കൊച്ചി: വ്യക്തിജീവിതത്തിനു പോലും ആവശ്യത്തിനു സമയം തികയുന്നില്ലെന്ന പരാതി മാറ്റിവച്ച് മാധ്യമപ്രവര്‍ത്തകര്‍ നല്ല വിദ്യാര്‍ഥികളായി. ‘ഇന്റര്‍നെറ്റ് ഒരു മികച്ച മാധ്യമ ഉപകരണം’ എന്ന വിഷയത്തില്‍ ഇനി രണ്ടു ദിവസത്തെ പഠനമാണവര്‍ക്ക്. പ്രമുഖ ഇന്റര്‍നെറ്റ് അധിഷ്ഠിത മാധ്യമ പ്രവര്ത്തകന് ആനന്ദ് പാര്‍ഥസാരഥിയുടെ ആദ്യക്ലാസ് തന്നെ കണക്കും ചിന്തയും ചിരിയും നിറഞ്ഞൊരു പഠനകാലത്തെ സ്മരണകള്‍ അവര്‍ക്കു നല്കി.
കഴിഞ്ഞ ജൂണ്‍ 25 ലെ കണക്കുപ്രകാരം 937 ദശലക്ഷം മൊബെയില്‍ ഫോണുകളാണ് രാജ്യത്തുളളതെന്ന് ആനന്ദ് പാര്‍ഥസാരഥി വ്യക്തമാക്കി. മൊബെയില്‍ ഫോണുകളില്‍ ലോകത്തു തന്നെ ഏറ്റവും വളര്‍ച്ചാനിരക്കുളള രാജ്യങ്ങളില്‍ ഒന്നാമതാണ് ഇന്ത്യ. നാലു ദശലക്ഷത്തോളം മൊബെയില്‍ ഫോണുകളാണ് ഒരോമാസവും ഈ നിരയിലേക്കു കൂട്ടിചേര്‍ക്കുന്നത്.
പി.സി ജനങ്ങള്‍ എവിടെയും ഉപയോഗിക്കുന്ന ഒന്നായി മാറി. നെറ്റ്ബുക്കുകളുടെ വരവ് ഇത് കൂടുതല്‍ ആയാസരഹിതമാക്കി. ഡി.വി.ഡി-റൈറ്ററുകളും മറ്റും യു.എസ്.ബി ക്കു വഴിമാറി. യു.എസ്.ബി (യൂണിവേഴ്സല്‍ സീരിയല്‍ ബസ്) രൂപകല്പന ചെയ്തയാള്‍ ഭാരതീയനായ അജയ് ഭട്ടാണെന്ന് മനസിലാക്കുമ്പോള്‍ വിപ്ലവകരമായ മാറ്റത്തിനു വഴിതെളിക്കാനായതില് അഭിമാനം തോന്നില്ലേ. ലോകത്ത് ഈ മേഖലയില്‍ നടക്കുന്ന പല വന്‍ മാറ്റങ്ങള്‍ക്കും ചുക്കാന്‍ പിടിക്കുന്നത് ഇന്ത്യക്കാരാണെങ്കിലും നാമത് വേണ്ടത്ര അംഗീകരിക്കാറില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ മൈക്രോസോഫ്റ്റ് പോലുളള സ്ഥാപനങ്ങള്‍ പത്രസമ്മേളനത്തിലൂടെ ഇക്കാര്യങ്ങള്‍ അറിയിക്കുമ്പോള്‍ കൊട്ടിഘോഷിക്കുകയും ചെയ്യും.
സ്മാര്‍ട്ട് ടി.വി കളുടെ കാലത്ത് ഒരു ലക്ഷം രൂപ മുടക്കാന്‍ കഴിയാത്തവര്‍ക്കായി 12995 രൂപയ്ക്ക് സെറ്റ് ടോപ്പ് ബോക്സുപോലുളള സംവിധാനവും വരികയാണ്. ഇത് ടി.വി യുമായി ബന്ധിപ്പിച്ചാല്‍ ഒരേ റിമോര്‍ട്ട് ഉപയോഗിച്ച് ടി.വി യും പി.സി യും പ്രവര്‍ത്തിപ്പിക്കാനാവും. ഇന്ന് മൂന്നിന്ത്യക്കാരില് രണ്ടുപേര്‍ക്ക് ഒരു ഫോണ്‍ ഉണ്ടെന്നാണ് കണക്ക്. 20-ല്‍ ഒരാള്‍ക്ക് വീതം പി.സി ഇന്റര്‍നെറ്റ് സംവിധാനമുണ്ട്. 200 ദശലക്ഷം ഇന്ത്യക്കാരാണ് ഫോണ്‍ വഴിയോ പി.സി വഴിയോ ഇന്റര്‍നെറ്റ് സേവനം അനുഭവിക്കുന്നത്.
ഇത്തരം സംവിധാനങ്ങളെല്ലാം പുതിയൊരു വ്യാപാര, വെബ്സേവന, ഇ-കൊമേഴ്സ് സാധ്യതകള്‍ മുന്നോട്ടു വയ്ക്കുന്നതായി പാര്‍ഥസാരഥി ചൂണ്ടിക്കാട്ടി. കൊച്ചി ആസ്ഥാനമായ പാരഡൈസ് ഗ്രൂപ്പിന്റെ അന്സിഫ് അഷറഫ് ഇത്തരത്തില്‍ ഇ-വ്യാപാരത്തില്‍ അദ്വിതീയമായ സ്ഥാനം നേടിയ ആളാണ്. ഇന്ന് സ്വന്തമായി പുതിയ ഇ-വ്യാപാര മാതൃകകള്‍ സ്ഥാപിക്കുന്ന അന്സിഫ് ഈ രംഗത്തെ മറ്റുളളവരുമായി അനുഭവം പങ്കിടുകയും ചെയ്യുന്നുണ്ട്.
ഇ-ഗവേണന്‍സ് തുടങ്ങിയ മേഖലകളില്‍ രാജ്യത്ത് ഇതിനകം ഈ സംവിധാനം വ്യാപകം ഉപയോഗിച്ചു വരുന്നുണ്ട്. മൈക്രോ ബാങ്കിങ് വഴി ദേശീയ തൊഴിലുറപ്പു പദ്ധതി ഗുണഭോക്താക്കള്‍ക്ക് പണം ന്ലകുന്ന സംവിധാനം ഇതിനകം ആന്ധ്രയിലും ഒഡീഷ്യയിലും നടപ്പാക്കി കഴിഞ്ഞു. കേരളത്തില്‍ പ്രസവം കഴിഞ്ഞ് വീട്ടില്‍ പോകുമ്പോള്‍ ജനനസര്‍ട്ടിഫിക്കറ്റ് നല്കുന്ന സംവിധാനവും ഏതു കാര്യത്തിനും ഭാവിയില്‍ ഒരു തിരിച്ചറിയല്‍ രേഖയാക്കാവുന്ന റേഷന്‍കാര്‍ഡ് സംവിധാനം എന്നിവ ഇവിടുത്തെ മാത്രം പ്രത്യേകതയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സര്‍ക്കാര്‍ വെബ് സൈറ്റുകളില്‍ 50 ശതമാനം മാത്രമാണ് ദിനം പ്രതി പരിഷ്കരിക്കുന്നതെന്നതു ഒരു പോരായ്മയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പഠനക്യാമ്പിന്റെ ഉദ്ഘാടന ചടങ്ങില്‍ കേരള പ്രസ് അക്കാദമി ചെയര്മാന് എന്‍.പി.രാജേന്ദ്രന്, ഐ.ടി അറ്റ് സ്കൂള്‍ മുന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ.അന്‍വര്‍ സാദത്ത്, അക്കാദമി സെക്രട്ടറി വി.ജി.രേണുക, അസി.സെക്രട്ടറി എന്‍.പി.സന്തോഷ് തുടങ്ങിയവര്‍ പങ്കെടുത്തു. ആദ്യദിനത്തില്‍ വിവിധ വിഷയങ്ങളില്‍ റോയ് മാത്യൂ, അന്‍വര്‍സാദത്ത് എന്നിവര്‍ ക്ലാസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: