കൊച്ചി: മൊബെയില്‍ ഫോണ്‍-സേവനമേഖല വിപണിയില്‍ ഇന്ത്യ ഒന്നാംസ്ഥാനത്തേയ്ക്ക് കുതിക്കുന്നു. ആഗോളതലത്തില്‍ വയര്‍ലെസ്സ് ഫോണ്‍ സംവിധാനത്തിന്റേയും സാങ്കേതിക സംവിധാനത്തിന്റേയും വിപണി മുന്നേറ്റത്തില്‍ ഇന്ത്യ ചൈനയെ പിന്തള്ളിയാണ് മുന്നേറ്റം പ്രകടമാക്കുന്നത്. മൊബെയില്‍ ഫോണ്‍ സേവനദാതാക്കളായ കമ്പനികള്‍ക്കും ഫോണ്‍ നിര്‍മാണ-വിപണന മേഖലയിലും കോടികളുടെ വരുമാനനേട്ടവും ലാഭവും കൊയ്തു കുതിക്കുന്ന വിപണിയായാണ് ഇന്ത്യന്‍ മൊബെയില്‍ ഫോണ്‍ വിപണിയെ ബന്ധപ്പെട്ട മേഖല വൃത്തങ്ങള്‍ വിലയിരുത്തുന്നത്. പ്രതിവര്‍ഷം ഒന്നരലക്ഷം കോടിയോളം രൂപയുടെ സേവനവരുമാനമുള്ള മൊബെയില്‍ ഫോണ്‍ വിപണിയിലേക്ക് കടന്നെത്താന്‍ ആഭ്യന്തര കോര്‍പ്പറേറ്റുകളും ആഗോള ഭീമന്മാരും ഊഴം കാത്തുനില്‍ക്കുകയാണ്.
ആശയവിനിമയ സംവിധാനമെന്നതിനോടൊപ്പം സേവനങ്ങളും ആനന്ദവും നല്കുന്ന മൊബെയില്‍ ഫോണ്‍ ആശങ്കയുണര്‍ത്തിക്കഴിഞ്ഞു. അത്യാധുനിക സാങ്കേതിക വിദ്യ മുന്നേറ്റത്തില്‍ ഇന്റര്‍നെറ്റ് സംവിധാനങ്ങളും ക്യാമറയും തുടങ്ങി മനുഷ്യമനസ്സിനെ കീഴടക്കുന്ന പുത്തന്‍ തലമുറ സൃഷ്ടിയായി മൊബെയില്‍ ഫോണ്‍ മാറിക്കഴിഞ്ഞു. ഇതോടെ സാധാരണക്കാര്‍വരെ മൊബെയില്‍ ഫോണ്‍ വിപണി വലയത്തില്‍ ആകൃഷ്ടരായി കുതിച്ചുചാടുകയാണ്. സാങ്കേതിക വിദ്യ മുന്നേറ്റം പ്രകടമാക്കുന്ന മൊബെയില്‍ ഫോണ്‍ സംവിധാന കുതിപ്പില്‍ രാജ്യത്തെ സാമ്പത്തികരംഗത്തുണ്ടാകുന്ന മാറ്റങ്ങള്‍ ഗൗരവമായി കാണുന്നതിന് ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ ശ്രമിക്കാത്തത് സാമൂഹിക സുരക്ഷയ്ക്കൊപ്പം രാജ്യത്തിനും മൊബെയില്‍ ഫോണ്‍ വന്ഭീഷണിയുണര്ത്തി തുടങ്ങുകയും ചെയ്തു കഴിഞ്ഞു.
പ്രതിദിനം ശരാശരി രണ്ടുലക്ഷം പുതിയ വരിക്കാര്‍ തേടിയെത്തുന്ന ഇന്ത്യന്‍ മൊബെയില്‍ ഫോണ്‍ വിപണി നഗരഗ്രാമ വ്യത്യാസമന്യേ വന്‍ വളര്‍ച്ച നേടുകയാണെന്ന് സെല്ലുലാര്‍ ഓപ്പറേറ്റേഴ്സ് അസോസിയേഷന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 2013 മെയ് മാസം ഇന്ത്യയിലെ മൊബെയില്‍ വരിക്കാരുടെ സംഖ്യ 929.37 ദശലക്ഷം ആണെന്നാണ് (92 കോടി) പ്രഖ്യാപനം. ഇതില്‍ മൊബെയില്‍ ഫോണ്‍ ഉപയോഗിക്കുന്നവരുടെ തോത് ശരാശരി 70 ശതമാനമാണെന്ന് കണക്കാക്കപ്പെടുകയും ചെയ്യുന്നു. ഇന്ത്യയിലെ മൊബെയില്‍ ഫോണ്‍ സേവനദാതാക്കള്‍ക്ക് ഉപഭോക്താക്കളില്‍നിന്നുള്ള പ്രതിദിനശരാശരി വരുമാനം 40-60 രൂപ വരെയാണെന്നാണ് കണക്കാക്കുന്നത്. ഇതുപ്രകാരം സേവനദാതാക്കളായ കമ്പനികളുടെ വരുമാനം 280-300 കോടി രൂപവരെയായിരിക്കുമെന്നും കണക്കാക്കുന്നു. ഇന്ത്യയില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്ന 16 ഓളം മൊബെയില്‍ ഫോണ്‍ സേവനദാതാക്കളുടെ മത്സരങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ഒരുപരിധിവരെ ഫോണ്‍ നിരക്കില്‍ കുറവ് ലഭിക്കാന്‍ സാഹചര്യമൊരുക്കുന്നുണ്ടെങ്കിലും ടെലിഫോണ്‍ റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ട്രായ്)യുടെ നയങ്ങളും സമീപനങ്ങളും ഉപഭോക്തൃ മേഖലയ്ക്ക് വേണ്ടത്ര ഗുണം നല്‍കുന്നില്ലെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. 2000-മാണ്ടില്‍ മൊബെയില്‍ ഫോണ്‍ ഒരാളുടെ കോളുകളുടെ ശരാശരി ചെലവ് ഏഴ് രൂപയെന്നത് 2010 ല്‍ ഒരു രൂപ മുതല്‍ 50 പൈസ വരെയായി കുറഞ്ഞുവെങ്കിലും പുതിയ വര്‍ഷത്തിലിത് ഒന്നരരൂപവരെയായി വര്‍ധിച്ചതായാണ് വിലയിരുത്തല്‍. ആശയവിനിമയ കോള്‍ നിരക്കിലും സേവനനിരക്കുകളിലും എന്റര്ടെയ്ന്മെന്റ് നിരക്കുകളിലും മൊബെയില്‍ സേവന കമ്പനികള്‍ നടത്തിയ നിരക്ക് വര്‍ധന ട്രായ് കണ്ടില്ലെന്ന് നടിക്കുകയും ചെയ്യുന്നു.
മൊബെയില്‍ വരിക്കാരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായെങ്കിലും കോള്‍ ഉപഭോഗ ശരാശരിയില്‍ കുറവുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 2007 ല്‍ പ്രതിമാസം ഒരാളുടെ മൊബെയില്‍ ഫോണ്‍ കോള്‍ ശരാശരി 465 മിനിറ്റായിരുന്നു. 2010 ലിത് 369 മിനിറ്റായും 2012 ലിത് 340 മിനിറ്റായും കുറഞ്ഞതായും ചൂണ്ടിക്കാട്ടുന്നു. മൊബെയില്‍ സേവനദാതാക്കളായ കമ്പനികള്‍ക്ക് കോള്‍ ശരാശരി വരുമാനം 2005 ല്‍ 362 രൂപയായത് 2010 ല്‍ 175 രൂപയായും 2012 ലിത് 190 രൂപയുമാണെന്നാണ് റിപ്പോര്‍ട്ട്. ഇപ്രകാരം ഇന്ത്യയിലെ മൊബെയില്‍ ഫോണ്‍ കോള്‍ ഉപഭോഗ മേഖലയില്‍നിന്നുള്ള വരുമാനം ലക്ഷംകോടി കവിയുമ്പോള്‍ സര്‍ക്കാര്‍ മേഖലയിലെ സേവനദാതാക്കളുടെ വളര്‍ച്ചാനിരക്ക് വരുമാനവും ശരാശരിയേക്കാള്‍ കുറവാണെന്ന് പറയുന്നു.
മൊബെയില്‍ ഫോണ്‍ സേവന കമ്പനികള്‍ക്കൊപ്പം കോടികളുടെ വരുമാനം നേടുന്ന വിപണിയാണ് മൊബെയില്‍ ഫോണ്‍ ഹാന്റ്സെറ്റ് വിപണി. ഇന്ത്യയില്‍ പ്രതിവര്‍ഷം ശരാശരി 6-8 ശതമാനംവരെ വളര്‍ച്ചയാണ് ഹാന്റ്സെറ്റ് വിപണിയുടെ നേട്ടം. 2010-11 ല്‍ 33031 കോടി രൂപയാണ് ഇന്ത്യന്‍ മൊബെയില്‍ ഫോണ്‍ ഹാന്റ്സെറ്റ് വിപണിയുടെ വരുമാനം. 2011-12 ലിത് 31215 കോടിയായി കുറഞ്ഞുവെങ്കിലും ഫോണ്‍ ഹാന്റ്സെറ്റ് വില്‍പ്പന തോതില്‍ കാര്യമായ കുറവുണ്ടായില്ലെന്നാണ് വില്‍പ്പന കേന്ദ്രങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. നിലവില്‍ ഇന്ത്യയിലെ മൊബെയില്‍ ഫോണ്‍ ഹാന്റ്സെറ്റ് വിപണി സംഖ്യം 50 ദശലക്ഷത്തിലുമേറെയാണെന്ന് സെല്ലുലാര്‍ വിപണന കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നു. ചൈനീസ് മൊബെയില്‍ ഹാന്റ്സെറ്റുകളുടെ വിപണി കടന്നുകയറ്റം മുന്‍നിര ഹാന്റ്സെറ്റ് കമ്പനികളുടെ വില്‍പ്പനയില്‍ പ്രതിഫലിച്ചുവെങ്കിലും മത്സരം മൂലം വിലയിലുണ്ടായ കുറവ് വന്‍കിട കമ്പനികള്‍ക്ക് വിപണി സാന്നിധ്യം നിലിര്‍ത്താനും സഹായിച്ചു. നോക്കിയ ഫോണ്‍ 23 ശതമാനത്തിലും സാംസങ്ങ് 14 ശതമാനത്തിലും മൈക്രോമാക്സ് ആറ് ശതമാനം ഹാന്റ് സെറ്റ് വിപണി വിഹിതവുമായി ഇന്ത്യയില്‍ സജീവ സാന്നിധ്യത്തിലാണ്. അത്യാധുനിക സംവിധാനങ്ങള്‍ക്കൊപ്പം വിലയിലുണ്ടായ കുറവു മൂലം മൊബെയില്‍ ഹാന്റ്സെറ്റ് വിപണിയിലുണ്ടാകുന്ന വില്‍പ്പന വളര്‍ച്ചാ നിരക്ക് ഇനിയും ഉയരുമെന്നാണ് കമ്പനി-വില്‍പ്പന കേന്ദ്രങ്ങള്‍ പ്രതീക്ഷിക്കുന്നത്.
അഞ്ച് സര്ക്കിളുകളാക്കി തിരിച്ചുകൊണ്ടുള്ള ഇന്ത്യന്‍ മൊബെയില്‍ സേവനദാതാക്കളുടെ മേഖലയില്‍ മഹാരാഷ്ട്രയും ഗുജറാത്തും അടങ്ങുന്ന ‘എ’ സര്‍ക്കിളാണ് വരിക്കാരുടെ സംഖ്യയില്‍ മുന്‍നിര മുന്നേറ്റം പ്രകടമാക്കുന്നത്. തെക്കെയിന്ത്യയിലെ ആന്ധ്ര, കര്‍ണാടക, തമിഴ്നാട് എന്നിവ എ സര്‍ക്കിളിലാണ്. കേരളം, പഞ്ചാബ്, ഹരിയാന, യുപി, എപി, രാജസ്ഥാന്, പശ്ചിമബംഗാള്‍ എന്നിവയടങ്ങുന്നതാണ് ബി സര്‍ക്കില്‍. ഹിമാചല്‍പ്രദേശ്, ബീഹാര്‍, ഒറീസ്സ, ആസ്സാം, ജമ്മു, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളടങ്ങുന്നതാണ് സി സര്‍ക്കിള്‍. കോള്നിരക്കിലെ വരുമാനത്തില്‍ ‘എ’യും ‘ബി’യും ശരാശരി മുന്നേറ്റം പ്രകടമാക്കുമ്പോള്‍ സി സര്‍ക്കിള്‍ ഏറെ പിന്നിലാണ്. നഗരങ്ങളേറെയുള്ള സര്‍ക്കിളുകളിലെ വരുമാനം ലക്ഷ്യമിട്ടുകൊണ്ടാണ് മൊബെയില്‍ കമ്പനികള്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതെന്നും ചൂണ്ടിക്കാട്ടുന്നു.
എസ്.കൃഷ്ണകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: