‘വിശാല്‍ ശാന്തനായി ഉറങ്ങുന്നു
പെറ്റമ്മയുടെ പൊട്ടിക്കരച്ചില്‍ കേള്‍ക്കാതെ
പിതാവിന്റെയും ഏക സഹോദരന്റെയും
ആത്മനൊമ്പരങ്ങള്‍ ഏറ്റുവാങ്ങാതെ
ഓരോ ഉണര്‍വിലും മുറവിളികൂട്ടുന്ന
പോറ്റമ്മയായ വിജയമ്മയുടെ
ചുടു കണ്ണീരിന്റെ ചൂടും ചൂരും അറിയാതെ
നിശബ്ദരായി കുഴിമാടത്തില്‍ വന്നു പോകുന്ന
കൂട്ടുകാര്‍ക്ക് ചിരി സമ്മാനിക്കാതെ
നാട്ടുവഴികളില്‍ വിഷുക്കണിയുമായി വന്ന്
കൈനീട്ടം സമ്മാനിച്ച് കുശലം പറഞ്ഞ് പോകുന്ന
വിശാലിനെ പറ്റി പേര്‍ത്തും പേര്‍ത്തും പറയുന്ന
അമ്മമാരുടെ തേങ്ങലുകളും നെടുവീര്‍പ്പുകളും കാണാതെ
ആത്മമിത്രങ്ങളായ സംഘ സ്വയംസേവകരുടെ അന്ത്യപ്രണാമം ഏറ്റുവാങ്ങി ആര്‍എസ്എസിന്റെ ശ്രീ മഹാദേവ നഗര്‍ മണ്ഡല് ശാരീരിക് ശിക്ഷണ്‍പ്രമുഖായ തനിക്ക് പ്രിയപ്പെട്ട തന്റെ കോട്ടയില്‍ ഉറങ്ങുന്നു. നാടിനാകട്ടെ ഈ വിയോഗം താങ്ങാവുന്നതിലധികമാകുന്നു’.
വിശാലിന്റെ ജീവിതയാമങ്ങള്‍ കോട്ടയിലും അമ്പലപ്പുഴയിലും ഇംഗ്ലണ്ടിലുമായി വ്യാപിച്ചു കിടക്കുന്നു. എങ്കിലും കോട്ടയായിരുന്നു ഏറെ പ്രിയം. ഷണ്മുഖേട്ടന്റെയും സേതുവേട്ടന്റെയും അനന്തേട്ടന്റെയും എ.എം. കൃഷ്ണേട്ടന്റെയുമൊക്കെ വരവു പോക്കുകള്‍ ഏറെ കണ്ട സ്വാത്വികരായ ദേശസ്നേഹികളുടെ കൂട്ടായ്മ ഏറുന്ന നാട് വിശാലിനെ ഏറെ സ്നേഹിച്ചു; വിശാല്‍ അവരെയും.
വിശാലിന്റെ ജനനം സൗദിയിലായിരുന്നു. അച്ഛന് വേണുഗോപാലും അമ്മ സതിയും ആദ്യം സൗദിയിലും പിന്നീട് ലണ്ടനിലുമായിരുന്നു. വിശാലിനെയും ഏക സഹോദരന് വിപിനെയും കോട്ടയില്‍ മുത്തശ്ശിക്കു തുല്യം പോറ്റിയിരുന്നത് കോട്ട പുതുപ്പറമ്പിലെ വിജയമ്മയായിരുന്നു. 9-ാം ക്ലാസിലായിരുന്നപ്പോള്‍ പഠനം തുടര്‍ന്നത് ഇംഗ്ലണ്ടിലായിരുന്നു. കുറച്ചുനാള്‍ അവിടെ പഠിച്ച വിശാലിന് കോട്ടതന്നെ പ്രിയങ്കരമായി. പിന്നീട് പഠനം കിടങ്ങന്നൂര്‍ എസ്വിജിവിവി ഹയര്‍സെക്കന്ററി സ്കൂളിലായിരുന്നു. ഉന്നത നിലയില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ വിശാല്‍ എല്‍എല്‍ബിക്കുള്ള എന്‍ട്രന്‍സ് ടെസ്റ്റും എഴുതിയിരുന്നു.
ഇതിനിടയ്ക്കാണ് കോന്നി എന്‍എസ്എസ് കോളേജില്‍ ബിഎസ് സി ഇലക്ട്രോണിക്സിന് ചേര്‍ന്നത്. റാന്നി കാര്യാലയത്തിലായിരുന്നു താമസം. ഒരാഴ്ചമാത്രമാണ് വിശാലിന് അവിടെ പഠനം തുടരാനായത്. അപ്പോഴേക്കും ദുര്‍വിധി വിശാലിനെ അടര്‍ത്തി മാറ്റുകയായിരുന്നു.
പുതിയ വീടിന്റെ പണിയും വിശാലിന്റെ മേല്‍നോട്ടത്തിലായിരുന്നു. വിശാലിന്റെ ആഗ്രഹത്തിനനുസരണമായി പുതിയ വീടിന്റെ തറയില്‍ വിരിച്ച കാവി നിറമുള്ള ടെയില്‍സും നോക്കിയിരുന്ന് വിശാലിനെ കുറിച്ച് പറഞ്ഞ് പറഞ്ഞ് തേങ്ങുന്ന പിതാവ് ഇനിയും തന്റെ ആഗ്രഹം പ്രിയ പുത്രന്റെ ആശയാഭിലാഷത്തിനനുസരിച്ച് സമരസപ്പെട്ടുപോകാനാണെന്ന് പറയാന്‍ മടിക്കുന്നില്ല.
കേവലം ഒരു ക്യാംപസ് സംഘട്ടനത്തിന്റെ ഫലമല്ലായിരുന്നു വിശാലിന്റെ അരുംകൊല. സമൂഹത്തിലെ സഹോദരിമാര്ക്കുവേണ്ടിയുള്ള സമര്‍പ്പണമായിരുന്നു അത്. സ്വന്തം നാട്ടില്‍ നിന്നും ഉന്നത വിദ്യാഭ്യാസമുള്ള ഒരു ഹിന്ദു പെണ്‍കുട്ടി ലൗജിഹാദിന്റെ ഇരയായപ്പോള്‍ കൂടപ്പിറപ്പുകളായി സഹോദരികളില്ലാത്ത വിശാല്‍ ഏറെ വേദനിച്ചു. വീണ്ടും ലൗജിഹാദിന്റെ കഴുകന് കണ്ണുകള്‍ കോട്ടയില്‍ നിന്നുതന്നെ ഇരകളെ തേടാന്‍ ഒരുങ്ങുമ്പോള്‍ വിശാല്‍ പ്രതിരോധത്തിന്റെ അഭിമന്യുവായി മാറുകയായിരുന്നു. അതിനുള്ള പ്രതികാരമായാണ് തായ്ക്കോണ്ട (കൊറിയന്‍ രീതി) പരിശീലനം സിദ്ധിച്ചവരെ തന്നെ ഈ കുരുന്നിനെ വക വരുത്തുവാന്‍ ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജ് കവാടത്തിലേക്കയച്ചത്. പ്രവേശനോത്സവത്തില്‍ ആശംസകള്‍ അര്‍പ്പിക്കാനെത്തിയ വിശാലിനേറ്റ ദുര്‍വിധി അക്ഷരാര്‍ത്ഥത്തില്‍ ഒരു നാടിനെ ദുഖകടലാക്കിയിരിക്കുന്നു. ആ ദുഖത്തിലും ഞങ്ങള്‍ പ്രതീക്ഷവക്കുന്നത് ഋഷിയായ കവിയുടെ
“ഭീതിവരുന്നത് ധര്മ്മദുഖകടലില്
നീന്തിയാണെന്ന് പരമാര്‍ത്ഥം
ഞാനറിയുന്നുണ്ടു കുഞ്ഞേ” എന്ന വാക്കുകളിലാണ്.
ഒപ്പം സമൂഹത്തിന്റെ രക്ഷക്കായി ജാഗ്രതയും ഒത്തൊരുമയും കാത്തു സൂക്ഷിക്കാനുള്ള കര്‍മ്മ പദ്ധതികളില്‍ ആത്മാര്‍ത്ഥമായി ഏര്‍പ്പെടുക ഒന്നുമാത്രമാണ് വിശാലിനായി നമ്മള്‍ക്ക് അര്‍പ്പിക്കാവുന്ന ശ്രദ്ധാഞ്ജലി. ഓരോ സുമനസ്സും അങ്ങനെ ചിന്തിക്കുമ്പോള്‍ വിശാല്‍ നമ്മളില്‍നിന്നും വേര്‍പെടില്ല, തീര്‍ച്ച.
പി.ഹരികൃഷ്ണന്, കോട്ട
പ്രതികരിക്കാൻ ഇവിടെ എഴുതുക: