ഇന്ത്യന്‍ ടെന്നീസിലെ ഏറ്റവും മോശപ്പെട്ട ദിനമെന്ന് ഇന്ത്യയിലെ ഏറ്റവും മികച്ച ടെന്നീസ് താരങ്ങളിലൊരാളായ മഹേഷ് ഭൂപതി വിലപിക്കുക ഏത് ദിവസത്തെക്കുറിച്ചായിരിക്കും? എന്തായാലും അത് ടെന്നീസ് ലോകത്തെ നഷ്ടസ്വപ്നങ്ങളെയോ ടെന്നീസ് കോര്‍ട്ടിലെ ജയപരാജയങ്ങളെയോ സംബന്ധിച്ചുള്ളതല്ല. ഈ വര്‍ഷത്തെ ലണ്ടന്‍ ഒളിംപിക്സില്‍ ലിയാന്‍ഡര്‍ പേസിനൊപ്പം ഡബിള്‍സ് കളിക്കണമെന്ന് ആള് ഇന്ത്യ ടെന്നീസ് അസോസിയേഷന് (എഐടിഎ) തീരുമാനമെടുത്ത ദിവസമത്രേ ഭൂപതിയുടെ ഏറ്റവും മോശപ്പെട്ട ദിനം! എങ്കിലും പേസിനൊപ്പമില്ലെന്ന് ഭൂപതി ഉറച്ചതോടെ രണ്ട് ടീമിനെ അയക്കാന്‍ അസോസിയേഷന് തീരുമാനിച്ചു; പേസിനൊപ്പം വിഷ്ണുവര്‍ദ്ധനും ഭൂപതിക്കൊപ്പം ബൊപ്പണ്ണയും. ഉടനെ വന്നു പേസിന്റെ മറുപടി. ജൂനിയറായ വിഷ്ണുവര്‍ദ്ധമൊപ്പം താനില്ല, ഒളിംപിക്സില്‍ നിന്നും പിന്മാറുന്ന കാര്യം ആലോചിക്കും.മത്സരത്തിനു മുമ്പേ തോല്‍ക്കുന്ന പതിവ് ഇന്ത്യന്‍ സ്റ്റെയില്‍.
ഇന്ത്യന്‍ ടെന്നീസിന്റെ അന്താരാഷ്ട്ര മുഖമാണ് പേസും ഭൂപതിയും. ടെന്നീസില്‍ ഇന്ത്യയ്ക്ക് മേല്‍വിലാസമുണ്ടാക്കിയെടുത്ത ‘ഇന്ത്യന്‍ എക്സ്പ്രസ്’ ജോഡി. ടെന്നീസ് കോര്‍ട്ടിലെ ഏത് ആധിപത്യത്തെയും വെല്ലുവിളിയെയും അതിജീവിക്കാന്‍ പ്രാപ്തിയുള്ളവര്‍. ഇന്ത്യ ഏറ്റവുമധികം ടെന്നീസ് കിരീടങ്ങള്‍ നേടിയിട്ടുള്ളതും ഇവരിലൂടെ തന്നെ. 1999ലെ ഇന്ത്യന്‍ ജോഡിയുടെ പ്രകടനം ഒരിക്കലെങ്കിലും ഓര്‍ക്കാത്തവരുണ്ടാവില്ല. നാല് ഗ്രാന്സ്ലാമുകളില് ഫൈനലിലെത്തിയ പേസ് ഭൂപതി കൂട്ടുകെട്ട് ഫ്രഞ്ച് ഓപ്പണിലും വിമ്പിള്‍ഡണിലും കിരീടം ചൂടി. 2001ല്‍ ഫ്രഞ്ച് ഓപ്പണില്‍ നേട്ടം ആവര്‍ത്തിച്ചു. കഴിഞ്ഞ നാല് ഒളിംപിക്സുകളില്‍ ഇന്ത്യന്‍ പ്രതീക്ഷകളെ ടെന്നീസ് കോര്‍ട്ടില്‍ ആളിക്കത്തിച്ചതും ഇവര്‍ തന്നെ. 2004ലെ ഏതന്‍സ് ഒളിംപിക്സില്‍ പ്ലേ ഓഫില്‍ തോറ്റ് വെങ്കലം നഷ്ടപ്പെട്ടപ്പോള്‍ തന്റെ ജീവിതത്തിലെ ദുരന്തദിനമെന്ന് പേസിനൊപ്പം വിലപിച്ച ഭൂപതി അതിനേക്കാള്‍ വലിയ ദുരന്തമാണ് പേസിനൊപ്പം കളിക്കുന്നതെന്ന് ഇപ്പോള്‍ പ്രഖ്യാപിക്കുന്നു!
ഭൂപതി-പേസ് സഖ്യത്തിന്റെ കരിയറില്‍ വഴിപിരിയലുകളും കൂടിച്ചേരലുകളും പുതുമയല്ല. ഒരുമിച്ച് മുന്നേറിയും കലഹിച്ച് പിരിഞ്ഞും വാര്‍ത്തകളില്‍ ഇടം നേടിയവര്‍. 12 വര്‍ഷം മുമ്പായിരുന്നു ആദ്യത്തെ വഴിപിരിയല്‍. പരിക്കിനെ തുടര്‍ന്ന് ആറ് മാസത്തോളം വിശ്രമത്തിലായിരുന്ന ഭൂപതി തിരിച്ചുവന്നപ്പോള്‍ പേസിനൊപ്പം കളിക്കാന്‍ കൂട്ടാക്കിയില്ല. എന്നാല്‍ സിഡ്നി ഒളിംപികസിന് വേണ്ടി ഒന്നിച്ചു. 2002ല്‍ ദെല്‍റേ ബീച്ചിലെ ആദ്യറൗണ്ട് തോല്‍വിയെത്തുടര്‍ന്ന് ആരോപണ പ്രത്യാരോപണങ്ങളുമായി രണ്ടാമതും സഖ്യം പിരിഞ്ഞു. 2004ലെ ഏതന്‍സ് ഒളിംപിക്സില്‍ ഒന്നിച്ചെങ്കിലും ഒളിംപിക്സിനുശേഷം ഇരുവരും സ്വന്തം വഴിക്ക് നീങ്ങി. പിന്നീട് ആറ് വര്‍ഷത്തോളം ഒറ്റയ്ക്ക്. ഒടുവില്‍ ലണ്ടന്‍ ഒളിംപിക്സിനുവേണ്ടി ഒരിക്കല്‍ക്കൂടി ഒന്നിച്ചു. എന്നാല്‍ കഴിഞ്ഞ നവംബറില്‍ അതിനും അവസാനമായി. ഓരോ തവണയും പേസിനെയും ഭൂപതിയെയും ഒന്നിപ്പിച്ചത് ഒളിംപിക്സായിരുന്നു. ഇത്തവണ സ്വയം ഒരുമിക്കാന്‍ കൂട്ടാക്കാതിരുന്ന ഇവരെ ഒന്നിപ്പിക്കാനുള്ള അസോസിയേഷന് തീരുമാനവും പാളി. ഇത്രയുംകാലം കളത്തിനുപുറത്തെ കളി കണ്ടിരുന്ന അസോസിയേഷന് ഒളിംപിക്സ് അടുത്തതോടെയാണ് ബോധോദയമുണ്ടായത്.
രണ്ട് ടീമിനെ അയക്കാന്‍ സാഹചര്യമുണ്ടായിട്ടും പേസ്-ഭൂപതി സഖ്യം മാത്രം മതിയെന്ന തീരുമാനത്തിലെത്താന്‍ അസോസിയേഷനെ പ്രേരിപ്പിച്ചത് എന്തായിരിക്കും? ഉത്തരം വ്യക്തം; ഏറ്റവും മികച്ച ടീം. ഈ വര്‍ഷത്തെ ഇരുവരുടെയും നേട്ടങ്ങള്‍ തന്നെ അസോസിയേഷന് തീരുമാനത്തെ ന്യായീകരിക്കുന്നു. ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഡബിള്‍സില്‍ റാഡെക് സ്റ്റീപാനിക്കിനൊപ്പം കിരീടം നേടിയ പേസ്, സാനിയ മിര്‍സയ്ക്കൊപ്പം ഫ്രഞ്ച് ഓപ്പണ്‍ മിക്സഡ് ഡബിള്‍സില്‍ കിരീടം നേടിയ ഭൂപതി-അനുഭവസമ്പത്തും ഏറ്റവുമധികം വിജയസാധ്യതയുമുള്ള മികച്ച കളിക്കാര്‍. എണ്ണം കൂടുന്നതില്‍ കാര്യമില്ലെന്ന് ഇന്ത്യ പല തവണ തെളിയിച്ചിരിക്കുന്ന സാഹചര്യത്തില്‍ പേസ്-ഭൂപതി സഖ്യം തന്നെയാണ് ലണ്ടനിലേക്ക് പോകേണ്ടത്.
എന്നാല്‍ ദിവസങ്ങള്‍ക്ക് ശേഷം രണ്ട് ടീമിനെ പ്രഖ്യാപിച്ച് അസോസിയേഷന് മലക്കം മറിഞ്ഞു. ടീം തെരെഞ്ഞെടുപ്പിന്റെ മാനദണ്ഡം മികവാണെന്ന് ആദ്യം വ്യക്തമാക്കിയ അസോസിയേഷന് നയതന്ത്രബുദ്ധിയാണ് പിന്നീടുപയോഗിച്ചത്. ഈ കളിയില്‍ ആരും ജയിക്കുകയോ തോല്‍ക്കുകയോ ചെയ്തിട്ടില്ലത്രേ! ആരെയും പിണക്കാന്‍ അസോസിയേഷന് താല്പര്യമില്ലെന്ന് വ്യക്തം. നമ്മളൊന്നടങ്കം തോറ്റുകൊണ്ടിരിക്കുകയാണെന്ന് എന്നാണിനി അസോസിയേഷന് മനസ്സിലാക്കുക.
ഏറ്റവും മികച്ച കളിക്കാരെയാണ് ടീമിലുള്‍പ്പെടുത്തേണ്ടതെന്ന കാര്യത്തില്‍ സംശയമില്ല. ക്രിക്കറ്റായാലും ഫുട്ബോളായാലും അങ്ങിനെതന്നെ. ഇവിടെ ഭൂപതിക്കും ബൊപ്പണ്ണയ്ക്കും പേസിനെ വേണ്ട. പേസിന് വിഷ്ണുവര്‍ദ്ധനും പറ്റില്ല. വ്യക്തി താല്പര്യങ്ങള്ക്കനുസൃതമായി ദേശീയ താല്പര്യത്തെ നിര്‍വ്വചിക്കാന്‍ തയ്യാറാകുന്ന കളിക്കാര്‍. താനിക്ക് താല്പര്യമില്ലാത്തവരെ ടീമിലുള്‍പ്പെടുത്താന്‍ പാടില്ലെന്ന് എങ്ങിനെയാണ് ഒരു കളിക്കാരന് പ്രഖ്യാപിക്കാന്‍ കഴിയുക? ആ ന്യായവാദം അംഗീകരിക്കാന്‍ അസോസിയേഷനും കായിക മന്ത്രാലയത്തിനും സാധിക്കുന്നതെങ്ങനെ? സ്വയം പ്രഖ്യാപിത തീരുമാനങ്ങളുമായി മുന്നോട്ട് പോകുന്നവര്‍ക്ക് രാജ്യത്തെ പ്രതിനിധീകരിക്കാന്‍ അര്‍ഹതയുണ്ടോ? എന്ത് സന്ദേശമാണ് ഇതിലൂടെ ഇന്ത്യയുടെ മഹാന്മാര് കായിക ലോകത്തിന് നല്‍കുന്നത്? അതെന്തായാലും വരുംതലമുറയ്ക്ക് മാതൃകയായിരിക്കില്ല. ഒളിംപിക്സ് മെഡലുകള്‍ക്ക് ഇന്ത്യ എത്രത്തോളം പ്രാധാന്യം കല്‍പ്പിക്കുന്നുവെന്ന് പറയേണ്ടതില്ല.
ഫെഡറേഷന്റെ അധികാരപരിധിക്കും താരങ്ങളുടെ ആഭ്യന്തര കലഹങ്ങള്‍ക്കുമപ്പുറം ഒളിംപിക്സ് വേദിയില്‍ ഇന്ത്യന്‍ ദേശീയഗാനം മുഴങ്ങുന്ന ദിനത്തിനു വേണ്ടി കാതോര്‍ത്തിരിക്കുന്നവരെ താരങ്ങള്‍ കാണേണ്ടിയിരിക്കുന്നു. കളിക്കാരെ താരങ്ങളാക്കുന്നത് അവരാണ്. രണ്ട് പതിറ്റാണ്ടിലേറെയായി ടെന്നീസ് കോര്‍ട്ടിലെ ജയപരാജയങ്ങള്‍ക്കൊപ്പം ജീവിതത്തെ നിര്‍വ്വചിച്ച, ഇന്ത്യന്‍ ടെന്നീസിന്റെ കയറ്റിറക്കങ്ങള്‍ക്കൊപ്പം സഞ്ചരിച്ച ഭൂപതിയെയും പേസിനെയും ‘ദേശീയ താല്പര്യ’ത്തെക്കുറിച്ച് ഓര്‍മ്മിപ്പിക്കേണ്ടി വരരുതായിരുന്നു. ചില നഷ്ടങ്ങള്‍ രാജ്യത്തിന്റേതു കൂടിയാണെന്ന് ഓര്‍മ്മിച്ചേ മതിയാകൂ.
കെ.സുജിത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: