“അഭിനയിക്കുകയല്ല, ഞാന്‍ ജീവിക്കുകയാണ്. ഇവിടെ വെള്ളിവെളിച്ചം വീശുന്ന ലൈറ്റുകളില്ല. തിക്കും തിരക്കും ബഹളവുമില്ല. സ്റ്റാര്‍ട്ട് എന്നും ആക്ഷന്‍ എന്നുള്ള നിര്‍ദ്ദേശങ്ങളില്ല. ഇത് ഭരതന് സംവിധാനം ചെയ്ത ഒരു ‘സായാഹ്നത്തിലെ സ്വപ്ന’മെന്ന സിനിമ പോലൊരുവീട്.
ഇവിടെ ഞാനും എന്നെപ്പോലെ ഏതാനും പേരുമുണ്ട്. എങ്ങനെയോ ഒറ്റപ്പെട്ടുപോയ കുറെ ജീവിതങ്ങള്‍… ജീവിതമെന്നത് റീടേക്കുകളില്ലാത്ത സിനിമയാണെന്ന് ഞാന്‍ തിരിച്ചറിയുന്നു” ഇത് പറയുന്നത് വേണു നാരായണന്. ചിലപ്പോള്‍ പേരുകേട്ട് ആരും തിരിച്ചറിയണമെന്നില്ല. “മുന്‍ഷി വേണു” അങ്ങനെ പറഞ്ഞാല്‍ ഒരുപക്ഷേ ഏവരുടേയും ഓര്‍മകളിലേക്ക് ഓടിയെത്തും. പിന്നെ ഒന്നും പറയേണ്ട.
മലയാളത്തില്‍ അറുപതോളം സിനിമകളില്‍ ചെറുതും വലുതുമായ വേഷമിട്ട വേണു. ഒറ്റഷോട്ടേ ഉള്ളുവെങ്കിലും അത് പ്രേക്ഷകരുടെ മനസ്സില്‍ പ്രതിഷ്ഠിക്കുന്ന കലാകാരന്. വഴുതക്കാട് വേണുവില്‍ നിന്ന് മുന്ഷിവേണുവായും ഇപ്പോള്‍ വേണു നാരായണന് എന്നുമാത്രവും അറിയപ്പെടാന്‍ ആഗ്രഹിക്കുന്ന അറുപതുകാരന്.
സിനിമയിലെ വേണുവിനെകണ്ട് പ്രേക്ഷകര്‍ ചിരിച്ചിട്ടുണ്ട്. മുന്‍ഷിയിലെ വേണു ചിരിക്കുള്ളില്‍ ചിന്തയെ ഒളിപ്പിച്ചു വച്ചു. ജീവിതം മുഴുവന്‍ അലയാന്‍ വിധിക്കപ്പെട്ട കലാകാരന്. സിനിമയെക്കുറിച്ച് നല്ല ബോധവും ബോധ്യവുമുള്ളയാള്. ചെറിയ വേഷമാണെങ്കിലും അഭിനയിച്ച സിനിമകളില്ലാം വേണു നിറഞ്ഞു നിന്നു. എന്നാല്‍ ആഗ്രഹങ്ങള്ക്കൊപ്പമെത്താന് ജീവിതത്തിനായില്ല. ജീവിതം മുഴുവന്‍ അലയാനായിരുന്നു വേണുവിന്റെ വിധി. സിനിമയിലെത്തിയിട്ടും അലച്ചില്‍ നിര്‍ത്താന്‍ കഴിഞ്ഞില്ല. പലപ്പോഴും തെരുവോരങ്ങളിലായിരുന്നു ഉറക്കം. എപ്പോഴും പട്ടിണിയായിരുന്നു. സിനിമാഭിനയിത്തിന് നിര്‍മ്മാതാക്കള്‍ നല്‍കിയിരുന്നത് തുശ്ചമായ ശമ്പളം മാത്രം. നടനായി ആരും പരിഗണിച്ചില്ല.
ജൂനിയര്‍ ആര്ട്ടിസ്റ്റിനോടെന്നപേലെ പെരുമാറി. എല്ലായിടത്തും അവഗണന. ചാലക്കുടിയില്‍ വച്ച് അലഞ്ഞു തിരിയുന്ന വേണുവിനെ തിരിച്ചറിഞ്ഞവരാണ് അഗതിമന്ദിരത്തിലെത്തിച്ചത്. വേണുവിന് ഇപ്പോള്‍ സിനിമാക്കമ്പമില്ല. ഭക്ഷണം കിട്ടുന്നുണ്ട്. വാര്‍ദ്ധക്യത്തിന്റെ രോഗലക്ഷണങ്ങള്‍ അലട്ടുന്നുണ്ടെങ്കിലും കുട്ടനെല്ലൂരിലെ അഭയസദനത്തിലെ ജീവിതത്തോട് പൊരുത്തപ്പെട്ടു കഴിഞ്ഞു.
30 വര്‍ഷത്തിലേറെക്കാലത്തെ തന്റെ സിനിമ അനുഭവങ്ങളും തന്റെ പ്രതീക്ഷകളും നഷ്ടസ്വപ്നങ്ങളും ഓര്‍ത്തെടുക്കുമ്പോള്‍ അതില്‍ സന്തോഷിക്കാനൊന്നുമില്ല. വേണുവിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ബാലന്‍സ് ഷീറ്റ് “സീറോ”. ഒരുപാട് സിനിമാ മോഹങ്ങളുമായി കോടമ്പാക്കത്തേക്ക് യാത്രയായതുമുതല് ഇപ്പോള്‍ ഉറ്റവരാരുമില്ലാത്ത കുട്ടനെല്ലൂരിലെ അഭയം എന്ന അഗതി മന്ദിരത്തില്‍ തന്റെ നഷ്ടസ്വപ്നങ്ങള്‍ സ്മരണയില്‍ കൊണ്ടുവന്ന് ഓരോ ദിവസവും മുന്നോട്ടു നീങ്ങുന്ന വേണു തന്റെ സിനിമാ സ്വപ്നങ്ങളെക്കുറിച്ച് ഓര്‍ത്തെടുക്കുന്നു.
പ്രീഡിഗ്രി കഴിഞ്ഞ് മനസ്സില്‍ ബിഎക്കാരണാകണമെന്ന മോഹം. പക്ഷെ അതിലേക്കാളേറെ ഒരു സിനിമാസംവിധായകനാകണമെന്ന അഭിലാഷം. വീട്ടുകാരോട് പറഞ്ഞപ്പോള്‍ ഒരാളും അനുകൂലമായി ഒന്നും പറഞ്ഞില്ല. അച്ഛനും അമ്മയ്ക്കും ഇഷ്ടമായില്ല. പക്ഷെ എതിര്‍ത്തില്ല. എന്നാല്‍ സഹോദരിമാരാകട്ടെ (അവരുടെ ഭാഷയില്‍ പറഞ്ഞാല്‍ വൃത്തികെട്ട ഫീല്‍ഡ്) നഖശിഖാന്തം എതിര്‍ത്തു. പക്ഷെ തന്നെ സംബന്ധിച്ചിടത്തോളം ഈ എതിര്‍പ്പുകളൊന്നും ആഗ്രഹത്തെ മേറ്റെവ്ക്കാവുന്നതായിരുന്നില്ല. ഒരേയൊരു ലക്ഷ്യം മാത്രം. സംവിധായകനാവുക. അതും ഭരതന് എന്ന അതുല്യ പ്രതിഭയുടെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചുകൊണ്ട് സംവിധായകനാവുക. ഇതെല്ലാം മനസ്സില്‍ കണ്ടുകൊണ്ടാണ് ഞാന്‍ കോടമ്പക്കാത്തേക്ക് വണ്ടികയറിയത്.
പക്ഷെ ഓരോ അനുഭവവും കയ്പേറിയതായി. തന്റെ ആഗ്രഹം അറിയിച്ചുകൊണ്ട് മുട്ടിയവാതിലുകളെല്ലാം കൊട്ടിയടക്കപ്പെട്ടു. ചിലര്‍ സംവിധായകന്റെ അസിസ്റ്റന്റ് പട്ടികയില്‍ നാലും അഞ്ചും സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചുകൊള്ളാന്‍ അറിയിച്ചെങ്കിലും തന്റെ കരിയര്‍ രക്ഷപ്പെടണമെങ്കില്‍ അതുപോരെന്ന് തോന്നിയതോടെ വേണ്ടെന്നുവച്ചു. പതിനാലു വര്‍ഷക്കാലം കോടമ്പാക്കത്ത് അലഞ്ഞുതിരിഞ്ഞു.
എന്റെ ആഗ്രഹം മാത്രം പൂര്‍ത്തിയായില്ല. ഇതിനിടയില്‍ കടത്തിണ്ണയില്‍ കിടന്നും പച്ചവെള്ളം മാത്രം കുടിച്ചും പലപ്പോഴും ജീവിതം മുന്നോട്ടുനീങ്ങി. ഇതിനിടയില്‍ കോടമ്പാക്കത്തെ ചില പത്രപ്രവര്‍ത്തകര്‍ക്ക് സിനിമ വാര്‍ത്തകള്‍ എഴുതി നല്കി. അവര്‍ നല്കുന്ന ചില്ലറകള്‍ തനിക്ക് ഒരുവേള ആശ്വാസം പകര്‍ന്നു. തന്റെ മോഹം ഒരിക്കലും പൂവണിയില്ലെന്ന് ഉറപ്പിച്ചതോടെ കോടമ്പാക്കം വിട്ട് വീണ്ടും തിരുവനന്തപുരത്തേക്ക് യാത്രയായി.
തിരുവനന്തപുരത്തെത്തിയ തനിക്ക് പക്ഷെ ഈ സമയം ബന്ധുക്കളാരും ഉണ്ടായിരുന്നില്ല. ഇതോടെ അവിടെ നില്‍ക്കുന്നത് ശരിയല്ലെന്ന് തോന്നി. പിന്നീട് കൊച്ചിയിലേക്ക് യാത്രയായി. 86ലാണ് താന്‍ കൊച്ചിയിലെത്തിയത്. അന്നും ഇന്നും തന്നെ സഹായിച്ചുകൊണ്ടിരിക്കുന്ന ജഗതി ശ്രീകുമാറിന്റെ ഒപ്പം നാലുകൊല്ലത്തോളം കൂടി.
ഇതിനിടയില്‍ ജഗതി ഏറെ തിരക്കുള്ള നടനായി. അദ്ദേഹത്തിന്റെ ഒപ്പം യാത്രചെയ്യാന്‍ എനിക്ക് സാധിക്കാതെ വന്നതോടെ വീണ്ടും അലഞ്ഞുതിരിയല്‍. ലോഡ്ജിലും മറ്റും താമസിച്ച് ജീവിതം തള്ളിനീക്കി. ഇതിനിടയിലാണ് ആലുംമൂടന്‍ ചേട്ടന്റെ മരണം. കോട്ടയത്ത് അദ്ദേഹത്തിന്റെ സംസ്കാരചടങ്ങില്‍ പങ്കെടുക്കുന്നതിനും ജഗതിയുമൊത്ത് പോയി. അവിടെ വിശാലമായ പറമ്പില്‍ ഒരു തെങ്ങിന്‍ചുവട്ടില്‍ ഇരിക്കുമ്പോള്‍ തന്റെ ഒരു സുഹൃത്ത് വന്ന് അനില്‍ ബാനര്‍ജിയുമായി പരിചയപ്പെടുത്തി. അദ്ദേഹത്തിന് ജഗതിയുടെ ഒരു ഡേറ്റു വേണം.
ഇക്കാര്യം ജഗതിയുമായി സംസാരിച്ചു. ഒടുവില്‍ അദ്ദേഹം സമ്മതിച്ചപ്പോള്‍ കഥപറയാന്‍ അനിലെത്തി. തുടര്‍ന്ന് ഏതാനും വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോഴാണ് അനില്‍ തന്റെ മുന്‍ഷി ആശയവുമായി തന്റെ മുന്നിലെത്തുന്നത്. എന്നാല്‍ തനിക്ക് അഭിനയിക്കാന്‍ യാതൊരു താല്പര്യവുമില്ലെന്ന് പറഞ്ഞെങ്കിലും അദ്ദേഹത്തിന്റെ നിര്‍ബന്ധത്തിനുവഴങ്ങി മുന്‍ഷിയില്‍ അഭിനയിക്കാമെന്ന് സമ്മതിച്ചു. ആദ്യമൊക്കെ നമ്പൂതിരി ഫലിതങ്ങളായിരുന്നു തെരഞ്ഞെടുത്തിരുന്നത്. എന്നാല്‍ ഒരുവേള കരുണാകരനെതിരെ ഒരു പരാമര്‍ശം ഹാസ്യരൂപത്തില്‍ അവതരിപ്പിച്ചു. ഇത് ക്ലിക്കായതോടെ മുന്‍ഷി രാഷ്ട്രീയത്തിലേക്ക് തിരിഞ്ഞു. ഇത് പ്രേക്ഷകരില്‍ വല്ലാത്ത ചലനമുണ്ടാക്കി.
എന്നാല്‍ മുന്‍ഷിയില്‍ അഭിനയിച്ചുകൊണ്ടിരിക്കുമ്പോള്‍ മറ്റ് മേഖലകളിലേക്ക് പോകരുതെന്ന നിബന്ധന ഏറെ വലച്ചു. ഒടുവില്‍ താനടക്കം എട്ടുപേര്‍ മുന്‍ഷിയില്‍ നിന്നും വിട്ടു. ഇതിനിടയിലാണ് കമല്‍ തന്നെ വിളിക്കുന്നത്. ദിലീപ് നായകനായുള്ള പച്ചക്കുതിരയില്‍ ഒരു വേഷം അഭിനയിക്കണമെന്നു പറഞ്ഞു. ജീവിതം വഴിമുട്ടിനില്ക്കുന്ന സമയത്ത് ഭക്ഷണത്തിനും ലോഡ്ജിലെ വാടക നല്കുന്നതിനുമായി ഒടുവില്‍ കമലിന്റെ പടത്തില്‍ അഭിനയിക്കാമെന്ന് സമ്മതിച്ചു.
പിന്നീട് അറുപതോളം സിനിമകളിലാണ് താന്‍ അഭിനയിച്ചത് കഥ പറയുമ്പോള്‍, ഛോട്ടാ മുംബൈ, പളുങ്ക്, ഇവിടം സ്വര്‍ഗമാണ് തുടങ്ങിയവയെല്ലാം ഇതില്‍ പെടും. എന്നാല്‍ ഇതുകൊണ്ടൊന്നും തന്റെ ജീവിതം മുന്നോട്ടുപോകില്ലെന്ന് തനിക്കറിയാമായിരുന്നു. ഇതിനിടയില്‍ തന്റെ ഒരു കണ്ണിന് തിമിരം പിടിപെട്ടു. ശസ്ത്രക്രിയ നടത്തണമെങ്കില്‍ പണമില്ല. ഇതിന് തന്നെ സഹായിച്ചത് മനുഷ്യത്വമുള്ള കലാകാരനായ ശ്രീനിവാസനാണ്. സത്യം പറഞ്ഞാല്‍ എന്റെ ഒരു കണ്ണ് ശ്രീനിവാസന്റേതാണ്. തന്റെ ജീവിതത്തില്‍ എന്നും ശ്രീനിവാസനും ജഗതിയും മാത്രമാണ് സഹായത്തിനെത്തിയിട്ടുള്ളത്. ജാടകളില്ലാത്ത ഒരു സിനിമാ കലാകാരനാണ് ശ്രീനിവാസന്.
ഇപ്പോള്‍ തനിക്ക് അറുപത് വയസ്സ് കഴിഞ്ഞു. അച്ഛനമ്മമാരുടെ ആഗ്രഹത്തിനനുസരിച്ച് മകന് എന്ന കടമ നിറവേറ്റാന്‍ കഴിയാത്ത ദുഃഖം തന്നെ ഇപ്പോഴും അലട്ടുന്നു. സിനിമയില്‍ ഇപ്പോഴും നിരവധി ഓഫറുകള്‍ തന്നെത്തേടിയെത്തുന്നുണ്ട്. എല്ലാം ചെറിയ വേഷങ്ങള്‍ തന്നെ. പക്ഷെ ഇനി ഒന്നിനും പോകുന്നില്ല. ‘അഭയ’ത്തിലെ അന്തേവാസികള്‍ക്കൊപ്പം കഴിയുക. ഇവിടുത്തെ ചിട്ടവട്ടങ്ങള്‍ക്കനുസരിച്ച് നില്ക്കുക. ഇതു മാത്രമാണ് ഇപ്പോള്‍ തന്റെ മനസ്സില്‍.
കാലമെല്ലാം മാറി. യുവതലമുറയുടെ ട്രെന്റാണ് ഇപ്പോള്‍. ഇതിനനുസരിച്ച് തുള്ളാന്‍ തനിക്ക് വയ്യ. ഇനി തനിക്ക് പത്തുലക്ഷം രൂപ തന്ന് നായകനാക്കാമെന്ന് പറഞ്ഞാലും ഇല്ല. ഒപ്പം തന്റെ കുട്ടിക്കാലം മുതലുള്ള ആഗ്രഹമായ സംവിധായകനെന്ന മോഹവും താന്‍ പറിച്ചുകളഞ്ഞതായി തന്റെ ജീവിതാനുഭവങ്ങള്‍ വിവരിച്ച് വേണു നിര്‍ത്തി. ഒപ്പം പുതിയ സിനിമാ കാലഘട്ടത്തെക്കുറിച്ച് രണ്ട് വാക്ക് ഇങ്ങനെ പറഞ്ഞു.
സമൂഹത്തിനോട് ഇപ്പോള്‍ യാതൊരു പ്രതിബദ്ധതയും ആര്‍ക്കും ഇല്ല. അഭിനേതാക്കള്ക്കാണെങ്കില് പണം കിട്ടും. എങ്ങിനെയെങ്കിലും അഭിനയിച്ചു തീര്‍ക്കുക. സംവിധായകനാകട്ടെ നിര്‍മാതാവ് നല്കുന്ന രണ്ടോ മൂന്നോ കോടി രൂപ അത് എങ്ങിനെയെങ്കിലും തീര്‍ക്കുക.
അവാര്‍ഡുകള്‍ക്ക് പോലും ഇപ്പോള്‍ യാതൊരു പ്രസക്തിയുമില്ല. തന്റെ അഭിപ്രായത്തില്‍ പി.ജെ.ആന്റണി, ബാലന് കെ.നായര്‍, ഭരത് ഗോപി എന്നിവര്‍ക്ക് മാത്രമാണ് ഭരത് അവാര്‍ഡ് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച അവാര്‍ഡ്പോലും ശരിയല്ലെന്നാണ് തന്റെ അഭിപ്രായം. ഇന്ത്യന്‍ റുപ്പിയെ മികച്ച സിനിമയായി തെരഞ്ഞെടുത്തു. പക്ഷെ മറ്റൊരു അവാര്‍ഡും ഇവര്‍ക്കില്ല. മികച്ച ചിത്രമാവുന്നത് എല്ലാ ഗുണങ്ങളും ചേര്‍ന്നാണ്. അതുകൊണ്ടുതന്നെ അതിലെ അഭിനേതാക്കള്‍ക്കും അതിന്റേതായ പ്രാധാന്യമുണ്ട്. വീതംവെയ്പ്പല്ല അവാര്‍ഡെന്ന് മനസ്സിലാക്കാന്‍ കഴിയണമെന്നും വേണു പറഞ്ഞു.
ഇപ്പോഴും വേണുവിനെത്തേടി സിനിമാക്കാരെത്തുന്നുണ്ട്. വേഷങ്ങളെക്കുറിച്ചു പറഞ്ഞ് പ്രലോഭിപ്പിക്കുന്നുമുണ്ട്. പക്ഷേ, വെണു ജീവിതത്തില്‍ നിന്ന് അഭിനയത്തെ അകറ്റി നിര്‍ത്തുകയാണ്. ഇപ്പോള്‍ റീടേക്കുകളില്ലാത്ത ജീവിതത്തില്‍ പൂര്‍ണ്ണ തൃപ്തന്‍…..
കൃഷ്ണകുമാര്‍ ആമലത്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: