ബാംഗ്ലൂര്‍: കര്‍ണാടകയില്‍ 28 ശതമാനത്തിലധികം പേര്‍ പുകയില ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ട്. സംസ്ഥാനത്തെ ഒന്നരക്കോടിയിലധികം ജനങ്ങള്‍ പുകയില ഉപയോഗിക്കുന്നുണ്ടെന്ന് അടുത്തിടെ നടത്തിയ പഠനത്തില്‍ കണ്ടെത്തി.
കര്‍ണാടക മുഖ്യമന്ത്രി ജഗദീഷ് ഷെട്ടറാണ് ഗ്ലോബല്‍ അഡല്‍റ്റ് ടുബാക്കൊ സര്‍വേയുടെ (ജിഎടിഎസ്) പുതിയ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. സംസ്ഥാനത്ത് 40 ശതമാനത്തോളം പുരുഷന്‍മാരും 16 ശതമാനം സ്ത്രീകളും പുകയില ഉപയോഗിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഇതാദ്യമായാണ് ജിഎടിഎസ് സംസ്ഥാനത്തെ മുതിര്‍ന്ന പൗരന്‍മാരില്‍ ഇത്തരമൊരു പഠനം നടത്തുന്നതെന്ന് കാന്‍സര്‍ പ്രിവെന്‍ഷന്‍ പ്രൊജക്ട് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പബ്ലിക് ഹെല്‍ത്ത് ഡയറക്ടര്‍ ഡോക്ടര്‍ വിഷാല്‍ റാവു അഭിപ്രായപ്പെട്ടു.
ഏകദേശ കണക്കനുസരിച്ച് കര്‍ണാടകയില്‍ ഒന്നരക്കോടിയിലധികം പേര്‍ പുകയില ഉപയോഗിക്കുന്നുണ്ട്. പുകയില ഉപയോഗിക്കുന്നവരുടെ എണ്ണം അനിയന്ത്രിതമായി ഉയരുന്നത് ആശങ്കാജനകമാണ്. സംസ്ഥാനത്തെ ജനങ്ങളുടെ ആരോഗ്യസ്ഥിതിയെ ഇത് കാര്യമായി ബാധിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് ലോക ആരോഗ്യ സംഘടന (ഡബ്ല്യു എച്ച് ഒ), സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവെന്‍ഷന്‍ (സിഡിസി), ജോണ്‍ ഹോപ്കിന്‍സ് സ്കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്ത്, ആര്‍ടിഐ ഇന്റര്‍നാഷണല്‍ തുടങ്ങിയ സംഘടനകളുടെ സഹായത്തോടെയാണ് ജിഎടിഎസ് സര്‍വേ സംഘടിപ്പിച്ചത്.
പതിനഞ്ച് വയസ്സിന് മുകളില്‍ പ്രായമുള്ളവരെ വച്ചാണ് പഠനം നടത്തിയത്. രാജ്യത്തെ 44 ശതമാനത്തിലധികം പേര്‍ സ്വന്തം വീട്ടിലിരുന്നു പുകവലിക്കാന്‍ താല്‍പ്പര്യപ്പെടുന്നവരാണെന്ന് സര്‍വേയില്‍ പറയുന്നു. കൂടാതെ 33 ശതമാനം പേര്‍ പരസ്യമായി പുകവലിക്കുന്നവരാണ്. സ്വന്തം ആരോഗ്യത്തെ മാത്രമല്ല പൊതുജനങ്ങളുടെ ആരോഗ്യത്തെ കൂടെ ഇത്തരക്കാര്‍ അപകടത്തിലാക്കുന്നു.
ആശങ്കക്ക് ഇടയാക്കിയ പുകയില ഉപയോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന് ഇതിനെതിരെ മുന്‍കരുതല്‍ എടുക്കാനുമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഒരു മന്ത്രിസഭാതല യോഗം നടക്കാനിരിക്കുകയാണ്.
പൊതുസ്ഥലങ്ങളില്‍ പുകവലിക്കുന്നത് പുകയില വിരുദ്ധ നിയമം 2003 പ്രകാരം ശിക്ഷാര്‍ഹമാണെന്നും പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് പുകയില ഉല്‍പ്പന്നങ്ങള്‍ നല്‍കരുതെന്ന് സര്‍വേ റിപ്പോര്‍ട്ട് പ്രകാശനവേളയില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: