ന്യൂദല്‍ഹി: രാഷ്ട്രീയ പ്രതിയോഗികളെ പട്ടിക തയ്യാറാക്കി കോന്നിട്ടുണ്ടെന്ന വിവാദ പ്രസംഗത്തിന്റെ അടിസ്ഥാനത്തില്‍ തനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര് റദ്ദാക്കണമെന്നും കേസുകള്‍ പുനരന്വേഷിക്കാനുള്ള സര്‍ക്കാര്‍ നീക്കം വിലക്കണമെന്നും ആവശ്യപ്പെട്ട് സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറിയായിരുന്ന എം.എം.മണി സുപ്രീംകോടതിയില്‍ ഹര്‍ജി നല്കി.
അഭിഭാഷകനായ ജി.പ്രകാശ് മുഖേനയാണ് മണി ഹര്‍ജി നല്‍കിയത്. ഇതേ ആവശ്യമുന്നയിച്ച് മണി സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. ഇതേതുടര്‍ന്നാണ് മണി സുപ്രീംകോടതിയെ സമീപിച്ചത്. ഒരിക്കല്‍ വിചാരണ പൂര്‍ത്തിയായ കേസില്‍ പുനരന്വേഷണത്തിന് ഉത്തരവിടാന്‍ തൊടുപുഴ മജിസ്ട്രേറ്റ് കോടതിക്ക് അധികാരമില്ലെന്നും മണി ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
അഞ്ചേരി ബേബി, മുട്ടുകാട് നാണപ്പന് വധക്കേസുകളിലെ പുനരന്വേഷണം റദ്ദാക്കണമെന്നാണ് മണി ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. തന്റെ പ്രസംഗം വളച്ചൊടിച്ചുവെന്നും സര്‍ക്കാര്‍ അധികാര ദുര്‍വിനിയോഗം നടത്തിയെന്നും മണി ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
അതിനിടെ മണിയുടെ ഹര്‍ജിക്കെതിരെ കേരള സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ തടസഹര്‍ജി നല്കി. മണി സമര്‍പ്പിക്കുന്ന ഹര്‍ജികളില്‍ സര്‍ക്കാരിന്റെ വാദം കേള്‍ക്കാതെ തീരുമാനമെടുക്കരുതെന്നാണ് സര്‍ക്കാരിന്റെ ആവശ്യം. മണക്കാട്ടെ പ്രസംഗത്തിന്റെ പേരിലെടുത്ത കേസുമായി ബന്ധപ്പെട്ട് മണിയെ ഇന്നലെ പ്രത്യേക അന്വേഷണ സംഘം തൊടുപുഴയില്‍ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: