തിരുവനന്തപുരം: നിഷ്ഠുരമായ രാഷ്ട്രീയ കൊലപാതകങ്ങള്ആസൂത്രണം ചെയ്ത നേതാക്കളുടെ അറസ്റ്റ് തടയാന്‍ സിപിഎം ആസൂത്രിത പദ്ധതി തയ്യാറാക്കി. കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമ്പോള്‍ അത് പാര്‍ട്ടിയെ തകര്‍ക്കാനുള്ള നീക്കമെന്ന ധാരണപരത്തി അണികളെ തെരുവിലിറക്കാനാണ് നീക്കം. തലശ്ശേരിയിലെ ഫസല്‍വധം, ഷുക്കൂര്‍വധം, ഒഞ്ചിയത്തെ ടി.പി.ചന്ദ്രന്ശേഖരന്റെ കൊലപാതകം എന്നിവ യാദൃച്ഛികമല്ലെന്നാണ് തെളിഞ്ഞുവരുന്നത്. അതിന് ഉന്നത നേതാക്കള്‍ ഉള്‍പ്പെട്ട ഗൂഢാലോചനയുണ്ടെന്നും വ്യക്തമാകുന്നു. തുടര്‍ന്നുള്ള അന്വേഷണം നേതാക്കളുടെ അറസ്റ്റിലേക്ക് നീങ്ങുമെന്ന ഭയമാണ് അണികളെ തെരുവിലിറക്കാന്‍ അവരെ പ്രേരിപ്പിക്കുന്നത്. സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പ്രസ്താവന അതിന്റെ സൂചനയാണ് നല്‍കുന്നത്.
ചന്ദ്രശേഖരന് വധക്കേസില്‍ പാര്‍ട്ടിയുടെ ഉന്നതനേതാക്കളെ ഉള്‍പ്പെടുത്താന്‍ ഹീനമായ നീക്കം നടക്കുന്നതായാണ് സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവിച്ചത്. അത്യന്തം അപലപനീയമായ ഈ നീക്കത്തിനെതിരെ സംസ്ഥാന വ്യാപകമായി ബഹുജന പ്രതിഷേധം ഉയര്‍ത്താനാണ് സെക്രട്ടേറിയറ്റ് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.
ചന്ദ്രശേഖരന് വധക്കേസ് അന്വേഷണം വഴിതെറ്റി എന്ന ആക്ഷേപം ശരിവയ്ക്കുംവിധത്തിലാണ് കേസ് അന്വേഷണം പുരോഗമിക്കുന്നത്. സിപിഎമ്മിന്റെ ഉന്നത നേതാക്കളെ ഈ കേസില്‍ ഉള്‍പ്പെടുത്താനുള്ള നീക്കമാണ് കേന്ദ്രസംസ്ഥാന ഭരണ സംവിധാനങ്ങള്‍ ഉപയോഗിച്ച് നടത്തികൊണ്ടിരിക്കുന്നത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനും സംസ്ഥാന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ഉള്‍പ്പെടെ നടത്തുന്ന ഗൂഢാലോചനയാണ് ഈ നീക്കത്തിന് പിന്നിലെന്നാണ് സിപിഎം ആരോപിക്കുന്നത്. നേരത്തെ അറസ്റ്റുചെയ്ത മോഹനന് മാസ്റ്ററെ കസ്റ്റഡിയില്‍ അതിക്രൂരമായി പീഡിപ്പിച്ച് ചോദ്യം ചെയ്യുന്നതും പോലീസ് തയ്യാറാക്കിയ തിരക്കഥ അനുസരിച്ചുള്ള ‘മൊഴി’ ബലമായി സമ്പാദിക്കാനാണ്. സംസ്ഥാന സര്‍ക്കാര്‍ തീക്കൊള്ളികൊണ്ട് തലചൊറിയുകയാണെന്ന് തിരിച്ചറിയണം. ഹീനമായ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി സിപിഎമ്മിനെതിരെ നടത്തുന്ന ഗൂഢാലോചനയും, കള്ളകേസ് ചുമത്തുന്ന നടപടികളും അവസാനിപ്പിക്കണമെന്നും സിപിഎം ആവശ്യപ്പെട്ടിരിക്കുകയാണ്.
ചന്ദ്രശേഖരന് വധക്കേസ് അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥന്മാരില്, എന്ത് അന്യായവും ചെയ്യാന്‍ സന്നദ്ധതയുള്ള ഒരു സംഘത്തെ തെറ്റായ നിലയില്‍ ഉപയോഗിച്ച് എല്ലാ നിയമവ്യവസ്ഥകളും കാറ്റില്‍ പറത്തി, നടന്നുവരുന്ന അന്വേഷണ പ്രഹസനം, യഥാര്‍ത്ഥ കൊലയാളികളെ കണ്ടെത്തുക എന്ന ലക്ഷ്യത്തില്‍ നിന്ന് വളരെ അകന്നുപോയിരിക്കുകയാണെന്നാണ് പാര്‍ട്ടി പറയുന്നത്. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നവരില്‍നിന്ന് ഒരു തെളിവും ലഭിക്കുന്നില്ലെങ്കിലും കസ്റ്റഡിയില്‍ ഉള്ളവര്‍ നല്‍കിയതായി പറയപ്പെടുന്ന കള്ള’മൊഴികള്‍’ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയാണ് പോലീസ് ചെയ്യുന്നതെന്നും സിപിഎം പറയുന്നു.
ഗൂഢാലോചനയിലൂടെയും, കള്ളകേസ് ചുമത്തിയും സിപിഎമ്മിനെ ദുര്‍ബലമാക്കാന്‍ കഴിയുമെന്ന് ആരും വ്യാമോഹിക്കേണ്ടതില്ലെന്ന് പാര്‍ട്ടി ഓര്‍മ്മിപ്പിക്കുന്നു. പാര്‍ട്ടി ഘടകങ്ങളെ തെരുവിലിറക്കി പോലീസ് നീക്കത്തെ തടസ്സപ്പെടുത്താനുള്ള തയ്യാറെടുപ്പാണ് സിപിഎം നടത്തുന്നത്. എന്നാല്‍ അതിനെ മറികടക്കാനുള്ള ശ്രദ്ധയോ ശ്രമമോ പോലീസിന്റെയും സര്‍ക്കാരിന്റെയും ഭാഗത്തുനിന്ന് നടക്കുന്നുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: