കൊച്ചി: വിദ്യാര്‍ഥികളിലൂടെ ഊര്‍ജ്ജ സംരംക്ഷണം ഉറപ്പു വരുത്തുകയെന്ന ലക്ഷ്യത്തോടെ എറണാകുളം ജില്ലാ പഞ്ചായത്ത് എനര്‍ജി കണ്‍സര്‍വേഷന്‍ സൊസൈറ്റിയിലൂടെ നടപ്പാക്കുന്ന ഊര്‍ജ്ജ സംരക്ഷണ പദ്ധതിയായ ‘മനസിലൊരു ബള്‍ബ്’ പദ്ധതിക്ക് തുടക്കമായി. വിദ്യാര്‍ഥികളില്‍ ഊര്‍ജ്ജ സംരക്ഷണ ശീലം വളര്‍ത്തി സമൂഹത്തില്‍ ഊര്‍ജ്ജ പരിസ്ഥിതി സന്ദേശം പ്രചരിപ്പിക്കുകയും ഊര്‍ജ്ജ ക്ഷാമത്തിന് ശാശ്വത പരിഹാരം കാണുകയുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് പദ്ധതി ഉദ്ഘാടനം നിര്‍വഹിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിള്ളി പറഞ്ഞു.
പദ്ധതിയുടെ ഭാഗമായി ജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലും എനര്‍ജി ആന്റ് എന്‍വിറോണ്‍മെന്റല്‍ ക്ലബ്ബുകള്‍ രൂപീകരിക്കുകയും ഒരു ലക്ഷം വിദ്യാര്‍ഥികളെ വളണ്ടിയര്‍മാരാക്കുകയും ചെയ്യും.
പദ്ധതിയിലൂടെ ഒരു വീട്ടില്‍ നിന്ന് ഒരുവര്‍ഷം 100 വാട്ട് ഊര്‍ജ്ജമെങ്കിലും ലാഭിക്കാനാവും. ഇതിലൂടെ മൊത്തം 10 മെഗാവാട്ട് ലാഭിച്ച് ഏകദേശം ഒരു വര്‍ഷം 12 കോടി രൂപയുടെ ലാഭമാണ് ജില്ല കൈവരിക്കാന്‍ ലക്ഷമിടുന്നതെന്ന് എല്‍ദോസ് കുന്നപ്പിള്ളി പറഞ്ഞു. കേരളത്തില്‍ ഉപയോഗിക്കുന്ന ആറില്‍ ഒരു ഭാഗം വൈദ്യുതിയും ഉപയോഗിക്കുന്നത് എറണാകുളം ജില്ലയാണ്. ഇതിന് കുറവ് വരുത്തി വൈദ്യുതി ഉപഭോഗത്തില്‍ പാലിക്കുന്ന നിയന്ത്രണം മറ്റു ജില്ലകള്‍ക്ക് മാതൃകയാകണമെന്ന് അദ്ദേഹം പറഞ്ഞു.
പദ്ധതിയുടെ ഭാഗമായി സെമിനാര്‍, പ്രത്യേക ക്യാമ്പുകള്‍, സൈക്കിള്‍ റാലികള്‍, പോസ്റ്റര്‍, ചിത്ര, സിനിമാ പ്രദര്‍ശനങ്ങള്‍ തുടങ്ങി വിവിധ തരത്തിലുള്ള ബോധവത്കരണ പരിപാടികളും നടക്കുന്നുണ്ട്. ഊര്‍ജ്ജ സര്‍വേയും ഊര്‍ജ്ജ ഓഡിറ്റിംഗുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്ന മറ്റൊരു പ്രധാന കര്‍മപരിപാടി. ഊര്‍ജ്ജ ഓഡിറ്റിംഗ് ജില്ലയിലെ തെരഞ്ഞെടുത്ത പ്രധാന എഞ്ചിനിയറിംഗ് കോളേജ് വിദ്യാര്‍ഥികളുടെ സഹായത്തോടെയാണ് നടക്കുക. തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ഥികള്‍ ഓരോ വീട്ടിലും ചെന്ന് നടത്തുന്ന ഊര്‍ജ്ജ ഓഡിറ്റിംഗിലൂടെ വൈദ്യുതി ഉപയോഗം ശരാശരി എത്രയെന്ന് കണ്ടെത്തും. നിശ്ചിത അളവില്‍ കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്ന എല്ലാ വീടുകളും കണ്ടെത്തി പ്രത്യേക ബോധവത്കരണം നല്‍കും.
സ്കൂള്‍ തലത്തില്‍ ആരംഭിക്കുന്ന എനര്‍ജി കണ്‍സര്‍വേഷന്‍ ക്ലബ്ബുകള്‍ കോളേജ് തലത്തിലേക്കും വ്യാപിപ്പിക്കും. പദ്ധതിയുടെ നടത്തിപ്പിനായി പ്രത്യേക കമ്മറ്റി രൂപീകരിക്കുന്നുണ്ട്. പദ്ധതിയുടെ പ്രവര്‍ത്തനം കമ്മറ്റി എല്ലാ മാസവും വിലയിരുത്തിയ ശേഷം മികച്ച പ്രവര്‍ത്തനം കാഴ്ച വെക്കുന്ന ക്ലബ്ബുകള്‍ക്കും വിദ്യാര്‍ഥികള്‍ക്കും അവാര്‍ഡ് നല്‍കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
ചടങ്ങില്‍ എനര്‍ജി കണ്‍സര്‍വേഷന്‍ സൊസൈറ്റി ചെയര്‍മാന്‍ കെ.എം.അമാനുള്ള അദ്ധ്യക്ഷത വഹിച്ചു. പദ്ധതി അവലോകനവും സര്‍ട്ടിഫിക്കറ്റ് വിതരണവും വൈസ് പ്രസിഡന്റ് ബിന്ദു ജോര്‍ജ്ജ് നിര്‍വഹിച്ചു. സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ കെ.കെ.സോമന്‍, ബാബു ജോസഫ്, ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഏലിയാമ്മ ഐസക്, പ്രൊജക്ട് ജില്ലാ കോര്‍ഡിനേറ്റര്‍ ഡോ.എ.നിസാം റഹ്മാന്‍, തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക