ന്യൂദല്‍ഹി: ലോകരാഷ്ട്രങ്ങളിലെ പാര്‍ലമെന്റുകളില്‍ വനിതാ ജനപ്രതിനിധികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്. എന്നാല്‍ ഇന്ത്യയില്‍ നേരിയ വര്‍ധനവാണ് രേഖപ്പെടുത്തിയതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. 1995-2012 കാലഘട്ടത്തില്‍ 75 ശതമാനം വര്‍ധനയാണ് ലോകമെമ്പാടും രേഖപ്പെടുത്തിയതെന്നും യുഎന്നിന്റെ മില്ലേനിയം ഡെവലപ്മെന്റ് ഗോള്‍ഡ് റിപ്പോര്‍ട്ട് 2012 ല്‍ പറയുന്നു.
1995 ല്‍ ലോകമെമ്പാടും 11.3 ശതമാനമാണ് സ്ത്രീ പ്രാതിനിധ്യം ഉണ്ടായിരുന്നത്. എന്നാല്‍ 2012 ല്‍ യുഎന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ 19.7 ശതമാനം വര്‍ധനവാണ് ഉണ്ടായത്. അതേസമയം 1991-2012 കാലഘട്ടത്തില്‍ ഇന്ത്യന്‍ പാര്‍ലമെന്റിലെ വനിതാ പ്രാതിനിധ്യം 9.7 ശതമാനത്തില്‍നിന്ന് 10.96 ശതമാനമായിട്ടാണ് ഉയര്‍ന്നത്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ വ്യവസ്ഥയുള്ള രാജ്യമായ ഇന്ത്യയില്‍ 2011 ലെ ലോക്സഭയിലെ 544 സീറ്റുകളില്‍ 60 പേര് മാത്രമാണ് വനിതാ ജനപ്രതിനിധികളായിട്ടുള്ളത്. 241 അംഗരാജ്യസഭയില് സ്ത്രീ പ്രാതിനിധ്യം വെറും 26 മാത്രമാണ്.
ഇന്റര്‍പാര്‍ലമെന്ററി യൂണിയന് (ഐപിയു) പുറത്തുവിട്ട റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പാര്‍ലമെന്റിലെ സ്ത്രീ പ്രാതിനിധ്യത്തിന്റെ കാര്യത്തില്‍ ലോകറാങ്കില്‍ ഇന്ത്യ 98-ാം സ്ഥാനത്താണ്. എന്നാല്‍ വനിതാ മന്ത്രിമാരുടെ കാര്യത്തില്‍ നേരിയ കുറവാണ് ലോകമെമ്പാടും ഉണ്ടായത്.
2005 ല്‍ 14.2 ശതമാനം വനിതാ മന്ത്രിമാരാണ് പാര്‍ലമെന്റുകളില്‍ ഉണ്ടായിരുന്നത്. 2012 ആയപ്പോള്‍ ഇത് 16.7 ശതമാനമായി ഉയര്‍ന്നുവെന്ന് യുഎന്നിന്റെ എംഡിജി ഗോള്‍ഡ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. സാമൂഹിക ക്ഷേമം, കുടുംബാസൂത്രണം, വനിതാ-ശിശു ക്ഷേമം, വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകളാണ് സാധാരണഗതിയില്‍ വനിതാപ്രതിനിധികള്ക്കു നല്‍കിവരുന്ന വകുപ്പുകളെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയില്‍ മാത്രമല്ല ലോകമെമ്പാടുമുള്ള പാര്‍ലമെന്റുകളില്‍ വനിതാ പ്രതിനിധികളുടെ കാര്യമാണ് ഇത്. പാര്‍ലമെന്റില്‍ വനിതാ പ്രതിനിധികള്‍ക്ക് പ്രാതിനിധ്യം നല്‍കുന്നതിന് പ്രത്യേക ക്വാട്ട സമ്പ്രദായം പ്രധാനപ്പെട്ടതാണെന്നും ഇത് സ്ത്രീകളെ ഒരു പരിധിവരെ സഹായിക്കുമെന്നും യുഎന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. 2001 ല്‍ 59 രാഷ്ട്രങ്ങളില്‍ തെരഞ്ഞെടുപ്പുകള്‍ നടന്നതില്‍ 26 രാഷ്ട്രങ്ങളാണ് സ്ത്രീകള്‍ക്ക് പ്രത്യേക പരിഗണന നല്‍കിയത്. 17 രാഷ്ട്രങ്ങള്‍ തെരഞ്ഞെടുപ്പ് ക്വാട്ടയും ഉപയോഗിച്ചു. പാര്‍ലമെന്റിലെ വനിതാ പ്രാതിനിധ്യം വര്‍ധിച്ചുവരുന്നതിനെ യുഎന്‍ അഭിനന്ദിച്ചിട്ടുണ്ട്. ഇത്തരമൊരു പ്രവണത വളരെ നല്ലതാണെന്നും യുഎന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ഡെന്മാര്ക്ക്, ഫിന്‍ലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലാണ് സ്ത്രീ പ്രാതിനിധ്യം കൂടുതലുള്ളത്. ഏഷ്യന്‍ രാജ്യങ്ങളുടെ പട്ടികയില്‍ തായ്ലന്റാണ് മുന്‍നിരയില്‍. ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ 23 ശതമാനമാണ് വനിതാ പ്രാതിനിധ്യനിരക്ക്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ 20 ശതമാനം വര്‍ധനവും റിപ്പോട്ട് ചെയ്യുന്നത്.
സ്ത്രീ പ്രതിനിധികളെ സ്ഥാനാര്‍ത്ഥിയാക്കാന്‍ വിമുഖത കാട്ടുന്നത് ഇവരുടെ വിജയസാധ്യത കുറവായതുകൊണ്ടാണെന്ന് ഇന്ത്യയിലെ മിക്ക രാഷ്ട്രീയ പ്രവര്‍ത്തകരും ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയില്‍ നിയമനിര്‍മാണസഭകളിലേക്ക് സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ വളരെ കുറച്ച് സ്ത്രീ പ്രാതിനിധ്യമാണ് ഇവിടെ കണ്ടുവരുന്നതെന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: