കൊച്ചി: എറണാകുളം ജില്ലയില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ രജിസ്റ്റര്‍ ചെയ്തത് 1263 അബ്കാരി കേസുകള്‍. 3840 ലിറ്റര്‍ വിദേശമദ്യം, 5147 ലിറ്റര്‍ കള്ള്, 8432 ലിറ്റര്‍ സ്പിരിറ്റ്, 37 ലിറ്റര്‍ ചാരായം, 9424 ലിറ്റര്‍ വാഷ്, 897 ലിറ്റര്‍ അരിഷ്ടം, 63 കിലോഗ്രാം കഞ്ചാവ് എന്നിവയും ജില്ലയിലെ എക്സൈസ് വകുപ്പ് കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ പിടിച്ചെടുത്തു. കേസുകളുമായി ബന്ധപ്പെട്ട് 54 വാഹനങ്ങളും പിടികൂടി.
അബ്കാരി കേസില്‍ ഉള്‍പ്പെട്ട 63 വാഹനങ്ങളാണ് കഴിഞ്ഞ വര്‍ഷം സര്‍ക്കാരിലേക്ക് കണ്ടുകെട്ടിയത്. ഇതില്‍ 39 വാഹനങ്ങള്‍ പരസ്യലേലം നടത്തിയതിലൂടെ 23.35 ലക്ഷം രൂപ സര്‍ക്കാര്‍ ഖജനാവിലെത്തി. അബ്കാരി കുടിശികയായി കഴിഞ്ഞ വര്‍ഷം പിരിച്ചെടുത്തത് 116358 രൂപ.
ഒഴിവുള്ള തസ്തികകള്‍ നികത്താനും സ്ഥാനക്കയറ്റം നല്‍കാനും നടപടി സ്വീകരിച്ചതോടെ ജില്ലയിലെ എക്സൈസ് വകുപ്പിന്റെ പ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജിതമായിട്ടുണ്ട്. 52 എക്സൈസ് ഗാര്‍ഡുമാര്‍ക്ക് പുതുതായി നിയമനം ലഭിച്ചപ്പോള്‍ 23 വര്‍ഷം പൂര്‍ത്തിയാക്കിയ സീനിയര്‍ പ്രിവന്റീവ് ഓഫീസര്‍മാര്‍ക്ക് അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ ഗ്രേഡ് അനുവദിച്ചും സര്‍ക്കാര്‍ ഉത്തരവായി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മാര്‍ച്ച് 31ന് ശിലാസ്ഥാപനം നടത്തിയ എക്സൈസ് മേഖല ഓഫീസ് സമുച്ചയത്തിന്റെ നിര്‍മാണവും ആരംഭിച്ചു.
ലഹരി വിരുദ്ധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കാനായതാണ് എക്സൈസ് വകുപ്പിന്റെ മറ്റൊരു നേട്ടം. മുഖ്യമന്ത്രിയും മന്ത്രിമാരും അടക്കമുള്ളവര്‍ വിവിധ പരിപാടികളില്‍ പങ്കെടുത്തു. വ്യാജമദ്യം, വ്യാജക്കള്ള് എന്നിവയുടെ ഉല്‍പ്പാദനം ഇല്ലാതാക്കാന്‍ എക്സൈസ് വകുപ്പിന് കഴിഞ്ഞു. സ്കൂള്‍, കോളേജ് പരിസരങ്ങളില്‍ സിഗരറ്റ്, പാന്‍മസാല, ബീഡി എന്നിവയുടെ വില്‍പ്പനയും നിര്‍മാര്‍ജനം ചെയ്തു. വ്യക്തിക്ക് കൈവശം വയ്ക്കാവുന്ന മദ്യത്തിന്റെ അളവ് 2.7 ലിറ്ററില്‍ നിന്നും 1.5 ലിറ്ററാക്കി കുറച്ച സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കുന്നതിനുള്ള നടപടികളും ജില്ലയില്‍ ഊര്‍ജിതമാണ്.
മദ്യത്തിന്റെയും ലഹരിപദാര്‍ത്ഥങ്ങളുടെയും ഉപയോഗം കുട്ടികളിലും യുവാക്കളിലും കുറയ്ക്കുന്നതിനുള്ള ബോധവല്‍ക്കരണത്തിന്റെ ഭാഗമായി സ്കൂളുകള്‍ കേന്ദ്രീകരിച്ച് 38 ആന്റി ലിക്വര്‍ ക്ലബ്ബുകള്‍ക്ക് രൂപം നല്കി. 189 ബോധവല്‍ക്കരണ സ്ക്വാഡുകളും പ്രവര്‍ത്തിക്കുന്നു. പൊതുജനങ്ങളില്‍ നിന്ന് ലഭിക്കുന്ന പരാതികള്‍ ഉടനടി അന്വേഷിച്ച് നടപടി സ്വീകരിക്കുന്നതിന് താലൂക്ക് തലത്തില്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരുടെ നേതൃത്വത്തില്‍ ഹെല്‍പ്പ് ഡസ്കുകളും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് എക്സൈസ് ഡപ്യൂട്ടി കമ്മീഷണര്‍ കെ.മോഹനന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: