കൊല്ലം: ഉണ്ണികൃഷ്ണന്റെ വിയോഗ വാര്‍ത്ത ഞെട്ടലോടെയാണ് ലക്ഷ്മിനടയിലെ ജനങ്ങള്‍ ശ്രവിച്ചത്. ഇന്നലെവരെ തോളോടു തോള് ചേര്‍ന്ന് പ്രവര്‍ത്തിച്ച ആത്മസുഹൃത്തിനെ നഷ്ടപ്പെട്ട വേദനയായിരുന്നു അവരില്‍ നിറഞ്ഞത്. സംഘടനാ പ്രവര്‍ത്തനത്തിന് ഊര്‍ജ്ജമേകിയ ഒരു മാതൃകാസ്വയംസേവകന്റെ നഷ്ടം സംഘപ്രവര്‍ത്തകരുടെ കണ്ണുകളെ ഈറനണിയിച്ചു. നേതാജി രക്തദാനസമിതിയെ വിവേകാനന്ദ യുവധാര സൗജന്യ പഠനസഹായകകേന്ദ്രം കൂടിയാക്കി മാറ്റിയതിന് പിന്നില്‍ ലക്ഷ്മിനട ഐക്യനഗര്‍ 25ല്‍ ബാലന്റെയും അമ്മിണിയുടെയും മകന് ഉണ്ണികൃഷ്ണന്റെ നിതാന്തപരിശ്രമം ഉണ്ടായിരുന്നു. കടപ്പുറത്തെയും സമീപപ്രദേശങ്ങളിലെയും നിര്‍ധനരായ കുടുംബങ്ങളിലെ കുട്ടികള്‍ക്ക് വിദ്യ പകര്‍ന്നു നല്കാന് സദാ സന്നദ്ധനായിരുന്നു ഉണ്ണികൃഷ്ണന്. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പാതയില്‍ സജീവമായിരുന്ന അദ്ദേഹം നീലാംതോട്ടം ശാഖാകാര്യവാഹുമാണ്.
ലിങ്ക് റോഡില്‍ നിന്നും കെഎസ്ആര്‍ടിസി ഡിപ്പോയിലേക്കുള്ള ബസുകളുടെ അശാസ്ത്രീയമായ കടന്നുവരവാണ് ഉണ്ണികൃഷ്ണന്റെ മരണത്തില്‍ കലാശിച്ചത്. ഇറക്കമിറങ്ങി വരുന്ന കെഎസ്ആര്‍ടിസി ബസുകള്‍ പരമാവധി വേഗത്തിലാണ് ലിങ്ക് റോഡില്‍ കയറി വെട്ടിത്തിരിച്ച് ഡിപ്പോയിലേക്ക് കയറുന്നത്. ഇങ്ങനെയുള്ള കയറ്റം ലിങ്ക് റോഡിലൂടെ സഞ്ചരിക്കുന്ന ഇരുചക്ര വാഹനങ്ങള്‍ക്ക് വന്‍ ഭീഷണിയാണ് ഉയര്‍ത്തുന്നത്. ബ്രേക്ക് പിടിക്കാന്‍ പോലും അവസരം ലഭിക്കാതെയാണ് ഇരുചക്രവാഹനങ്ങള്‍ ഇവിടെ അപകടങ്ങളില്‍പെടുന്നത്. നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ശാസ്ത്രീയമായ സംവിധാനം ഇവിടെ കൈക്കൊള്ളാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. ഇന്നലെ രാവിലെ 11.20നായിരുന്നു കെഎസ്ആര്‍ടിസി ബസിലിടിച്ച് ബൈക്കില്‍ സഞ്ചരിച്ച ഉണ്ണികൃഷ്ണന് മരിക്കുന്നത്. ഈ സംഭവത്തിന് ശേഷം ട്രാഫിക് പോലീസ് ഇവിടെ ഡ്യൂട്ടിക്ക് ആളെ നിയോഗിച്ചു. എന്നാല്‍ വരുംദിവസങ്ങളില്‍ ഇത് തുടരുമോയെന്ന കാര്യത്തില്‍ ഒരു ഉറപ്പും അവരില്‍ നിന്നും ഉണ്ടായിട്ടില്ല. കെഎസ്ആര്‍ടിസി ഡിപ്പോയിലേക്ക് തിരിയുന്ന താലൂക്ക് കച്ചേരി മുതല്‍ താഴേക്ക് റോഡ് വീതികൂട്ടല്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ അനിയന്ത്രിതമായ ഗതാഗതക്കുരുക്കാണ് സംഭവിക്കുന്നത്. ഇതിനിടെയാണ് കെഎസ്ആര്‍ടിസി ബസുകളുടെ നിയന്ത്രണമില്ലാത്ത ഓട്ടവും വളയ്ക്കലും അരങ്ങേറുന്നത്. ഉണ്ണികൃഷ്ണന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വീട്ടിലെത്തിച്ച ശേഷം ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടിന് മുളങ്കാടകത്ത് സംസ്കരിക്കും. രമ്യയാണ് ഭാര്യ. മകന് നിരഞ്ജന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: