നെല്ലിയാമ്പതിയിലെ 283 ഏക്കര്‍ വിസ്തീര്‍ണ്ണമുള്ള ചെറുനെല്ലി ലോവര്‍ എസ്റ്റേറ്റും അനധികൃതമായി പലരായി കൈവശം വെച്ചിരിക്കുന്ന വനഭൂമിയും ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍നീക്കത്തെ ചൊല്ലിയാണ് ഇപ്പോള്‍ വനംമന്ത്രിയും കയ്യേറ്റക്കാര്‍ക്കുവേണ്ടി വാദിക്കുന്ന ഗവ. ചീഫ് വിപ്പും തമ്മിലുള്ള തര്‍ക്കം രൂക്ഷമായിരിക്കുന്നത്. ഇത് യുഡിഎഫ് സര്‍ക്കാരിനെ തന്നെ പ്രതിസന്ധിയിലാക്കിയിരിക്കുന്നു. നേരിയ ഭൂരിപക്ഷത്തില്‍ ഭരണം നടത്തുന്ന യുഡിഎഫിന് ഘടകകക്ഷി സമ്മര്‍ദ്ദം പ്രശ്നം കീറാമുട്ടിയാക്കുന്ന അവസ്ഥ സൃഷ്ടിച്ചിരിക്കുകയാണ്. അതോടൊപ്പം ചില ഘടകകക്ഷികളുടെ നിക്ഷിപ്ത താല്പര്യങ്ങള് സംരക്ഷിക്കാനുള്ള വ്യഗ്രതയും മറനീക്കിയിരിക്കുന്നു. കൃഷിക്കാര്‍ക്ക് വേണ്ടിയാണ് തന്റെ നിലപാട് എന്ന് വിശദീകരിക്കുന്ന ചീഫ് വിപ്പ് മറച്ചുവെക്കുന്നത് നെല്ലിയാമ്പതിയിലെ പാട്ടക്കരാര്‍ തീര്‍ന്ന ഭൂമി കൈവശംവെച്ചിരിക്കുന്നത് സാധാരണ കൃഷിക്കാരല്ല, എസ്റ്റേറ്റ് ലോബിയാണ് എന്ന വസ്തുതയാണ്. അവര്‍ സ്ഥലത്ത് താമസിച്ച് കൃഷിചെയ്യുന്നവരല്ല, മറിച്ച് പാലായിലും ഈരാറ്റുപേട്ടയിലും മറ്റും താമസിക്കുന്നവരാണ്. ഇവിടെ ഏലം കൃഷിയല്ല, റബ്ബര്‍ തോട്ടമാണുള്ളത്. പാട്ടക്കരാര്‍ ലംഘനത്തിന്റെ പേരില്‍ വനംവകുപ്പ് ഭൂമി ഏറ്റെടുക്കാന്‍ നല്കിയ ഉത്തരവാണ് എസ്റ്റേറ്റ് ലോബിയെ പ്രതിനിധീകരിക്കുന്നവരെ പ്രകോപിപ്പിച്ചിരിക്കുന്നതെന്ന് വ്യക്തം.
നെല്ലിയാമ്പതിയിലെ ഭൂമിപ്രശ്നം പരിഹരിക്കുവാന്‍ യുഡിഎഫ് ഒരു സമിതിയെ നിയോയിച്ച കാര്യം പത്രത്തില്‍ വായിച്ചാണ് താന്‍ അറിഞ്ഞതെന്ന് വനംമന്ത്രി പറഞ്ഞതില്‍ പ്രകോപിതനായ, നിയമസഭ നിയന്ത്രിക്കേണ്ട ചീഫ് വിപ്പ് പ്രതിപക്ഷം നോട്ടീസ് നല്കിയപ്പോള് അത് വനംമന്ത്രി സ്പോണ്സര് ചെയ്തതാണെന്നാരോപിക്കുകയായിരുന്നു. ഈ സമിതിയുടെ മീറ്റിംഗില്‍ വനംമന്ത്രി ഗണേഷ്കുമാര് സന്നിഹിതനായിരുന്നില്ല എന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവനയെ ഖണ്ഡിച്ച് യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന് സമിതി രൂപീകരിച്ച കാര്യം താന്‍ ഗണേഷ്കുമാറിനെ അറിയിച്ചിരുന്നു എന്നാണ് പ്രസ്താവിച്ചത്. പക്ഷെ ആരെയും പിണക്കാതെ മുഖ്യമന്ത്രി പറയുന്നത് ഗണേഷ് പറയുന്നതും പി.സി. ജോര്‍ജ് പറയുന്നതും ശരിയാണ് എന്നാണ്. യുഡിഎഫ് സര്‍ക്കാരില്‍ കൂട്ടുത്തരവാദിത്തം ഇല്ല എന്ന് മാത്രമല്ല, ഘടകകക്ഷികള്‍ സ്വന്തക്കാരുടെ നിക്ഷിപ്ത താല്പര്യങ്ങള് സംരക്ഷിക്കാന്‍ ഗൂഢനീക്കങ്ങള്‍ നടത്തുന്നുമുണ്ട് എന്ന് വ്യക്തമായിരിക്കുകയാണ്. പ്രതിപക്ഷം ഇത് മുതലെടുക്കാന്‍ ശ്രമം തുടങ്ങിക്കഴിഞ്ഞു. ചീഫ് വിപ്പ് പി.സി. ജോര്‍ജിനെതിരെ അവകാശലംഘനത്തിന് സിപിഐയിലെ വി.എസ്. സുനില്‍കുമാര്‍ നോട്ടീസ് നല്‍കിക്കഴിഞ്ഞു. ചീഫ് വിപ്പ് പി.സി. ജോര്‍ജാകട്ടെ പത്രസമ്മേളനം നടത്തി ഗണേഷ്കുമാറിനെ അധിക്ഷേപിച്ച് പറഞ്ഞത് സിനിമാക്കാരന് ഭരിക്കാന്‍ വരേണ്ട എന്നാണ്. തമിഴ്നാട്ടില്‍ എംജിആറും ജയലളിതയും മുഖ്യമന്ത്രിയായത് ചൂണ്ടിക്കാണിച്ച് സിനിമാ സംഘടനകള്‍ സിനിമാക്കാരെ അപമാനിച്ചതിന് പി.സി. ജോര്‍ജിനെതിരെ രംഗത്തുവന്നുകഴിഞ്ഞു. തനിക്കെതിരെ ഭൂമാഫിയ ഉണ്ടെന്നും അതാരാണെന്ന് ഇപ്പോള്‍ വ്യക്തമായെന്നും വനംമന്ത്രിയും പറഞ്ഞു. താന്‍ 13 കൊല്ലമായി യുഡിഎഫ് അംഗമാണെന്നും പി.സി. ജോര്‍ജാകട്ടെ ഇപ്പോള്‍ മാത്രമാണ് യുഡിഎഫില്‍ വന്നതെന്നും ഗണേഷ്കുമാര് കൂട്ടിച്ചേര്‍ത്തു.
കേരള കോണ്‍ഗ്രസ് പ്രതിനിധിയായി ചീഫ്വിപ്പായ പി.സി. ജോര്‍ജ് തെറ്റായി ഒന്നും പറഞ്ഞില്ല എന്ന് പാര്‍ട്ടി ചെയര്മാന് കെ.എം. മാണി ന്യായീകരിക്കുമ്പോഴും പാര്‍ട്ടി സെക്രട്ടറി ആന്റണി രാജു പറയുന്നത് പി.സി. ജോര്‍ജിന്റെ പ്രകടനം അനാവശ്യമായിരുന്നു എന്നുതന്നെയാണ്. ഇല്ലാത്ത പ്രശ്നങ്ങള്‍ ഊതിവീര്പ്പിക്കാന് ശ്രമിക്കേണ്ടെന്നും തങ്ങള്‍ക്കിടയില്‍ പ്രശ്നങ്ങള്‍ ഇല്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാദിക്കുമ്പോഴും കൊലപാതക രാഷ്ട്രീയത്തിന്റെ പേരില്‍ പ്രതിഛായ നശിച്ച് നിരായുധരായ പ്രതിപക്ഷത്തിന് ആയുധം നല്‍കുകയാണ് ചീഫ് വിപ്പ്-വനംമന്ത്രി തര്‍ക്കം. വനംമന്ത്രി ഗണേഷ്കുമാര് ചീഫ് വിപ്പിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്കി പറഞ്ഞത് തനിക്ക് മുഖ്യമന്ത്രിയെ അനുസരിച്ചാല്‍ മതി എന്നാണ്. ഇപ്പോള്‍ പി.സി. ജോര്‍ജും ഗണേഷ്കുമാറിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്കി. പ്രതിപക്ഷ നേതാവാകട്ടെ തോട്ടം ഉടമകളുടെ കാര്യത്തില്‍ പി.സി. ജോര്‍ജിന് അമിത താല്പര്യമുണ്ടെന്നാണ് പറഞ്ഞത്. സൂപ്പര്‍ മുഖ്യമന്ത്രി ചമയുകയാണ് പി.സി. ജോര്‍ജ് എന്ന് യുഡിഎഫില്‍ തന്നെ അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. വനം കേസുകള്‍ കോടതിയില്‍ സര്‍ക്കാര്‍ സ്ഥിരമായി തോല്‍ക്കുന്നതായും നിയമവകുപ്പ് അലംഭാവം കാണിക്കുന്നതായും വനംവകുപ്പ് തന്നെ പരാതി നല്‍കിയിരുന്നു. പാട്ടക്കരാര്‍ ലംഘിച്ച 22 തോട്ടങ്ങള്‍ നെല്ലിയാമ്പതിയിലാണ്. യുഡിഎഫ് ഉപസമിതിയുടെ കൂടെ പി.സി. ജോര്‍ജ് നെല്ലിയാമ്പതി സന്ദര്‍ശിച്ച് തോട്ടം ഉടമകള്‍ക്ക് വേണ്ടിയാണ് വാദിച്ചത്. പ്രാദേശിക-സങ്കുചിത താല്പര്യങ്ങളാണ് ഈ വിഷയത്തില്‍ പ്രതിഫലിക്കുന്നത്. ഇതെല്ലാം വിരല്‍ചൂണ്ടുന്നത് യുഡിഎഫ് മന്ത്രിസഭക്ക് കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടു എന്നുതന്നെയാണ്. പി.സി. ജോര്‍ജിന്റെ പത്രസമ്മേളനത്തെ വിമര്‍ശിച്ച മുഖ്യമന്ത്രി നേതാക്കള്‍ സ്ഥാനത്തിന്റെ മാന്യത പുലര്‍ത്തണമെന്നാവശ്യപ്പെട്ടിരിക്കുകയാണ്. ഭരണത്തിന്റെ സുതാര്യത മുഖ്യമന്ത്രിയും ഉറപ്പാക്കേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: