മൈസൂര്‍: കര്‍ണാടകയില്‍ മാനംഭംഗശ്രമത്തെ എതിര്‍ത്ത പെണ്‍കുട്ടിയെ നാലംഗ സംഘം ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്നും പുറത്തെറിഞ്ഞു. മാധുറിനു സമീപമാണ് സംഭവം. അക്രമത്തിനു ഇരയായ 19കാരിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് നാലു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. മൈസൂരിലെ കല്യാണ്‍ഗിരി സ്വദേശികളായ അക്ബര്‍ (24), ഇമ്രാന്‍ (21), ഷുബാന്‍, അഹമ്മദ് എന്നിവരാണ് അറസ്റ്റിലായത്. യശ്വന്ത്പൂര്‍- മൈസൂര്‍ എക്സ്‌പ്രസിലാണ് സംഭവം. ഷിംഷ നദി റെയില്‍പാലത്തിലൂടെ ട്രെയിന്‍ നീങ്ങുന്നതിനിടെയാണ് നാലംഗസംഘം പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പീഡനശ്രമം എതിര്‍ത്ത പെണ്‍കുട്ടിയെ സംഘം നദിയിലേയ്‌ക്കു തള്ളിയിടുകയായിരുന്നു. നദി വറ്റി വരണ്ട നിലയിലായിരുന്നുവെന്നും 25 അടി താഴ്ചയിലേയ്‌ക്കാണ് പെണ്‍കുട്ടി വീണതെന്നും പോലീസ് അറിയിച്ചു.
ട്രെയിനിലെ മറ്റൊരു യാത്രക്കാരനാണ് സംഭവം മാധുര്‍ പോലീസിനെ അറിയിച്ചത്. ഇതേത്തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ്, ഗുരുതര പരിക്കുകളോടെ പെണ്‍കുട്ടിയെ മാണ്ഡ്യ മെഡിക്കല്‍ സയന്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തലയ്‌ക്കും കാലിനും ആഴത്തിലുള്ള മുറിവുകളുണ്ടെന്നും നട്ടെല്ലിനു പൊട്ടലുണ്ടെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ബംഗളുരുവിലെ ഒരു ഗാര്‍മെന്റ് ഫാക്ടറിയിലെ തയ്യല്‍ തൊഴിലാളിയാണിവര്‍.
കെങ്കേരിയില്‍ നിന്നാണ് യുവതി ട്രെയിനിന്റെ ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ കയറിയത്. പിന്നീട് രാമനഗരത്ത് നിന്ന് കയറിയ നാല് യുവാക്കള്‍ ട്രെയിന്‍ മധുര്‍ സ്‌റ്റേഷന് അടുത്തെത്തിയപ്പോള്‍ യുവതിയുടെ അടുത്തെത്തുകയും ശല്യം ചെയ്തു തുടങ്ങുകയുമായിരുന്നു. പോലീസിനെ വിവരം അറിയിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ട്രെയിനില്‍ നിന്നു വലിച്ചെറിഞ്ഞതെന്നും ആക്രമണത്തിനു ഇരയായ പെണ്‍കുട്ടി പറഞ്ഞു. സംഭവം നടക്കുമ്പോള്‍ ട്രെയിനിലെ മറ്റു യാത്രക്കാര്‍ കാഴ്ചക്കാരായി ഇരിക്കുകയായിരുന്നുവെന്നും ആരും തന്നെ സഹായിക്കാന്‍ തയാറായില്ലെന്നും പെണ്‍കുട്ടി പറഞ്ഞു.
മൈസൂര്‍ വിദ്യാരണ്യപുരം സ്വദേശിയായ യുവതിക്ക് അച്ഛനും അമ്മയുമില്ല. മുത്തശ്ശിക്കൊപ്പമാണ് താമസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: