ദ്രാസ്: കാര്‍ഗില്‍ യുദ്ധവിജയത്തിന്റെ 13-ാം വാര്‍ഷികം കാശ്മീരില്‍ ദ്രാസ് സബ്സെക്ടറിലെ യുദ്ധ സ്മാരകത്തില്‍ വിവിധ പരിപാടികളോടെ ആരംഭിച്ചു. യുദ്ധസ്മാരകത്തില്‍ പുഷ്പചക്ര സമര്‍പ്പണം, സൈനിക സമ്മേളനം, ബാന്‍ഡ് പ്രകടനം, ബീറ്റിങ് ദ റിട്രീറ്റ് തുടങ്ങിയ വര്‍ണാഭമായ ചടങ്ങുകളാണ് രണ്ടുദിവസത്തെ പരിപാടിയിലുള്ളത്.
കാര്‍ഗില്‍ യുദ്ധം 1999 മേയില്‍ ആണ് തുടങ്ങിയത്. രണ്ടുമാസത്തിനുശേഷം പാക് ലൈറ്റ് ഇന്‍ഫന്‍ട്രി സൈനികരും അവരോടൊത്തുണ്ടായിരുന്ന സൈനികരല്ലാത്ത ആക്രമണകാരികളും മലമുകളില്‍നിന്ന് പിന്‍വാങ്ങി. രാജ്യത്തിനുവേണ്ടി പടപൊരുതിയ ഓഫീസര്‍മാരടക്കമുള്ള 490 വീര സൈനികരെ ഇന്ത്യന്‍ സേനയ്‌ക്ക് നഷ്ടപ്പെടുകയും ചെയ്തു. അവരില്‍ പലരേയും മരണാനന്തര ബഹുമതി നല്‍കി ചടങ്ങില്‍ ആദരിക്കും. രണ്ട് ദിവസത്തെ പരിപാടികളില്‍ വിവിധ കലാകാരന്മാര്‍ പങ്കെടുക്കും. പ്രശസ്ത ഗായകത്രയങ്ങളായ ശങ്കര്‍ മഹാദേവന്‍, എഹ്സാന്‍ നൂറാനി, ലോയ്മെന്‍ഡോസ എന്നിവര്‍ ഒരുക്കുന്ന സംഗീത വിരുന്നാണ് പരിപാടിയുടെ പ്രധാന ആകര്‍ഷണം.
ഉത്തരമേഖലാ കമാന്റ് മേധാവി ലഫ്.ജനറല്‍ കെ.ടി.പട്നായിക്, എം.വി.നവീന്‍ ജിന്‍ഡാല്‍ എന്നിവര്‍ മുഖ്യാതിഥിയായി ചടങ്ങില്‍ പങ്കെടുക്കും. യുദ്ധത്തില്‍ ജീവാര്‍പ്പണം ചെയ്ത സൈനികരുടെ വിധവകളും ബന്ധുക്കളും ചടങ്ങില്‍ പങ്കെടുക്കുമെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: