തിരുവനന്തപുരം: ബിഷപ്പ് കുര്യാക്കോസ് കുന്നശ്ശേരിക്ക് ഒരു കന്യാസ്ത്രീയുമായി അടുത്ത ബന്ധമുണ്ടെന്ന് ചൂണ്ടിക്കാട്ടി സിബിഐ നല്കിയ സത്യവാങ്മൂലം തുടക്കം മുതലേ ഉള്ള സംശയം സ്ഥിരീകരിക്കുന്നു. അഭയ കേസ് അട്ടിമറിക്കാന്‍ പ്രധാന കാരണം ബിഷപ്പിന്റെ ബന്ധമാണെന്ന് ആരോപണമുണ്ടായിരുന്നു. ബിഷപ്പുമായി ബന്ധമുണ്ടെന്ന് സിസ്റ്റര്‍ ലൂസിയെ സംഭവം നടന്നതിന് ശേഷം ഒരാഴ്ചയ്ക്കുള്ളില്‍ വിദേശത്തേക്ക് കടത്തിയിരുന്നു. ബിഷപ്പിന്റെ ബന്ധത്തിന് അടിവരയിടുന്നതാണ് സിബിഐ കോടതിയില്‍ നല്‍കിയിരിക്കുന്ന സത്യവാങ്ങ് മൂലം.
കേസില്‍ സാക്ഷിയായിട്ടാണ് ബിഷപ്പിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അഭയ മരിക്കുന്നതില്‍ ബിഷപ്പിന് നേരിട്ട് പങ്കില്ലെങ്കിലും കേസ് തേച്ചു മായ്ച്ചു കളയാന്‍ അദ്ദേഹം ഇടപെട്ടു എന്ന സൂചനയാണ് ഇത് നല്‍കുന്നത്. കേസില്‍ മറ്റുള്ള അച്ചന്മാര് പിടിക്കപ്പെട്ടാല്‍ തന്റെ വഴിവിട്ട പ്രവൃത്തികളും പുറത്തറിയും എന്നതിനാലാണിത്. അഭയ കേസിലെ പ്രതികളെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജിക്കെതിരെ സിബിഐ കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. കേസിലെസാക്ഷിയും ബി.സി.എം കോളേജ് പ്രൊഫസറുമായ ത്രേസ്യാമ്മയുടെ മൊഴി ഉദ്ധരിച്ചാണ് സിബിഐ വെളിപ്പെടുത്തല്‍ നടത്തിയത്. അതേ കോളേജിലെ അദ്ധ്യാപികയായ സിസ്റ്റര്‍ ലൂസിയുമായി പ്രതികളായ ഫാ. തോമസ് കോട്ടൂര്‍, ഫാ. ജോസ് പുതൃകൈയില്‍ എന്നിവര്‍ക്കും ബന്ധമുണ്ടെന്നും കുന്നശ്ശേരി പിതാവുമായുള്ള സിസ്റ്ററുടെ ബന്ധത്തിന് ഇരുവരും എല്ലാ ഒത്താശയും നല്‍കിയിരുന്നുവെന്നും സിബിഐ ആരോപിക്കുന്നു. (ഒന്നില്‍ നിന്ന്)
സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടതാകാമെന്ന് സംഭവം അറിഞ്ഞപ്പോള്‍ തന്നെ സംശയം ഉണ്ടായിരുന്നതായി ബിഷപ്പ് കുര്യാക്കോസ് കുന്നശ്ശേരി സിബിഐക്ക് മൊഴി നല്‍കിയിരുന്നു. അഭയ കേസില്‍ സിബിഐ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ബിഷപ്പിന്റെ മൊഴി കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. സിബിഐയുടെ ഭാഗത്തു നിന്നുള്ള 57-ാം സാക്ഷിയാണ് ബിഷപ്പ്.
അഭയ കേസിനെക്കുറിച്ച് അറിഞ്ഞപ്പോള്‍ തന്നെ ഇതായിരുന്നു തനിയ്ക്ക് മനസ്സില്‍ തോന്നിയതെന്നാണ് ബിഷപ്പ് സിബിഐയോട് പറഞ്ഞിരുന്നത്. അങ്ങനെയൊരു തോന്നല്‍ തികച്ചു സ്വഭാവികമായിരുന്നു. കാരണം ഒരു കാരണവശാലും അഭയ ആത്മഹത്യ ചെയ്യില്ലെന്ന് എനിയ്ക്ക് ഉറപ്പായിരുന്നു. അഭയയുടെ മരണത്തെക്കുറിച്ച് മുന്‍ ബിഷപ്പ് ഇങ്ങനെയാണ് സിബിഐ ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടുള്ളത്. എന്നാല്‍ എന്തുകൊണ്ടാണ് ഇത്തരം നിഗമനത്തില്‍ എത്തിച്ചേര്‍ന്നതെന്ന് അദ്ദേഹം വിശദീകരിക്കുന്നില്ല.സംഭവദിവസം രാവിലെ എട്ടു മണിയ്ക്കുതന്നെ ഫാദര്‍ തോമസ് കോട്ടൂര്‍ തനിയ്ക്ക് ഫോണ്‍ ചെയ്തിരുന്നതായും അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്. അഭയ താമസിച്ചിരുന്ന പയസ് ടെന്ത് കോണ്‍വെന്റ് കേന്ദ്രമാക്കി വൈദികരായ ഫാദര്‍ തോമസ് കോട്ടൂരും ജോസ് പൂതൃക്കയിലും നടത്തിയിരുന്ന അനാശാസ്യ ബന്ധങ്ങളെക്കുറിച്ചും സിബിഐ ബിഷപ്പിനോട് വിശദമായി ചോദിച്ചിട്ടുണ്ട്. കേസിലെ പ്രതികളായ രണ്ടു പുരോഹിതരും രാത്രികാലങ്ങളില്‍ പയസ് ടെണ്ത് കോണ്‍വെന്റില്‍ പോകാറുണ്ടായിരുന്നു. ഇവരുമായി ബന്ധമുണ്ടായിരുന്നെന്ന് സി.സെഫിയും ബ്രെയിന്‍ മാപ്പിങ് പരിശോധനയില്‍ സമ്മതിക്കുന്നുണ്ടെന്ന് കുറ്റപത്രത്തില്‍ പറയുന്നു.
ബിഷപ്പിന് പുറമേ, 58, 59 സാക്ഷികളായ ഫാദര്‍ ജോസ് ചാഴിക്കാട്, ഫാദര്‍ ബേബി മൈക്കിള്‍, അഭയയെ അവസാനം കണ്ട സിസ്റ്റര്‍ അനുപമ എന്നിവരും ആത്മഹത്യയെന്ന വാദം അംഗീകരിക്കുന്നില്ല. കേസിനോട് കോട്ടയം അതിരൂപത ആരോഗ്യകരമായ സമീപനമല്ല സ്വീകരിച്ചെന്ന് ഫാദര്‍ ബേബി മൈക്കിള്‍ പറയുന്നുണ്ട്.
അഭയ ആത്മഹത്യ ചെയ്യാന്‍ സാധ്യതയില്ലെന്ന് ഫാദര്‍ ജോസ് ചാഴിക്കാടനും ആത്മഹത്യ ചെയ്യാന്‍ ഒരു കാരണവുമില്ലെന്ന് സിസ്റ്റര്‍ അനുപമയും മൊഴി നല്കിയിരിക്കുന്നു. കേസിലെ പ്രതികള്‍ക്ക് എതിരെ സമര്‍പ്പിച്ചിട്ടുള്ള കുറ്റപത്രം തെളിയിക്കാന്‍ ആവശ്യമായ തെളിവുകളുണ്ടെന്നും അന്വേഷണസംഘം കോടതിയെ അറിയിച്ചു. തുടരന്വേഷണ ഹര്‍ജികള്‍ സമര്‍പ്പിച്ചിട്ടുള്ളത് ചില താത്പര്യങ്ങള്‍ക്ക് വേണ്ടിയാണെന്നും സിബിഐ ആക്ഷേപം ഉന്നയിച്ചു. സി.ബി.ഐയുടെ മുന്‍ അന്വേഷണ ഉദ്യോഗസ്ഥന് ബി. ത്യാഗരാജന്, ക്രൈംബ്രാഞ്ച് മുന്‍ എസ്പി കെ.ടി. മൈക്കിള്‍, മുന്‍ ഡിവൈഎസ്പി കെ. സാമുവല്‍, കോട്ടയം മുന്‍ ആര്.ഡി.ഒ എസ്.ജി.കെ. കിഷോര്‍ ഐ.പി.എസ് എന്നിവര്‍ ഉള്‍പ്പെടെ ആറുപേര്‍ ചേര്‍ന്ന് തെളിവ് നശിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് അഭയ ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ജോമോന് പുത്തന്‍പുരയ്ക്കല്‍ ഉള്‍പ്പെടെയുള്ളവര്‍ തുടരന്വേഷണ ഹര്‍ജികള്‍ സമര്‍പ്പിച്ചിട്ടുള്ളത്. എന്നാല്‍ തുടരന്വേഷണ ഹര്‍ജി അനുവദിക്കുന്നതിനോടൊപ്പം ഇപ്പോള്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വിചാരണയാരംഭിക്കണമെന്ന ആവശ്യം സിബിഐ കോടതി ജഡ്ജി ടി.എസ്.പി മൂസത് നിരാകരിച്ചു.
സിബിഐ മുന്‍ ഡിവൈ. എസ്.പിയും അന്വേഷണ ഉദ്യോഗസ്ഥനുമായ വര്‍ഗീസ് പി. തോമസ് ,കോട്ടയം ആര്.ഡി.ഓഫീസിലെ സീനിയര്‍ സൂപ്രണ്ട് ഏലിയാമ്മ, ക്ലാര്‍ക്ക് കെ.എന്‍. മുരളീധരന് എന്നിവര്‍ കേസിലെ തൊണ്ടിമുതല്‍ നശിപ്പിക്കുന്നതിന് ഗൂഢാലോചന നടത്തിയത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് മുന്‍ ഡി. വൈ.എസ്.പി കെ. സാമുവല്‍ സിബിഐ കോടതിയെ സമീപിച്ചു. അന്വേഷണം ഏറ്റെടുത്ത വര്‍ഗീസ് പി.തോമസ് ആര്.ഡി.ഓഫീസില്‍ സൂക്ഷിച്ചിരുന്ന തൊണ്ടിവകകള്‍ നശിപ്പിക്കുന്നതിനുവരെ ശ്രമിച്ചിരുന്നുവെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. സിബിഐ അന്വേഷണം ഏറ്റെടുത്ത് 79 ദിവസങ്ങള്‍ക്കുശേഷം ഇവര്‍ ഗൂഢാലോചന നടത്തി തൊണ്ടിവകകള്‍ നശിപ്പിച്ചു. ഈ ഹര്‍ജിക്ക് പുറമെ തുടരന്വേഷണ ഹര്‍ജികളും സെപ്തംബര്‍ മൂന്നിന് കോടതി പരിഗണിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: