ആലപ്പുഴ ജില്ലയില്‍ നെടുമുടി പഞ്ചായത്തിലാണ് നൂറ്റാണ്ടുകള്‍ പഴക്കമുള്ള കൊട്ടാരം ഭഗവതിക്ഷേത്രം. പുണ്യനദിയായ പമ്പയാര്‍ ക്ഷേത്രത്തിന് മുന്നിലൂടെ ഒഴുകുന്നു.
ക്ഷേത്രത്തിന് മുന്നില്‍ ഭംഗിയുള്ള ആനക്കൊട്ടില്‍. അതിനകത്തുകൂടി ഉയര്‍ന്നുകാണുന്ന ധ്വജം. ചുറ്റമ്പലവും നമസ്കാരമണ്ഡപവും ശ്രീകോവിലിലുമൊക്കെ പുരാതന വാസ്തുവിദ്യാവൈദഗ്ധ്യം ദര്‍ശിക്കാവുന്നതാണ്. ക്ഷേത്രത്തിലെ പ്രധാനദേവി ദുര്‍ഗ-കിഴക്കോട്ട് ദര്‍ശനമേകുന്നു. നാലമ്പലത്തിന് പുറത്ത് കന്നിമൂലയില്‍ ഗണപതിയും യക്ഷിയമ്മയുമുണ്ട്. ഈശാനകോണില് ശിവനും തൊട്ടടുത്ത് ക്ഷേത്രപാലനും നാഗരാജാവും നാഗയക്ഷിയും ഉണ്ട്. മൂന്നുപൂജ. ആറുനാഴി വഴിപാട്. മുഴുക്കാപ്പ്, നിറമാല തുടങ്ങിയ വഴിപാടുകളുമുണ്ട്. നഷ്ടപ്പെട്ട സാധനങ്ങള്‍ തിരിച്ചുകിട്ടാന്‍ വറുത്തപൊടികൊണ്ടുള്ള നിവേദ്യമുണ്ട്. കന്നിമാസത്തിലെ ആയില്യവും നവരാത്രിയും വിശേഷമാണ്. മണ്ഡലകാലം ചിറപ്പ് മഹോത്സവം. നാല്‍പ്പത്തിയൊന്നാം ദിവസം താലപ്പൊലിയുമുണ്ടാകും. കാര്‍ത്തികയ്ക്ക് സമൂഹ പൊങ്കാലയുണ്ട്. മകരമാസത്തിലെ ഉത്രട്ടാതിനാളില്‍ കളഭാഭിഷേകം. കുംഭഭരണിയും മീനഭരണിയും വിളക്കെടുപ്പോടെ ആഘോഷിച്ചുവരുന്നു. കര്‍ക്കടക വാവിനുള്ള നമസ്കാരവും പ്രധാനമാണ്.
കുംഭത്തില്‍ തിരുവാതിര ആറാട്ടായി എട്ടുദിവസത്തെ ഉത്സവം കൊടിയേറ്റവുമുണ്ട്. ഉത്സവകാലത്തെ സേവ പ്രസിദ്ധം. രണ്ടുമണിക്കൂറോളം നീളുന്ന സേവയില്‍ പങ്കുകൊള്ളാന്‍ ദൂരദേശങ്ങളില്‍ നിന്നുപോലും ഭക്തര്‍ എത്തും. അഞ്ചാം ദിവസമാണ് ഉത്സവബലി. നാലും അഞ്ചും ആറും ഏഴും ദിവസങ്ങളില്‍ വേലകളിയുണ്ട്. നാലുദിവസം നാലുകരക്കാരുടെയും ബാക്കി ദേവസ്വത്തിന്റെയും ഉത്സവം. അവസാനദിവസം ആറാട്ട്. ക്ഷേത്രത്തില്‍നിന്നും ഒരു കി.മീ. പടിഞ്ഞറുള്ള പുന്നേറ്റുമഠം ക്ഷേത്രക്കുളത്തിലാണ് ആറാട്ട്. ആറാട്ടിനോടനുബന്ധിച്ച് നൂറുകണക്കിന് ബാലികമാരുടെ വിളക്കെടുപ്പ് നടക്കും. ആറാട്ട് കഴിഞ്ഞ് തിരിച്ചെത്തുമ്പോള്‍ പറവച്ചുള്ള സ്വീകരണം ഭക്തിസന്ദ്രമായി അന്തരീക്ഷത്തില്‍ നടക്കും. അതോടെ ഉത്സവം സമാപിക്കും. കൊട്ടാരത്തിലമ്മയുടെ അനുഗ്രഹത്തിനായി എത്തിയവര്‍ പിരിഞ്ഞുപോകും.
– പെരിനാട് സദാനന്ദന്‍പിള്ള
പ്രതികരിക്കാൻ ഇവിടെ എഴുതുക: