യൂദല്ഹി: വധശിക്ഷക്ക് വിധിക്കപ്പെട്ട് പാക് ജയിലില്‍ കഴിയുന്ന സരബ്ജിത്ത്സിംഗ് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിക്ക് ദയാഹര്‍ജി സമര്‍പ്പിച്ചു. പാക് സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 14 ന് ജയില്‍ മോചിതനാക്കണമെന്നാണ് അപേക്ഷ. മോചനം സംബന്ധിച്ച് അടുത്തിടെയുണ്ടായ സംഭവവികാസങ്ങള്‍ സരബ്ജിത്തിനെ നിരാശനാക്കിയതായി അഭിഭാഷകന് അവെയ്സ് ഷേഖ് പറഞ്ഞു. സരബ്ജിത്തിന്റെ മകള്‍ സ്വപ്നദീപ് അയച്ച ഇ-മെയിലിലാണ് ഇക്കാര്യം അറിയിച്ചത്. ഇ-മെയില്‍ സന്ദേശം മുന്‍ സുപ്രീംകോടതി ചീഫ്ജസ്റ്റിസ് മാര്‍ക്കണ്ഡേയ കഠ്ജുവിന് അയച്ചിട്ടുണ്ട്. അടുത്തയിടെ ജയില്‍മോചിതനായ പാക് ഡോക്ടര്‍ ഖലീല്‍ ചിസ്തിയുടെ കാര്യത്തില്‍ ശക്തമായി ഇടപെട്ടിരുന്നത് കഠ്ജുവാണ്.
സരബ്ജിത്തിന്റെ മോചനത്തിനുവേണ്ടി പാക് സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും ഇതിനായി നടപടികള്‍ സ്വീകരിക്കുമെന്നും സരബ്ജിത്തിന്റെ അഭിഭാഷകനായ ഷെയ്ക്കിനയച്ച കത്തില്‍ പറയുന്നു. സരബ്ജിത്തിന്റെ കേസ് താന്‍ ശ്രദ്ധാപൂര്‍വം പഠിച്ചിട്ടുണ്ടെന്നും ലാഹോറിലെ ബോംബ്സ്ഫോടനവുമായി ബന്ധപ്പെട്ട കേസില്‍ ഇയാള്‍ കുറ്റക്കാരനല്ലെന്നും കത്തില്‍ പറയുന്നു.
സരബ്ജിത്തിനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് നിരവധി കത്തുകള്‍ സര്ദാരിക്കയച്ചിരുന്നു. കത്തുകള്‍ സ്വീകരിച്ചെങ്കിലും ഇതിന് പ്രതികരണം ലഭിച്ചില്ലെന്നും അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സരബ്ജിത്തിന് നീതി ലഭിക്കുന്നതിനുവേണ്ടി ഇ മെയിലിന്റെ കോപ്പികള്‍ പാക് പ്രധാനമന്ത്രിയുടെ അസിസ്റ്റന്റായ ചൗധരി ഫവാസ് ഹുസൈന് അയച്ചിട്ടുണ്ട്. സെനറ്ററായ ബാബര്‍, ഇഖ്ബാല്‍ ഹൈദര്‍ എന്നിവര്‍ക്കും കത്തയച്ചിട്ടുണ്ട്. സരബ്ജിത്തിന്റെ മോചനത്തിനുവേണ്ടി പ്രചാരണങ്ങള്‍ സംഘടിപ്പിച്ച സാമൂഹിക പ്രവര്ത്തകന് സല്മാന് ഖാനും കത്തിന്റെ കോപ്പി ഖഠ്ജു അയച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: