കൊച്ചി: മോട്ടോര്‍ വാഹന വകുപ്പിന്റെ എറണാകുളം ആസ്ഥാനമായ മധ്യമേഖല (2) സംസ്ഥാന സര്‍ക്കാരിലേക്ക് കഴിഞ്ഞ വര്‍ഷം മുതല്‍ക്കൂട്ടിയത് 400.05 കോടി രൂപ. 354.27 കോടി രൂപ ലക്ഷ്യമിട്ടിരുന്ന സ്ഥാനത്താണ് 111.17 ശതമാനത്തിന്റെ നേട്ടം മേഖല ഓഫീസ് കൈവരിച്ചത്. എറണാകുളം, മൂവാറ്റുപുഴ, കോട്ടയം, ഇടുക്കി മേഖല ട്രാന്‍സ്പോര്‍ട്ട് ഓഫീസുകളും ഫ്ലയിങ് സ്ക്വാഡുമാണ് മധ്യമേഖല (2) ഓഫീസിനു കീഴില്‍ വരുന്നത്.
വിവിധ നികുതികളും പിഴയും ഈടാക്കി നല്കുന്നതില് മുന്നില്‍ എറണാകുളം ഓഫീസാണ്. 177.85 കോടി രൂപയാണ് എറണാകുളത്തിന്റെ സംഭാവന. 113.03 കോടി രൂപയുമായി കോട്ടയമാണ് രണ്ടാം സ്ഥാനത്ത്. മൂവാറ്റുപുഴ 68.69 കോടി രൂപയും ഇടുക്കി 39.71 കോടി രൂപയും നല്കി. ഫ്ലയിങ് സ്ക്വാഡുകള്‍ ഈടാക്കി നല്‍കിയത് 75,67 ലക്ഷം രൂപ. മുന്‍വര്‍ഷവും മധ്യമേഖല (2) ഓഫീസ് ലക്ഷ്യമിട്ടതിലും 102.66 ശതമാനത്തിന്റെ നേട്ടം കൈവരിച്ചിരുന്നു.
സംസ്ഥാനത്ത് തന്നെ മോട്ടോര്‍ വാഹന നികുതിയിലും മറ്റ് വരുമാനത്തിലും മുന്നില്‍ നില്ക്കുന്ന എറണാകുളം മേഖല ട്രാന്‍സ്പോര്‍ട്ട് ഓഫീസില്‍ (ആര്‍ടിഒ) കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്തത് 54633 വാഹനങ്ങളാണ്. 18568 പരിശോധനകളും ഇക്കാലയളവില്‍ എറണാകുളം ആര്‍ടിഒ ഓഫീസ് നടത്തി.
വാഹനാപകടങ്ങള്‍ കുറയ്ക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് ഏകോപനം നിര്‍വഹിക്കുന്ന മധ്യമേഖല ഓഫീസിന്റെ കൗണ്‍സലിങ് സെന്ററില്‍ എല്ലാ മൂന്നാം ശനിയാഴ്ചയും അറുപതോളം പേര് പരിശീലനത്തിനെത്തുന്നു. ഗതാഗത കുറ്റകൃത്യങ്ങള്‍ക്ക് പിടിയിലാകുന്നവരെയാണ് കൗണ്‍സലിങ് സെന്ററിലേക്ക് വിടുന്നത്. അപകടരഹിതമായ ഡ്രൈവിങ്, മാന്യതയാര്‍ന്ന പെരുമാറ്റം എന്നിവയില്‍ ഊന്നല്‍ നല്‍കുന്നതാണ് കൗണ്‍സലിങ് സെന്ററിലെ ക്ലാസുകളെന്ന് ഡപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ പി.എ. സൈനുദ്ദീന്‍ പറഞ്ഞു.
ദേശീയപാതയില്‍ ചേര്‍ത്തല മുതല്‍ മണ്ണുത്തി വരെയുള്ള ഭാഗം വാഹനാപകട വിമുക്തമാക്കുകയെന്ന ലക്ഷ്യത്തോടെ സേഫ് കോറിഡോര്‍ പദ്ധതിക്കും കഴിഞ്ഞ വര്‍ഷം തുടക്കം കുറിച്ചു. വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള അത്യാധുനിക ക്യാമറകളിലൂടെ ചുവപ്പ് സിഗ്നല്‍ ലംഘനം, അമിതവേഗം എന്നിവ കണ്ടെത്തി പിഴ ചുമത്തുന്നതാണ് പദ്ധതി. ചേര്‍ത്തല മുതല്‍ വൈറ്റില വരെയുള്ള ഭാഗത്ത് അഞ്ച് കേന്ദ്രങ്ങളിലാണ് ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്നത്. ക്യാമറയില്‍ രേഖപ്പെടുത്തിയ നിയമലംഘനങ്ങള്‍ക്ക് ഇതുവരെ എട്ടു ലക്ഷത്തോളം രൂപ പിഴ ഈടാക്കി. ഇന്റര്‍സെപ്റ്റര്‍ വാഹനങ്ങളും അമിത വേഗക്കാരെ പിടികൂടാന്‍ രംഗത്തുണ്ട്. വാഹന പരിശോധന രാത്രിയില്‍ ഊര്‍ജിതമാക്കിയതും വാഹനാപകട നിരക്ക് കുറയാന്‍ കാരണമായി.
ആധുനിക വാഹനങ്ങളിലും എസ്കവേറ്റര്‍, ലോഡര്‍ യന്ത്രങ്ങളിലും മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ക്ക് പരിശീലനം നല്‍കുന്നതിനും മധ്യമേഖല ഓഫീസ് തുടക്കം കുറിച്ചു. സ്കൂള്‍ ഡ്രൈവര്‍മാര്‍ക്കുള്ള പരിശീലന പരിപാടിയും നടത്തി വരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: