ശാസ്താംകോട്ട: ബാലകൃഷ്ണപിള്ള പ്രശ്നവും അഞ്ചാം മന്ത്രി പ്രശ്നവും ന്യൂനപക്ഷ പ്രീണനവും അടക്കം എല്ലാപ്രശ്നങ്ങളുടെയും ഉത്തരവാദി കെപിസിസി പ്രസിഡന്റും ഉമ്മന്‍ചാണ്ടിയുമാണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പറഞ്ഞു. കുന്നത്തൂര്‍ എന്‍എസ്എസ് കരയോഗ യൂണിയന്റെ പ്രവര്‍ത്തകസമ്മേളനവും നായര്സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നായര്‍ സമുദായത്തെ തുടര്‍ച്ചയായി ആക്ഷേപിക്കുന്ന നിലപാട് സിപിഎമ്മിന്റെ ഭാഗത്തു നിന്നുണ്ടായപ്പോള്‍ യുഡിഎഫിന് സംസ്ഥാന ഭരണം കിട്ടണമെന്ന് എന്‍എസ്എസ് ആഗ്രഹിക്കുകയും അതിനുള്ള അവസരമൊരുക്കുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു. എന്നാല്‍ മുസ്ലീം ലീഗിനെ മുന്നില്‍ നിര്‍ത്തി യുഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കിവരുന്ന ന്യൂനപക്ഷ പ്രീണനം കാണുമ്പോള്‍ മുന്‍നിലപാട് അബദ്ധമായിപ്പോയതായാണ് എന്‍എസ്എസ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഒരു വിഭാഗത്തിന് കൂടുതല്‍ സഹായവും മറു വിഭാഗത്തിന് കടുത്ത അവഗണനയും എന്ന നിലപാടില്‍ നിന്നും കോണ്‍ഗ്രസ് മാറണമെന്ന എ.കെ.ആന്റണിയുടെ നിലപാടാണ് എന്‍എസ്എസിനും ഉള്ളത്. ന്യൂനപക്ഷ പ്രീണനം വഴി ജനസമൂഹത്തെ വിഘടിപ്പിച്ചു നിര്‍ത്താനാണ് യുഡിഎഫ് ശ്രമിക്കുന്നത്. ഈ നിലപാട് തുടര്‍ന്നാല്‍ എസ്എന്‍ഡിപി അടക്കമുള്ള ഹിന്ദുസംഘടനകളുമായി ചേര്‍ന്ന് പ്രീണന നയത്തെ ചെറുത്ത് തോല്‍പ്പിക്കും. വിദ്യാഭ്യാസ മേഖല അടക്കമുള്ള വികസന പ്രവര്‍ത്തനങ്ങള്‍ എല്ലാം ഇന്ന് മലപ്പുറത്ത് മാത്രമാണ് കാണുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഹിന്ദുക്കളെ തമ്മിലടിപ്പിക്കാനാണ് സംവരണ പ്രശ്നം രാഷ്ട്രീയപ്പാര്‍ട്ടികള്‍ കൊണ്ടുവന്നതെന്ന് സുകുമാരന്‍നായര്‍ ആരോപിച്ചു. എന്‍എസ്എസ് എക്കാലത്തും ഇതിന് എതിരാണെന്നും ശക്തമായി അത് തുടരുമെന്നും അദ്ദേഹം പറഞ്ഞു. അവകാശം നിഷേധിക്കുന്നതിന് എതിരായുള്ള സമരമാണിത്. മറ്റ് വിഭാഗങ്ങള്‍ക്കെതിരായുള്ള സമരം ചെയ്യലല്ല. ബാലകൃഷ്ണപിള്ള-ഗണേഷ്കുമാര് പ്രശ്നത്തില്‍ എന്‍എസ്എസ് പിള്ളയ്ക്കൊപ്പമാണെന്നും ഗണേഷിന്റെ ധിക്കാരപരമായ നടപടിയാണ് ഇതിന് കാരണമെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: