കൊച്ചി: ‘മായം’ വിപണി ശക്തമാകുന്നു. മനുഷ്യനെ രോഗികളാക്കി കൊല്ലുന്ന മാരകമായ മായം വിപണിയിലൂടെ കോടികള്‍ കൊയ്യുകയാണ് മായം ചേര്‍ക്കല്‍ സംഘം. ഭക്ഷണങ്ങള്‍, ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍, കുടിവെള്ളം, പാനീയങ്ങള്‍, പഴങ്ങള്‍, മലഞ്ചരക്കുകള്‍, പച്ചക്കറികള്‍, സൗന്ദര്യ വര്‍ധക വസ്തുക്കള്‍ തുടങ്ങി ഒടുവിലിതാ മരുന്നിലും മായം ചേര്‍ക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തില്‍ മായം വിപണി സംഘം കോടികളുടെ നേട്ടമാണുണ്ടാക്കുന്നതെന്ന് വിവിധ വ്യാപാര കേന്ദ്രങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. നിയമങ്ങളും നിയമ സംവിധാനങ്ങളും നോക്കുകുത്തിയാക്കി മാറ്റി. മായം ചേര്‍ക്കല്‍ സംഘം ശക്തമാകുമ്പോള്‍ ജനം പണം നല്കി വിഷം വാങ്ങുന്ന ജീവികളായി മാറുകയാണ്.
അതിര്‍ത്തി കടന്നെത്തുന്നവയും അതിര്‍ത്തി താണ്ടി പോകുന്നവയിലും സര്‍വത്ര മായം കണ്ടുതുടങ്ങുമ്പോള്‍ ഗുണമേന്മ ഉല്‍പ്പന്ന വിപണി തകര്‍ക്കുകയും വ്യാപാര-വാണിജ്യ കേന്ദ്രങ്ങളിലൂടെ സാമ്പത്തിക മേഖലയിലും വന്‍ തിരിച്ചടിയാണ് മായം വിപണി സൃഷ്ടിക്കപ്പെടുന്നത്.
പുറം ഭക്ഷണശാലകള്‍ കേന്ദ്രീകരിച്ച് നടക്കുന്ന മായം വിപണി ജനങ്ങളിലുണ്ടാകുന്ന ഞെട്ടല്‍ അതിഭീകരമാകുകയാണ്. പ്രതിവര്‍ഷം 6000 കോടിയിലേറെ രൂപയുടെ വിപണിയാണ് സംസ്ഥാനത്തെ ഭക്ഷണശാലകളുടെതെന്നാണ് പ്രാഥമിക കണക്ക് കൂട്ടല്‍. മായം ചേര്‍ക്കലിലൂടെ ശരാശരി പത്ത് ശതമാനം വിപണി നഷ്ടം കണക്കാക്കിയാല്‍ 800 കോടി രൂപയാണ്. ഹോട്ടല്‍ ഉപഭോക്താവിലൂടെ മായം വിപണി സംഘം നേടുന്നതെന്ന് ഭക്ഷണശാല കേന്ദ്രങ്ങള്‍ രഹസ്യമായി സമ്മതിക്കുന്നു. ഉന്നത കേന്ദ്രങ്ങള്‍ മുതല്‍ താഴെത്തട്ടിലുള്ള നിയമ നിയന്ത്രണ സംവിധാനങ്ങള്‍ പ്രതിവര്‍ഷം 90 കോടിയോളം രൂപയാണ് ഇതിലൂടെ വഴിവിട്ട് നേടുന്നതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ഭക്ഷണശാലകളിലെ പരിശോധനയില്‍ ആശങ്കപ്പെടുന്ന ഉപഭോക്താക്കള്‍ വീടുകളിലെ അടുക്കളയിലെത്തുന്ന മായം വിപണിയെയും തിരിച്ചറിഞ്ഞ് തുടങ്ങിയിട്ടുണ്ട്. പാരഫിന്‍ മുതല്‍ മൃഗക്കൊഴുപ്പ് കലര്‍ന്ന ഭക്ഷ്യ എണ്ണകള്‍, മാരക രാസപദാര്‍ത്ഥങ്ങളടങ്ങിയ പരിപ്പുല്പ്പന്നങ്ങള്, ഇഷ്ടികപ്പൊടി മുതല്‍ ഇലപ്പൊടികള്‍ വരെ കലര്‍ത്തിയ മസാലപ്പൊടി കൂട്ടുകള്‍, നിറങ്ങള്‍ കലര്‍ത്തിയ അരി, മരപ്പൊടികള്‍ ചേര്‍ത്ത തേയില-കാപ്പി പാക്കറ്റുകള്‍, ഡിറ്റര്‍ജന്റ് പൊടി കലര്‍ത്തിയ പാലുല്‍പ്പന്നങ്ങള്‍, നിരോധിത രാസവസ്തുക്കള്‍ പുരട്ടിയ ഫലങ്ങളും പഴങ്ങളും രോഗികളെ സൃഷ്ടിക്കുന്ന ഹോര്‍മോണുകള്‍ കുത്തിവെച്ച പച്ചക്കറി-പഴം ഉല്‍പ്പന്നങ്ങള്‍, ആകര്‍ഷണീയതയുടെ നിറങ്ങള്‍ ചാലിച്ച ഫലങ്ങള്‍ തുടങ്ങി അടുക്കളയിലെത്തുന്ന 70 ശതമാനം ഇനങ്ങളും മായം കലര്‍ന്നവയാണെന്ന് സര്‍ക്കാര്‍ ഏജന്‍സി വൃത്തങ്ങള്‍ മൗനാനുവാദത്തോടെ സമ്മതിക്കുന്നുണ്ട്. പ്രതിവര്‍ഷം 2000 കോടിയിലേറെ രൂപയാണ് അടുക്കള വിപണിയുടെ മായം ചേര്‍ക്കല്‍ സംഘം നേടുന്നതെന്നാണ് വിലയിരുത്തല്‍. ഭക്ഷ്യവസ്തുക്കളിലെ മായം ചേര്‍ക്കലിലൂടെ ക്യാന്‍സര്‍ മുതല്‍ ബുദ്ധിമാന്ദ്യവും വന്ധ്യതയുംവരെയുള്ള പ്രതിഫലനങ്ങളാണ് മനുഷ്യ ശരീരത്തിലുണ്ടാകുക. ഹൃദയം, കരള്‍, കിഡ്നി, കണ്ണ്, മസ്തിഷ്ക്കം തുടങ്ങി സുപ്രധാന ശരീരാവയവങ്ങളെ തകരാറിലാക്കുന്നതിനും ഭക്ഷ്യവസ്തുമായം കാരണമാകുമെന്ന് ആരോഗ്യ മേഖല വിദഗ്ദ്ധരും പറയുന്നു.
സൗന്ദര്യവര്‍ധക വസ്തുക്കളിലും പാനീയങ്ങളിലും വ്യാപകമായി മായം കണ്ടെത്തിയതായി വിവിധ ലാബറട്ടറി റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തിക്കഴിഞ്ഞു. കുടിവെള്ളത്തില്‍ മനുഷ്യ വിസര്‍ജ്ജനത്തിന്റെ കോളിഫോം ബാക്ടീരിയയുടെ 400 ഇരട്ടി സാന്നിദ്ധ്യവും പാലില്‍ ഡിറ്റര്‍ജന്റ് മിശ്രിതവും ഇന്ധനങ്ങളില്‍ വിലകുറഞ്ഞ മറ്റ് ഇന്ധനങ്ങളുമാണ് മായം രൂപത്തില്‍ കണ്ടുവരുന്നത്. മുട്ട-മാംസം വിപണിയില്‍ മായത്തിന്റെ രൂപത്തിലെത്തുന്നത് ഉപയോഗശൂന്യമായവയുടെ മിശ്രിതമായാണെന്ന് ആരോഗ്യവകുപ്പ് മേഖലയിലുള്ളവര്‍ പറയുന്നു. അറവുമാടുകളുടെ രോഗനിര്‍ണയം, ഇറച്ചി കേടു വരാതിരിക്കാനുള്ള രാസമിശ്രിത ലേപനം, ശുചിത്വമില്ലാത്ത സാഹചര്യം, പഴകിയ ഇറച്ചിയുടെ മിശ്രിതം തുടങ്ങിയവയാണ് മാംസ വിപണിയിലെ മായം. സിറിഞ്ചുകളുപയോഗിച്ച് മുട്ടകളില്‍ രാസവസ്തുക്കള്‍ നിറച്ച് മുട്ട കേടുവരാതിരിക്കുവാനുള്ള ശ്രമങ്ങളും നടന്നുവരുന്നതായും മുട്ട-മാംസ വിപണന കേന്ദ്രങ്ങള്‍ പറയുന്നു. പ്രതിവര്‍ഷം 500 കോടിയോളം രൂപയുടെ നേട്ടമാണ് മാംസം-മുട്ട വിപണിയിലെ മായം സംഘം നേടുന്നതെന്നുമാണ് കണക്ക് കൂട്ടല്‍.
സൗന്ദര്യവര്‍ധക വസ്തുക്കളില്‍ ധാന്യപ്പൊടികള്‍ മുതല്‍ മരങ്ങളുടെ തൊലികൊണ്ടുള്ള പൊടികള്വരെ മിശ്രിതമായി ചേര്‍ത്താണ് മായം വിപണി ലാഭം നേടുന്നത്. പ്രതിവര്‍ഷം 80 കോടിയിലേറെ രൂപയുടെ സൗന്ദര്യവര്‍ധക വസ്തു വിപണിയിലൂടെ പത്ത് കോടിയിലേറെ രൂപയാണ് മായം ചേര്‍ക്കല്‍ സംഘം നേടുന്നത്.
ആന്റിബയോട്ടിക് മരുന്നുകളടക്കം രാജ്യത്തെ ഔഷധ വിതരണ മേഖലയില്‍ അഞ്ഞൂറിലേറെ മരുന്നുകള്‍ വ്യാജവും ഗുണനിലവാരമില്ലാത്തതുമാണെന്ന് ഡ്രഗ് കണ്ട്രോള് വിഭാഗം തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതാണ്. കൂടാതെ ആയുര്‍വേദ ഔഷധ മരുന്നുകളിലും വ്യാജനും ഫലം കുറഞ്ഞ മരുന്നു ലായനി മിശ്രിതങ്ങളും കണ്ടു തുടങ്ങിയതായി സെന്റര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ മെഡിസിന് വ്യക്തമാക്കുകയും ചെയ്തു കഴിഞ്ഞു.
രാജ്യത്ത് മരണകാരണങ്ങളില്‍ 80 ശതമാനത്തോളം ഭക്ഷ്യ-കുടിവെള്ളമരുന്നുകളിലെ വ്യാജന്മാരും മായവും മൂലമാണെന്ന് വിവിധ ഏജന്‍സികള്‍ വ്യക്തമാക്കി കഴിഞ്ഞു.
സ്വതന്ത്രഭാരത്തില്‍ 1947 ലെ വെജിറ്റബിള്‍ ഓയില്‍ പ്രോഡക്ട്സ് (കണ്ട്രോള്)ഓര്‍ഡര്‍ മുതല്‍ 2005 ലെ അഡള്‍ട്ടറേഷന്‍ ആക്ട് ഭേദഗതി വരെയായി 20 ലേറെ നിയമവ്യവസ്ഥാ നിരോധന നിയമങ്ങളാണ് നിലവിലുള്ളത്. ആറ് മാസം മുതല്‍ ആജീവനാന്ത തടവുശിക്ഷ വരെയും വന്‍ പിഴയും ചുമത്താവുന്ന നിയമങ്ങളുണ്ടായിട്ടും മായം ചേര്‍ക്കല്‍ സംഘം ശക്തമായി മുന്നേറി കോടികള്‍ കൈക്കലാക്കുമ്പോള്‍ ഭരണ സംവിധാനങ്ങളും നിയമങ്ങളും നോക്കുകുത്തികളായി. മനുഷ്യജീവനുകളെ “മായം” വിപണിയുടെ ഇരകളാക്കി മാറ്റുകയാണ്. ഗുണനിലവാരത്തകര്‍ച്ചയും മായവും വ്യാപകമാകുമ്പോള്‍ അതിര്ത്തികടന്നെത്തുന്നവയും താണ്ടുകയും ചെയ്യുന്ന ഉല്‍പ്പന്നങ്ങളിലൂടെ രോഗികളാകുകയാണ് ഉപഭോക്താക്കള്‍.
എസ്.കൃഷ്ണകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: