സംസ്ഥാനത്ത് ഇതുവരെ ലഭിക്കേണ്ട കാലവര്‍ഷത്തില്‍ 36 ശതമാനം കുറവ് 2012 ല്‍ ഉണ്ടായിരിക്കുന്നു. തിരുവാതിര ഞാറ്റുവേലയും കറുത്ത വാവും മഴയില്ലാത്ത നാളുകളായി. പണ്ട് വെള്ളക്കാര്‍ കുരുമുളകിന് തണ്ട് കടത്തിക്കൊണ്ടുപോയപ്പോള്‍ സാമൂതിരി രാജാവ് പറഞ്ഞത് അവര്‍ക്ക് കുരുമുളകിന് തണ്ടല്ലേ കൊണ്ടുപോകാന്‍ ആകുള്ളൂ. തിരുവാതിര ഞാറ്റുവേല കൊണ്ടുപോകാന്‍ കഴിയില്ലല്ലോ എന്നാണ്. ഇടമുറിയാതെ രാത്രിയും പകലും നിന്നുപെയ്യേണ്ട മഴ എങ്ങനെയോ അപ്രത്യക്ഷമായിരിക്കുന്നു ഇന്ന്. ഡാമുകളില്‍ വൈദ്യുതി ഉല്‍പ്പാദനത്തിനുള്ള വെള്ളമില്ലാത്ത അവസ്ഥ വന്നിരിക്കുന്നു. കാലവര്‍ഷക്കാലവും വേനലിന്റെ നാളുകളായി എണ്ണപ്പെടുവാന്‍ പോകുന്നു. സര്‍ക്കാരിന്റെ വികസന പദ്ധതികളുടെ പരിണിതഫലമാണിത്. ഇങ്ങനെ പോയാല്‍ കുടിവെള്ളക്ഷാമത്തിന്റെ നാളുകളിലേയ്ക്ക് സംസ്ഥാനം നീങ്ങുമെന്നത് തീര്‍ച്ചയാണ്. ഭരണസംവിധാനങ്ങള്‍ ഒന്നാകെ വികസനത്തിന്റെ പേരില്‍ നെല്‍വയല്‍ നികത്തുവാനും പുറമ്പോക്ക് ഭൂമി വില്‍ക്കുവാനും വനമേഖല പാട്ടത്തിന് കൊടുക്കുവാനും സ്വാശ്രയ മേഖല പണം വാരുന്ന വ്യവസായമാക്കാനും സര്‍ക്കാര്‍ ഭൂമി ദാനം ചെയ്യാനും കാട് ലേലം വിളിക്കാനും മറ്റുമുള്ള ശ്രമങ്ങളാണ് നടത്തിവരുന്നത്. സാധാരണക്കാരെ വികസനത്തിന്റെ ഗുണഭോക്താക്കള്‍ ആക്കുന്നതിനോ താഴെത്തട്ടിലുള്ളവരെ വളര്‍ത്തുന്നതിനോ ഉള്ള പരിശ്രമമൊന്നും നടക്കുന്നില്ലെന്നതാണ് സത്യം. ഇല്ലാത്തവള്‍ കൂടുതല്‍ ദാരിദ്ര്യത്തിലേയ്ക്ക് കൂപ്പുകുത്തുമ്പോള്‍ ഉള്ളവന് വേണ്ടി വീണ്ടും വീണ്ടും പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുന്ന കാഴ്ചയാണ് കാണാനാകുക.
ആറന്മുള വിമാനത്താവളവും വയല്‍ നികത്തലിന് അനുമതി നല്‍കലും ബിഒടി റോഡ് വികസനവും ആകാശനഗരവും കായല്‍ നികത്തി ഫ്ലാറ്റ് നിര്‍മാണാനുമതിയും സ്വകാര്യ മേഖലയ്ക്ക് കരിമണല്‍ ഖാനനവും വ്യവസായ ശാലകള്‍ ക്ക് നദികള്‍ മലിനീകരിക്കാനുള്ള മൗനാനുവാദവും മറ്റും ഇത്തരം വികലമായ വികസനക്കാഴ്ചപ്പാടുകളില് ചിലതു മാത്രം. നിയമലംഘനത്തിന് പുകമറ സൃഷ്ടിച്ച് ഏകജാലകം വഴി നടപ്പാക്കുന്ന വികസനപദ്ധതികള്‍ ഒന്നാകെ സമ്പന്നന്റെ വരുമാനം വര്‍ധിപ്പിക്കുവാനുള്ള ഭരണകൂടങ്ങളുടെ സൗജന്യങ്ങളാണ്. ബജറ്റിലെ ഒരു രൂപയുടെ വികസന പദ്ധതിയായാലും അതിനും ഈ നാട്ടിലെ എല്ലാ പൗരന്മാര്ക്കും ഒരേപോലെ അവകാശമുണ്ടെങ്കിലും തല്‍പ്പര കക്ഷികളുടെ കീശവീര്പ്പിക്കുന്നതിനാണി ബജറ്റിലെ പണം വിനിയോഗം ചെയ്യുന്നത്. ജാതി തിരിച്ചുള്ള മന്ത്രിസഭാ രൂപീകരണം മുതല്‍ അഞ്ചാം മന്ത്രിസ്ഥാനംവരെയുള്ള സര്‍ക്കാരിന്റെ നടപടികള്‍ മതസൗഹാര്‍ദ്ദം ഉയര്‍ത്തിക്കാട്ടുന്ന മൂല്യാധിഷ്ഠിത പ്രവൃത്തികളായിരുന്നില്ല. തുടര്‍ന്ന് നടക്കുന്ന ഭരണയന്ത്രത്തിന്റെ പ്രവര്‍ത്തനങ്ങളിലും ജാതീയമായ വേര്‍തിരിവുകള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നതും വിഭാഗീയ ചിന്ത വളര്‍ത്തുന്ന നടപടിക്രമങ്ങളും വലിയ ഒരു വിഭാഗം ആളുകളെ അതൃപ്തിയിലാക്കിക്കഴിഞ്ഞു. ജോലി സാധ്യതകളും അടിസ്ഥാന സൗകര്യവികസനവും ജാതിമത വിഭാഗങ്ങള്‍ക്കായി നിജയപ്പെടുത്തുന്നതുപോലെയാണ് കേരളീയ സമൂഹത്തിലെ ഭൂരിപക്ഷത്തിനും തോന്നുന്നതെന്ന വെളിപ്പെടുത്തലുകള്‍ കേരളം പോലുള്ള സംസ്ഥാനത്തെ ഭരണനേതൃത്വത്തിന് ഭൂഷണമല്ല.
പ്രത്യേക സാമ്പത്തികമേഖലയെന്ന സ്ഥലങ്ങളില്‍ അനുവദിക്കുന്ന സര്‍ക്കാരിന്റെ സൗജന്യങ്ങള്‍ സാധാരണക്കാരന് ഈ മേഖലയുടെ വെളിയില്‍ ലഭ്യമല്ലായെന്നതാണ് പരമാര്‍ത്ഥം. ഒരു ചെറിയ വ്യവസായം തുടങ്ങുവാന്‍ ഇറങ്ങിത്തിരിക്കുന്നവന് പ്രോത്സാഹനമില്ലെന്ന് മാത്രമല്ല, കൊല്ലാക്കൊല ചെയ്യുന്ന അവസ്ഥ സൃഷ്ടിക്കുന്നതില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മത്സരിക്കുകയാണ്. വികസനത്തിന്റെ പേരില്‍ കുടിയൊഴുപ്പിക്കപ്പെടുന്ന പാവപ്പെട്ട ജനങ്ങള്‍ ഇന്നും അഭയാര്‍ത്ഥികളെപ്പോലെ അലയേണ്ട അവസ്ഥയിലാണ്. വികസനത്തിന്റെ ഗുണഭോക്താക്കളാകുവാന്‍ സര്‍ക്കാര്‍ അവരെ അനുവദിക്കുന്നില്ല എന്നതാണ് വാസ്തവം. അതുകൊണ്ടുതന്നെ പാര്ശ്വവല്ക്കരിക്കപ്പെടുന്നവരുടെ എണ്ണം ക്രമാതീതമായി ഉയരുകയാണ്. ഒപ്പം ദരിദ്ര്യരാകുന്നവരുടെ എണ്ണവും. സംസ്ഥാനത്തെ നദികളും കായലുകളും തോടുകളും മലിനീകരിക്കപ്പെട്ടതുകൊണ്ടുമാത്രം ലക്ഷക്കണക്കിന് ഉള്‍നാടന്‍ മത്സ്യബന്ധന തൊഴിലാളികള്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടത്. കൃഷി ഭൂമി നികത്തിയതിനാലും ഫലപുഷ്ടിയുള്ള മേല്‍ മണ്ണ് ഇഷ്ടിക വ്യവസായത്തിന് നല്കിയതിനാലും തരിശിട്ടതിനാലും കാര്‍ഷിക മേഖല തകര്‍ന്നു. ലക്ഷക്കണക്കിനാളുകള്‍ക്ക് കാര്‍ഷിക വൃത്തി നടത്തുവാനുള്ള അവസരം നഷ്ടപ്പെട്ടു. ആദിവാസികളെ അണക്കെട്ടുകളുടെ നിര്‍മാണത്തോടനുബന്ധിച്ച് അവരുടെ ആവാസവ്യവസ്ഥയില്‍നിന്നും അകറ്റി നിര്‍ത്തി മുഴുപട്ടിണിയിലാക്കി. വനാവകാശ നിയമംകൊണ്ടുവന്നെങ്കിലും ശരിയായ രീതിയില്‍ നടപ്പാക്കിയില്ല. അങ്ങനെ വലിയ വിഭാഗം ആദിവാസികള്‍ക്കും ജീവസന്ധാരണത്തിനുള്ള അവസരം നഷ്ടപ്പെട്ടു.
ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി വീണ്ടെടുത്ത് അവര്‍ക്ക് വിതരണം ചെയ്യുന്നതില്‍ സര്‍ക്കാരുകള്‍ പരാജയപ്പെട്ടു. എന്നാല്‍ എസ്റ്റേറ്റ് മുതലാളിമാരെ പ്രീണിപ്പിക്കുന്ന നയം മാറിമാറി വന്ന സര്‍ക്കാരുകള്‍ കൈക്കൊള്ളുകയും ചെയ്തു. ഏറെ വരുമാനമുണ്ടെന്ന ഒരൊറ്റ കാരണത്താല്‍ മദ്യപന്മാരെ സൃഷ്ടിക്കുന്നതിലും ജനങ്ങളുടെ ആരോഗ്യം നശിപ്പിക്കുന്നതിനും വികസനത്തിന്റെ പേരില്‍ സര്‍ക്കാര്‍ കൂട്ടുനിന്നു. ഇത് ദാരിദ്ര്യത്തിലേക്ക് തള്ളിവിടുന്നവരുടെ എണ്ണം വര്‍ധിപ്പിച്ചു. അടിസ്ഥാന സൗകര്യ വര്‍ധനവിനായി സ്വകാര്യ മേഖലയെ അന്തമായി ആശ്രയിക്കുന്ന സര്‍ക്കാരിന്റെ വികസന നയം എല്ലാറ്റിനും ബിഒടി സമ്പ്രദായത്തില്‍ ചെന്നെത്തിക്കുന്നതിന് കാരണമായി. സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളില്‍നിന്ന് മാറി നില്ക്കുന്ന നയവ്യതിയാനത്തിലെത്തിയതുമൂലം സ്വകാര്യമേഖല കൊഴുത്തുവളരുവാന് തുടങ്ങി. ഇതിന്റെ ഫലമായി സാധാരണക്കാര്‍ക്ക് കൂടുതല്‍ ദുരിതങ്ങള്‍ സൃഷ്ടിക്കുന്ന തലത്തിലെത്തി. പണമുള്ളവര്‍ക്ക് മാത്രമായി വികസനപദ്ധതികള്‍ ഒതുങ്ങി. ദാരിദ്ര്യം എക്കാലത്തേക്കാളും സങ്കീര്‍ണമായി വളര്‍ന്നു. ആഗോളതലത്തില്‍ നോക്കിയാല്‍ മുപ്പത്തി ഏഴ് ശതമാനം ഇന്ത്യക്കാരും ദാരിദ്ര്യരേഖയ്ക്ക് താഴെയാണത്രേ! പട്ടണപ്രദേശങ്ങളില്‍ ശരാശരി ഇന്ത്യക്കാരന്റെ പ്രതിദിന വരുമാനം 21 രൂപ 60 പൈസയും ഗ്രാമപ്രദേശങ്ങളില്‍ അത് 14 രൂപ മുപ്പത് പൈസയും മാത്രമാണ്. 421 ദശലക്ഷം പാവപ്പെട്ടവര്‍ ബീഹാര്‍, ഛത്തീസ്ഗഡ്, ജാര്‍ഖണ്ഡ്, മധ്യപ്രദേശ്, ഒറീസ, രാജസ്ഥാന്, ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍ എന്നീ എട്ട് ഇന്ത്യന്‍ സംസ്ഥാനങ്ങളിലുണ്ടെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു. ഈ സംഖ്യ 26 ആഫ്രിക്കന്‍ രാജ്യങ്ങളിലെ പാവപ്പെട്ടവരെക്കാള്‍ കൂടുതലാണ്. ലോകബാങ്ക് വൃത്തങ്ങള്‍ പറയുന്നത് 2015 ല്‍ 53 ദശലക്ഷം ആളുകളെങ്കിലും ലോകത്ത് പരമദരിദ്രരായി തീരുമെന്നാണ്. അഴിമതിയും വികലമായ വികസന കാഴ്ചപ്പാടുമാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്.
അഴിമതിയുടെ കാര്യത്തില്‍ ലോകത്തെ പത്തുരാജ്യങ്ങളില്‍ ഇന്ത്യയും ഉള്‍പ്പെടുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ലോകത്തിലെ 49 ശതമാനം ശരാശരി തൂക്കമില്ലാത്ത കുട്ടികളില്‍ 46 ശതമാനവും ഇന്ത്യയിലാണത്രേ. അതായത് വളര്‍ന്നുവരുന്ന തലമുറ ആരോഗ്യമില്ലാത്തവരും പരമദരിദ്രരുമാണെന്ന സത്യം നാം തിരിച്ചറിയണം. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഭരണകൂടങ്ങളുടെ വികസനത്തിന്റെ ഗുണഭോക്താക്കള്‍ പാവപ്പെട്ട ജനവിഭാഗമായിരുന്നില്ലെന്നത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കണക്കുകള്‍ പരിശോധിച്ചാല്‍ വ്യക്തമാകും. റോഡുപണികള്‍ക്കും കെട്ടിട നിര്‍മാണങ്ങള്‍ക്കും വേണ്ടിയാണ് ഭരണ നേതൃത്വം ഏറ്റവും കൂടുതല്‍ തുക ചെലവാക്കിയിരിക്കുന്നത്. കൃഷിയുടെ പുരോഗതി, ജല സംരക്ഷണം, ഊര്‍ജ്ജ പ്രതിസന്ധി തീര്‍ക്കല്‍, ആരോഗ്യ സംരക്ഷണം, തൊഴില്‍ ലഭ്യത ഉറപ്പാക്കല്‍, പരമ്പരാഗത തൊഴില്‍ രംഗം, മത്സ്യബന്ധനം, സാമൂഹ്യക്ഷേമം, അഴിമതി നിര്‍മാര്‍ജ്ജനം തുടങ്ങിയ സാധാരണ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ വികസനപരിപാടികള്‍ക്ക് കാര്യമാത്ര പ്രസക്തമായ ഊന്നല്‍ നല്കുന്നതില് കഴിഞ്ഞ ഒരു പതിറ്റാണ്ടായി ഭരണനേതൃത്വം അമ്പേ പരാജയപ്പെട്ടിരിക്കുന്നു. അത് സംസ്ഥാനത്തെ ദരിദ്ര്യവിഭാഗത്തിന്റെ എണ്ണത്തിലും വ്യാപ്തിയിലും ദുരിതത്തിലും വന്‍ വര്ധനവാണുണ്ടാക്കിയിരിക്കുന്നത്. ഈയൊരു പതിറ്റാണ്ടിലാണ് ഏറ്റവും കൂടുതല്‍ ആത്മഹത്യകളും പട്ടിണിമരണങ്ങളും നടന്നിട്ടുള്ളത്.
കടം വാങ്ങി ആഡംബര ജീവിതം നയിക്കുന്നതില്‍ മലയാളികള്‍ ഒട്ടും പുറകിലല്ലാത്തതിനാലാണ് പ്രത്യക്ഷത്തില്‍ ദാരിദ്ര്യം പുറത്തു കാണാത്തത്. അഭ്യസ്തവിദ്യരായ തൊഴിലില്ലാത്തവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണ്. തൊഴില്‍ മൗലിക അവകാശമായി പ്രഖ്യാപിച്ച് തൊഴിലെടുക്കുവാന്‍ പ്രാപ്തിയുള്ളവര്‍ക്ക് തൊഴില്‍ ലഭ്യത ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. അസംഘടിത മേഖലയിലെ തൊഴിലാളികളുടെ സംരക്ഷണത്തിന് വ്യക്തമായ നിയമം പോലുമില്ല. എല്ലാ തൊഴില്‍ മേഖലയിലും ഉയര്‍ന്ന കൂലിയും താഴ്ന്ന കൂലിയും തമ്മിലുള്ള അനുപാതത്തിന്റെ പരമാവധി നിജപ്പെടുത്തേണ്ടതുണ്ട്. ചെറുകിട വ്യാപാരമേഖലയിലെ കുത്തകവല്‍ക്കരണം തടയുവാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തതിനാല്‍ ചെറുകിട കച്ചവടക്കാര്‍ നിരാശരാണ്. പ്രാദേശിക കര്‍ഷകരേയും ഉല്‍പ്പാദകരെയും സംരക്ഷിക്കുന്ന വിധത്തില്‍ ഇറക്കുമതി കയറ്റുമതി നിയന്ത്രണം കാര്യമാത്ര പ്രസക്തമായ രീതിയില്‍ നടപ്പാക്കിയില്ലെങ്കില്‍ ചെറുകിട കച്ചവടക്കാരേയും ഉല്‍പ്പാദകരേയും കടക്കെണിയിലേയ്ക്കും ആത്മഹത്യയിലേയ്ക്കും തള്ളിവിടുന്നതിന് തുല്യമായിരിക്കും. തീരദേശ നിയന്ത്രണ നിയമം കര്‍ശനമായി നടപ്പാക്കാത്തതിനാല്‍ ചെറുകിട മത്സ്യത്തൊഴിലാളികള്‍ ദുരിതത്തിലാണ്. മത്സ്യപ്രജനനത്തിന് കോട്ടം തട്ടുന്ന ജല സ്രോതസ്സുകളുടെ മലിനീകരണത്തിന് നിയന്ത്രണമില്ലാതെ പാവപ്പെട്ട മത്സ്യത്തൊഴിലാളികളെ സര്‍ക്കാരിന്റെ വികസനത്തിന്റെ ഗുണഭോക്താക്കളാകാന്‍ എങ്ങനെ കഴിയും. വിദേശ ട്രോളറുകളെ നിയന്ത്രിക്കാതെയും സംസ്ഥാനത്തെ മത്സ്യമേഖലയെക്കുറിച്ച് സമഗ്രമായി പഠിക്കാതെയും ഈ രംഗത്തെ വിവിധ ഏജന്‍സികളെ ഏകോപിപ്പിക്കാതെയും മത്സ്യമേഖലയില്‍ ജോലി ചെയ്യുന്നവരുടെ തൊഴില്‍ ലഭ്യത ഉറപ്പാക്കുന്നതെങ്ങനെ? മത്സ്യത്തിന്റെ സംസ്ക്കരണം, വിപണനം എന്നീ മേഖലകളിലെ ഇടത്തട്ടുകാരെ ഒഴിവാക്കാതെയും പൊതുമേഖലാ സ്ഥാപനങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്താതെയും മത്സ്യബന്ധനമേഖലയില്‍ വികസനം എങ്ങനെ കൊണ്ടുവരാനാകും.
സ്വകാര്യമേഖലയ്ക്ക് കരിമണല്‍ ഖാനനം നടത്തുവാന്‍ അനുമതി നല്കുന്ന ഇന്നത്തെ സര്‍ക്കാര്‍ നയം മത്സ്യമേഖലയെ തകര്‍ക്കുമെന്നതില്‍ തര്‍ക്കമില്ല. ഇവിടെയാണ് ആര്‍ക്ക് വേണ്ടിയാണ് വികസനം എന്ന ചോദ്യം പ്രസക്തമാകുന്നത്. നമ്മുടെ പ്രകൃതിവിഭവങ്ങളായ മണല്‍, മണ്ണ്, വെള്ളം, പാറ, മറ്റു ധാതുക്കള്‍, കളിമണ്ണ് എന്നിവ എടുത്ത് വില്ക്കുവാന് സ്വകാര്യ കമ്പനികളെ നിയമങ്ങള്‍ മറികടന്ന് അനുവദിക്കുമ്പോള്‍ അതെങ്ങനെ വികസനമാകും? ഇവിടത്തെ സാധാരണക്കാരന് സര്‍ക്കാരിന്റെ ഈ വികസനനയത്തില്‍ എന്ത് നേട്ടമാണ് ലഭിക്കുക. വനിതാക്ഷേമം, ശിശുക്ഷേമം, ദളിത്-ആദിവാസി-പിന്നോക്ക സമുദായങ്ങള്‍, ന്യൂനപക്ഷം, വൃദ്ധജനക്ഷേമം, പ്രവാസിക്ഷേമം തുടങ്ങിയ സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ വികസന പ്രവര്‍ത്തനങ്ങള്‍ കാര്യമാത്ര പ്രസക്തമായി നടത്താതെ എങ്ങനെയാണ് വികസനം താഴെത്തട്ടില്‍ എത്തുക. ആരോഗ്യമേഖലയും വിദ്യാഭ്യാസ മേഖലയും കൂടുതലായി സ്വകാര്യവല്‍ക്കരണവും മാത്രമാണ് വികസനമെന്ന കാഴ്ചപ്പാടോടെ വികസനം നടപ്പാക്കിയാല്‍ അത് സാധാരണക്കാരുടെ ജീവിതത്തെയാണ് ബാധിക്കുക. എക്സ്പ്രസ് ഹൈവേകളും വിമാനത്താവളങ്ങളും മദ്യഷാപ്പുകളും സാമ്പത്തിക സ്രോതസ്സുകളും സ്വകാര്യവല്‍ക്കരണം മാത്രമാണ് വികസനമെന്ന കാഴ്ചപ്പാടോടെ വികസനം നടപ്പാക്കിയാല്‍ അത് സാധാരണക്കാരനില്‍നിന്ന് വിദൂരമായ വികസനമായിരിക്കും. കാടു നശിപ്പിച്ച് അണക്കെട്ട് കെട്ടിയാല്‍ മാത്രമേ വികനം സാധ്യമാകൂ എന്ന് ശഠിക്കുന്ന രാഷ്ട്രീയ നേതാക്കള്‍ക്ക് മഴയില്ലാത്തതിനാല്‍ വൈദ്യുതി ഉല്‍പ്പാദനം നടക്കാത്തതിനോട് എന്താണ് പറയാനുള്ളത്. കോടികള്‍ ചെലവഴിച്ച് പ്രകൃതി നശിപ്പിച്ച് വനവും വന്യജീവികളേയും വംശനാശത്തിന് വിട്ടുകൊടുത്ത് കെട്ടിപ്പൊക്കുന്ന അണക്കെട്ടുകളില്‍ വെള്ളം നിറയാത്തതിന്റെ കാരണം കണ്ടെത്തി പരിഹാരം നടത്തുമ്പോഴാണ് ശരിയായ വികസനമാകുന്നത്. നിലവിലുള്ള അണക്കെട്ടുകളുടെ ശേഷി വര്‍ധിപ്പിക്കാനായാല്‍ പുതിയ ഡാം വേണ്ടെന്ന് വയ്ക്കാനാകും. ഊര്‍ജ്ജമേഖലയിലെ പ്രതിസന്ധി തീര്‍ക്കാന്‍ ശാസ്ത്രീയമായ മാര്‍ഗ്ഗങ്ങളാണ് ആരായേണ്ടത്. ജനങ്ങളെ കുടിവെള്ളക്ഷാമത്തിലേയ്ക്ക് തള്ളിവിടുന്ന വികസന പ്രവര്‍ത്തനങ്ങള്‍ തീര്‍ച്ചയായും കുടിവെള്ള ലോബികളെ സഹായിക്കാനാണ്. അതുകൊണ്ട് സര്‍ക്കാരിന്റെ വികസന പദ്ധതികള്‍ കൊണ്ട് സാധാരണക്കാരന് പ്രയോജനം ലഭിച്ചില്ലെങ്കില്‍ അത് വികസനപദ്ധതിയാകില്ലെന്നത് തീര്‍ച്ചയാണ്.
ഡോ.സി.എം.ജോയി
പ്രതികരിക്കാൻ ഇവിടെ എഴുതുക: