കൊല്ലം ജില്ലയില്‍ തൃക്കരുവാ പഞ്ചായത്തിലാണ് പുരാതനമായ വീരഭദ്രസ്വാമിക്ഷേത്രം. ശയനപ്രദക്ഷിണത്തിലൂടെ പ്രസിദ്ധമായ ഈ ക്ഷേത്രം അഷ്ടമുടിക്കായലിന്റെ തീരത്താണ്. കൊല്ലം പട്ടണത്തിനോട് ചേര്‍ന്ന് എട്ടുദേശങ്ങളിലായി വ്യാപിച്ചുകിടക്കുന്ന കായലിന് എട്ട് പിരിവുകളുമുണ്ട്. അതുകൊണ്ടാണ് ഈ കായലിന് അഷ്ടമുടിക്കായല്‍ എന്ന് പേരുവന്നതെന്ന് പറയപ്പെടുന്നു.
കായലിനക്കരെ കിഴക്കോട്ട് ദര്‍ശനമായി ശിവക്ഷേത്രം. പടിഞ്ഞാറോട്ട് ദര്‍ശനമായ തൃക്കടവൂരപ്പന്. തെക്കോട്ട് ദര്‍ശനമായി അഷ്ടമുടിയില്‍ വീരഭദ്രസ്വാമി. നേരെ എതിരെ തൃക്കരുവയില്‍ ശ്രീഭദ്രകാളിയും ഉണ്ട്. വീരഭദ്രന്റെ ശ്രീകോവിലിന്റെ മുകള്‍ തുറന്നുകിടക്കുന്നു. വീരഭദ്രന് ആകാശം മുട്ടെ നില്ക്കുന്നു എന്നാണ് ഐതിഹ്യം.
ദക്ഷയാഗത്തില്‍ അപമാനിതയായ സതി സ്വയം നിര്‍മിച്ച യാഗാഗ്നിയില്‍ ജീവിതമൊടുക്കിയപ്പോള് കോപാകുലനായ പരമശിവന് ജട നിലത്തടിച്ചു. ഇതില്‍ നിന്നുത്ഭവിച്ച വീരഭദ്രനും കാളിയും ദക്ഷന്റെ യാഗം മുടക്കിയെന്നും വീരഭദ്രന് നഖംകൊണ്ട് ദക്ഷനെ കൊന്നുവെന്നും ഐതിഹ്യം. ദക്ഷനെ നിഗ്രഹിക്കുന്ന സമയത്ത് ദേഹത്ത് പറ്റിയ മണ്ണ് കഴുകിക്കളയാന്‍ വീരഭദ്രന് കായലില്‍ ഇറങ്ങിയെന്നും അതിന്റെ ദിവ്യസ്മരണ നിലനിര്‍ത്താന്‍ ആണ്ടുതോറും ഇവിടെ ശനയപ്രദക്ഷിണം നടത്തുന്നുവെന്നുമാണ് പഴമ.
കന്നിമാസത്തിലെ പൂരാടവും ഉത്രാടവും തിരുവോണവുമാണ് ഉത്സവാഘോഷം. ഇരുപത്തിയെട്ടാം ഓണാഘോഷം കൂടിയാണ് ഇത്. അഷ്ടമുടി നിവാസികള്‍ക്ക് ഉത്രാടം മുതല്‍ ശയനപ്രദക്ഷിണത്തിനായി അതായത് ഉരുള്‍ നേര്‍ച്ചയ്ക്കായി ആളുകള്‍ എത്തും. രാത്രി മുഴുവനും ഉരുള്‍ നടക്കും. ആയിരക്കണക്കിനാളുകള്‍ ഉരുളിനെത്തും. വ്രതാനുഷ്ഠാനത്തോടെ എത്തുന്ന ഇവര്‍ കായലില്‍ മുങ്ങിയശേഷം ക്ഷേത്രത്തിനെ വലംവച്ച് ഉരുളുന്നു. വീണ്ടും കായലില്‍ മുങ്ങിക്കുളിക്കുന്നു. ദേഹത്ത് പറ്റിയ മണല്‍ കായലില്‍ പതിക്കുന്നു. വളരെ ആഴമുള്ള കായലില്‍ ഈ ഭാഗത്ത് അന്ന് അരയോളം വെള്ളമേ ഉണ്ടാകൂ. ഇത് ആശ്ചര്യകരമാണ്. ഉരുളിനെത്തുന്ന കുട്ടികള്‍ക്കുപോലും മുങ്ങിക്കുളിക്കാന്‍ സഹായകമായിത്തീരുന്ന ഈ ജലനിരപ്പ് താഴ്ച.
ക്ഷേത്രത്തില്‍ നിന്നും നൂറടി അകലെ വരെ കാണുന്ന ജലനിരപ്പ് താഴ്ച സാധാരണ ജലനിരപ്പുമായി തട്ടിച്ചുനോക്കുമ്പോഴാണ് അത്ഭുതത്തിന് വഴിയൊരുക്കുന്നത്. കന്നുകാലികള്‍ക്ക് അസുഖം വരാതിരിക്കാന്‍ നെയ്വിളക്ക് വഴിപാടായി നടത്തുന്ന പതിവുണ്ട്.
പെരിനാട് സദാനന്ദന് പിള്ള
പ്രതികരിക്കാൻ ഇവിടെ എഴുതുക: