കൊട്ടാരക്കര: ഇഷ്ടിക കമ്പനി തൊഴിലാളിയായ ബംഗാളി യുവാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കമ്പനി ഉടമ അടക്കം അഞ്ച് പേര് അറസ്റ്റില്‍. ശനിയാഴ്ച രാത്രിയില്‍ പുലമണ്‍ തോട്ടില്‍ മരിച്ച നിലയില്‍ കാണപ്പെട്ട മെയിലം അപ്പു ബ്രിക്സിലെ തൊഴിലാളി ബംഗാള്‍ സ്വദേശി ബഗത് ബിശ്വനാഥി(38)ന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.
പറവൂര്‍ കുറുമണ്ടല്‍ പെരുമ്പുഴവിള വീട്ടില്‍ രാജീവ്(35), കമ്പനി ഉടമ മെയിലം കാരൂര്‍ വലിയ പുത്തന്‍വീട്ടില്‍ അപ്പു എന്നു വിളിക്കുന്ന തുളസീധരന്‍(55), ബംഗാള്‍ സ്വദേശികളായ മാമ(49), പപ്പന് എന്നു വിളിക്കുന്ന നിയോണ്‍ സര്‍ക്കാര്‍(51), പേരൂര്‍ക്കട മണാലയം മുളവുകാട് രഘു(38) എന്നിവരാണ് അറസ്റ്റിലായത്. രാജീവും ബഗത് വിശ്വനാഥും സ്ഥിരമായി മദ്യപിക്കുന്ന സ്വഭാവക്കാരായിരുന്നുവെന്ന് പോലീസ് വിശദീകരിച്ചു.
ശനിയാഴ്ച വൈകിട്ട് 7.30ഓടെ ഇഞ്ചക്കാട് ബാറില്‍ നിന്നും മദ്യംവാങ്ങി ഇരുവരും മദ്യപിച്ചു. 90 എന്ന് വിളിക്കുന്ന ബല്വത് റോയിയും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു. തൊണ്ണൂറ് മദ്യപാനം മതിയാക്കി ഇറങ്ങാന്‍ പോകുമ്പോഴും ഇവര്‍ മദ്യപാനം തുടര്‍ന്നു. മദ്യപാനത്തിന് ഒടുവില്‍ മദ്യം വാങ്ങാന്‍ ഇട്ട ഷെയറിനെ ചൊല്ലി ഇവര്‍ തമ്മില്‍ വാക്ക്തര്‍ക്കമുണ്ടായി. തര്‍ക്കത്തിനൊടുവില്‍ ബിശ്വനാഥ് രാജീവിനെ കുളത്തില്‍ തള്ളിയിട്ടു. അവിടെ നിന്നും കയറി വന്ന രാജീവ് ചെളികുത്താന് ഉപയോഗിക്കുന്ന കമ്പി ഉപയോഗിച്ച് ബിശ്വനാഥിന്റെ തലയ്ക്കടിച്ച് വീഴ്ത്തി.
പിറ്റേന്ന് രാവിലെ മാമാ എന്നു വിളിക്കുന്ന ദോദേഷ്ഗയ കട്ട എടുക്കാന്‍ വരവേ കുളത്തിന്റെ കരയില്‍ ബിശ്വനാഥ് മരിച്ചു കിടക്കുന്നത് കണ്ടു. ഈ വിവരം മുതലാളിയെ അറിയിച്ചപ്പോള്‍ മൃതദേഹം അവിടെ നിന്ന് മാറ്റി തൊട്ടടുത്തുള്ള തോട്ടിലെ കുളക്കടവില്‍ കൊണ്ടിടാന്‍ നിര്‍ദ്ദേശം നല്കി. മാമായും പപ്പനും രഘുവും ചേര്‍ന്ന് മൃതദേഹം തോട്ടില്‍ കൊണ്ടിടുകയായിരുന്നു. തുടര്‍ന്ന് കമ്പനി ഉടമ തോട്ടില്‍ വീണ് ബംഗാളി മരിച്ചതായി പോലീസില്‍ പരാതി നല്കി. തലയിലെ മുറിവുകണ്ട് സംശയം തോന്നിയ പോലീസ് പലസംഘങ്ങളായി തിരിഞ്ഞ് നടത്തിയ അന്വേഷണത്തില്‍ പലയിടത്തും രക്തത്തുള്ളികള്‍ കണ്ടെത്തി. ഫോറന്‍സിക് വിദഗ്ധരുടെ സഹായവും തേടി. അന്ന് കമ്പനിയില്‍ ഉണ്ടായിരുന്ന തൊഴിലാളികളെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തറിയുന്നത്.
ഇതിനിടയില്‍ രാജീവിനെ കമ്പനിയില്‍ നിന്നും കാണാതായത് പോലീസ് നിരീക്ഷിച്ചു. അന്വേഷണത്തിനൊടുവില്‍ അടൂരില്‍ ബില്‍ഡിംഗ് കോണ്‍ക്രീറ്റ് നടക്കുന്ന സ്ഥലത്ത് നിന്ന് രാജീവിനെ അറസ്റ്റ് ചെയ്തു. പ്രതികളെ കോടതിയില്‍ ഹാജരാക്കി. രാജീവിനെ ഒന്നാം പ്രതിയാക്കിയും മറ്റുള്ളവരെ തെളിവുകള്‍ നശിപ്പിച്ചതിനുമാണ് അറസ്റ്റ് ചെയ്തതെന്ന് ഡിവൈഎസ്പി കെ.എം. ആന്റോ പറഞ്ഞു. എസ്പി കെ. ബാലചന്ദ്രന്റെ മേല്‍നോട്ടത്തില്‍ സിഐ വിജയകുമാര്‍, എസ്ഐ ബെന്നിലാലു, പ്രതാപചന്ദ്രന്, സുരേഷ്, ഷൈജു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: