പെരുമ്പാവൂര്‍: ദക്ഷിണകാശി ചേലാമറ്റം ക്ഷേത്ര ഭൂമിയില്‍ പിതൃതര്‍പ്പണ പുണ്യം തേടിയെത്തുന്ന ഭക്തലക്ഷങ്ങള്‍ക്ക് സേവനത്തിന്റെ പാതയൊരുക്കാന്‍ സേവാഭാരതി പ്രവര്‍ത്തകര്‍ സജ്ജരായി. നാളെയാണ് കര്‍ക്കടക മാസത്തിലെ കറുത്തവാവ്. ഇന്ന് വൈകിട്ട് 7 മുതല്‍ ചേലാമറ്റത്തേക്ക് ഭക്തജനങ്ങള്‍ ഒഴുകിയെത്തി തുടങ്ങും. പോലീസും ഫയര്‍ഫോഴ്സും പെരുമ്പാവൂര്‍ ലക്ഷ്മി ആശുപത്രിയും കെഎസ്ആര്‍ടിസിയും ഭക്തര്‍ക്ക് സൗകര്യമൊരുക്കാന്‍ ഇവിടെയുണ്ട്. ഇവര്ക്കെല്ലാമൊപ്പം കഴിഞ്ഞ നിരവധി വര്‍ഷങ്ങളിലായി മഴയും വെയിലും വകവയ്ക്കാതെ കാവിയും വെള്ളയും ധരിച്ച സേവാഭരതിയുടെ പ്രവര്‍ത്തകരും ചേരുമ്പോഴാണ് വാവുബലി തര്‍പ്പണം പൂര്‍ത്തിയാകുന്നതെന്ന് ഭാരവാഹികളും സമ്മതിക്കുന്നു. ദീര്‍ഘനേരം ക്യൂവില്‍ കാത്തുനില്‍ക്കുന്നവര്‍ക്ക് ഭക്ഷണവും വെള്ളവും എത്തിക്കുന്നതിനും ഗതാഗതം നിയന്ത്രിക്കുന്നതിനും, വ്രതമെടുത്തെത്തുന്ന ഭക്തര്‍ക്ക് ക്ഷേത്രദര്‍ശനത്തിനുള്ള സൗകര്യമൊരുക്കുന്നതിനും അത്യാവശ്യ വൈദ്യസഹായം നല്‍കുന്നതിനും ചേലാമറ്റത്ത് സേവാഭാരതി തയ്യാറായിക്കഴിഞ്ഞു. ഈ വര്‍ഷം മുതല്‍ പൂനൂര് സേവാഭാരതിയുടെ ആംബുലന്‍സ് സൗകര്യവും ചേലാമറ്റത്ത് ഉണ്ടാകുമെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു. പെരുമ്പാവൂര്‍ താലൂക്ക് സേവാപ്രമുഖ് പി.പി.രാജന്റെ നേതൃത്വത്തില്‍ നിരവധി പ്രവര്‍ത്തകര്‍ തര്‍പ്പണപുണ്യം തേടിയെത്തുന്നവരുടെ സേവനത്തിനായി ഒരുങ്ങിക്കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: