങുകള്‍ നിര്‍ദയം തള്ളിമാറ്റാന്‍ സാധിക്കുകയുള്ളൂ. കാമ്പസിനുള്ളിലെ അക്രമസംഭവങ്ങള്‍ ഇല്ലാതാക്കാനും സാധിക്കണമെന്നും അദേഹം പറഞ്ഞു. എസ്എന്‍ കോളിന്റെ ബ്രാന്‍ഡ് അംബാസിഡറാണെന്ന് പറയുന്നതില്‍ അഭിമാനമാണെന്നും ഈ ആദരം തന്റെ പൂര്‍വ കലാലയത്തിലായതില് സന്തോഷമുണ്ടെന്നും മുകേഷ് കൂട്ടിച്ചേര്‍ത്തു. പഴയ കലാലയ അനുഭവങ്ങളും തമാശകളും കുട്ടികളുമായി പങ്കുവച്ചാണ് മുകേഷ് മറുപടി പ്രസംഗം അവസാനിപ്പിച്ചത്. മുകേഷിന്റെ ആദ്യസിനിമ ബലൂണിന്റെ നിര്‍മാതാവ് ഡോ.ബി.എ.രാജാകൃഷ്ണനും ചടങ്ങില്‍ പങ്കെടുത്തു.
യൂണിവേഴ്സിറ്റി യൂണിയന് ചെയര്മാന് ഹരികൃഷ്ണന് അധ്യക്ഷത വഹിച്ച പരിപാടിയില്‍ മേയര്‍ പ്രസന്ന ഏണസ്റ്റ്, ഡപ്യൂട്ടി മേയര്‍ അഡ്വ.ജി.ലാലു, എസ്. എന്‍.കോളജ് പ്രിന്‍സിപ്പല്‍ പ്രൊഫ.വി.എസ്. ലീ, സെനറ്റ് മെമ്പര്‍ ചിന്ത ജറോം, യൂണി.ജനറല്‍ സെക്രട്ടറി രാഹുല്‍, വൈസ് ചെയര്മാന് എന്‍.പ്രമോദ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: