സാന്‍ഫ്രാന്‍സിസ്കോ: ഇന്റര്‍നെറ്റിലെ മുന്‍നിര കമ്പനിയായ യാഹൂവിന്റെ അടുത്ത സിഇഒ ആയി ചുമതലയേല്‍ക്കുന്നത് ഗൂഗിള്‍ എക്സിക്യൂട്ടീവ് ആയിരുന്ന മരിസ്സ മെയര്‍. പലവിധ കാരണങ്ങളാല്‍ പ്രതിച്ഛായ നഷ്ടമായ യാഹൂവിനെ സാമ്പത്തിക പുരോഗതിയുടെ പാതയിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനുള്ള അവസാന ശ്രമമായിട്ടാണ് ഈ നേതൃമാറ്റം വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ യാഹൂവിന്റെ സിഇഒ സ്ഥാനത്തെത്തുന്ന അഞ്ചാമത്തെ വ്യക്തിയാണ് മരിസ്സ.
ഗൂഗിളിലെ ഉന്നത ഉദ്യോഗസ്ഥയായ മരിസ്സ യാഹൂവിന്റെ തലപ്പത്ത് എത്തുന്നതോടെ പരസ്യവരുമാനത്തില്‍ വര്‍ധനവ് വരുത്തുന്നതിലായിരിക്കും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. യാഹൂവിന്റെ സിഇഒ സ്ഥാനത്തെത്തുന്ന രണ്ടാമത്തെ വനിത കൂടിയാണ് 37 കാരിയായ മരിസ്സ മെയര്‍. കഴിഞ്ഞ ജൂണ്‍ 18 നാണ് സിഇഒ സ്ഥാനം വാഗ്ദാനം ചെയ്തുകൊണ്ട് യാഹൂ അധികൃതര്‍ മരിസ്സയെ സമീപിച്ചത്. ഇന്റര്‍നെറ്റ് വ്യവസായത്തിലെ ഏറ്റവും ക്രിയാത്മകശേഷിയുള്ള എക്സിക്യൂട്ടീവുകളില്‍ ഒരാളായിട്ടാണ് മരിസ്സയെ പരിഗണിക്കുന്നത്.
1999 ല്‍ ഗൂഗിളിലെ ഇരുപതാമത്തെ ജീവനക്കാരിയായിട്ടാണ് മരിസ്സ തന്റെ ഉദ്യോഗം ആരംഭിച്ചത്. ഗൂഗിളില്‍ ഗൂഗിള്‍ മാപ്സ്, ഗൂഗിള്‍ എര്‍ത്ത്, സ്ട്രീറ്റ് വ്യൂ എന്നീ വിഭാഗങ്ങളിലെ പരിചയ സമ്പത്തുമായിട്ടാണ് മരിസ്സ മെയര്‍ യാഹൂവിന്റെ തലപ്പത്ത് എത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: