ന്യൂദല്‍ഹി: മാരുതി സുസുക്കിയുടെ മനേസര്‍ പ്ലാന്റിലെ സംഘര്‍ഷത്തിന് പിന്നില്‍ ഭീകരവാദ ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി ഇന്റലിജെന്റ്സ് വൃത്തങ്ങള്‍. തൊഴിലാളികള്‍ക്കിടയില്‍ മാവോയിസ്റ്റുകള്‍ കടന്നുകൂടിയിട്ടുണ്ടെന്നാണ് സൂചനയെന്നും തൊഴിലാളി സംഘടനകളെയും നേതാക്കളെയും നിയന്ത്രിക്കുന്നത് ഈ ഭീകരവാദ സംഘടനകളാണെന്നും സംശയിക്കുന്നതായും ഇന്റലിജെന്റ്സ് വൃത്തങ്ങള്‍ വെളിപ്പെടുത്തി.
പ്ലാന്റിലെ തൊഴിലാളികളായ ദമ്പതിമാരെ കുറിച്ചും മറ്റും അന്വേഷണം നടത്താനാണ് പോലീസ് നീക്കം. മനേസര്‍ പ്ലാന്റില്‍ കുറച്ചു വര്‍ഷങ്ങളായി പ്രശ്നങ്ങള്‍ നിലനില്‍ക്കുകയാണ്. തൊഴിലാളികളുടെ സമരങ്ങള്‍ക്ക് മാവോയിസ്റ്റ് സ്വഭാവം കൈവരുന്നതായും കണ്ടെത്തിയിട്ടുണ്ടെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. അക്രമങ്ങള്‍ അഴിച്ചുവിടുന്ന ഇവരുടെ ആശയങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും ഭീകരവാദ സ്വഭാവമുണ്ടെന്നുമാണ് പോലീസ് നിഗമനം.
പ്ലാന്റിലെ സംഘര്‍ഷങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് പോലീസ് കഴിഞ്ഞ ദിവസം സംശയം പ്രകടിപ്പിച്ചിരുന്നു. ഒരു വിഭാഗം ജീവനക്കാരുടേയും തൊഴിലാളി സംഘടന നേതാക്കളുടേയും അറിവോടെയാകും സംഘര്‍ഷം നടന്നത്. പ്ലാന്റ് കണ്‍ട്രോള്‍ റൂമും എച്ച് ആര്‍ വിഭാഗവും ഒറ്റപ്പെടുത്തിയതിന് ശേഷമാണ് ജീവനക്കാര്‍ തീയിട്ടത്. കൊല്ലപ്പെട്ട എച്ച്.ആര്‍.മാനേജര്‍ അവനീഷ് കുമാറിന്റെ ശരീരത്തിലെ അസ്ഥികളില്‍ പൊട്ടല്‍ കണ്ടെത്തിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
കഴിഞ്ഞ ബുധനാഴ്ചയാണ് പ്ലാന്റില്‍ സംഘര്‍ഷം ആരംഭിച്ചത്. സൂപ്പര്‍വൈസര്‍ റാം കിഷോര്‍ മന്‍ജിയെ തൊഴിലാളിയായ ജീയലാല്‍ മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് പ്രശ്നപരിഹാരത്തിനായി മാനേജ്മെന്റും ജീവനക്കാരും തമ്മില്‍ നടത്തിയ ചര്‍ച്ച അലസിപ്പിരിഞ്ഞു. എന്നാല്‍ ഷിഫ്റ്റ് കഴിഞ്ഞ തൊഴിലാളികള്‍ പ്ലാന്റില്‍നിന്ന് പുറത്തുപോകാതെ മാനേജര്‍മാരെയും ഉദ്യോഗസ്ഥരെയും ബന്ധിയാക്കുകയായിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ട് ക്യാമറകളില്‍ സംഘര്‍ഷ രംഗങ്ങള്‍ പതിയാതിരിക്കാനാണ് സെര്‍വറുകള്‍ക്ക് തീയിട്ട്തെന്നും പോലീസ് തയ്യാറാക്കിയ എഫ്‌ഐആറില്‍ വ്യക്തമാക്കുന്നു.
ആക്രമണത്തെത്തുടര്‍ന്ന് മനേസര്‍ പ്ലാന്റ് നിശ്ചിതകാലത്തേക്ക് അടച്ചിട്ടിരിക്കുകയാണ്. എന്നാല്‍ സംഭവം കമ്പനിയുടെ പ്രവര്‍ത്തനത്തെ ബാധിക്കില്ലെന്ന് മാരുതി അധികൃതര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. അക്രമ സംഭവങ്ങള്‍ കമ്പനിയിലെ കാര്‍ നിര്‍മാണത്തെ ബാധിച്ചിട്ടില്ലെന്നും ഉല്‍പ്പാദനം തുടരുമെന്നും അധികൃതര്‍ വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: