തിരുവനന്തപുരം : അയോധ്യാപ്രശ്നത്തില്‍ ഇടഞ്ഞ മുസ്ലീം വിഭാഗത്തെ പാട്ടിലാക്കാമെന്ന ലക്ഷ്യത്തോടെ തുടങ്ങിയ സ്കൂളുകളാണ് ഇപ്പോള്‍ വിവാദത്തില്‍ പെട്ടിരിക്കുന്നത്. ഡോ. ഗോപാല്‍ സിംഗ് കമ്മീഷന് നിര്‍ദ്ദേശ പ്രകാരമാണ് മുസ്ലീങ്ങള്‍ ഏറെയുള്ള പ്രദേശത്ത് സ്കൂളുകള്‍ തുടങ്ങാന്‍ തീരുമാനിച്ചത്. ‘ഏരിയാ ഇന്റന്‍സീവ് പ്രോഗ്രാമിന്റെ’ ഭാഗമാണിത്.
പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസര്‍കോട്, കണ്ണൂര്‍, വയനാട് ജില്ലകളിലായി 41 സ്കൂളുകള്‍ തുടങ്ങി, ഇതില്‍ ആറ് എണ്ണം റസിഡന്‍ഷ്യല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളുകളും 11 എണ്ണം യുപി സ്കൂളുകളും 24 എണ്ണം എല്‍പി സ്കൂളുകളുമാണ്. കാലക്രമേണ ആറ് എണ്ണം പൂട്ടി. ഇപ്പോഴുള്ള 35 സ്കൂളുകളില്‍ 25 എണ്ണം മലപ്പുറം ജില്ലയിലാണ്. സ്ഥലം സൊസൈറ്റികള്‍ കണ്ടെത്തണം. കെട്ടിടത്തിനുള്ള പണം സര്‍ക്കാര്‍ നല്‍കും. ഇതായിരുന്നു ധാരണ. ഹയര്‍ സെക്കന്‍ഡറി സ്കൂളുകള്‍ക്ക് അന്ന് 11 ലക്ഷം രൂപയും യുപിക്ക് 3.6 ലക്ഷവും എല്‍പിക്ക് 2.88 ലക്ഷം രൂപയും കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിരുന്നു. ഇടത് മുന്നണി ഭരണകാലത്ത് ജമാ അത്തെ ഇസ്ലാമി, എ.പി. സുന്നി വിഭാഗങ്ങളെ പാട്ടിലാക്കാന്‍ കേന്ദ്രപ്രീണനത്തിന് ചൂട്ടു പിടിക്കുകയായിരുന്നു. യഥാര്‍ത്ഥത്തില്‍ എയ്ഡഡിന്റെ ശ്രമം ആരംഭിച്ചത് എം.എ. ബേബിയുടെ കാലത്താണ്. അത് തിരിച്ചറിഞ്ഞതോടെയാണ് പ്രതിപക്ഷത്തിന്റെ പ്രതിഷേധം ഉടന്‍ കെട്ടടങ്ങിയത്.
1995ലാണ് സ്കൂളുകള്‍ തുടങ്ങിയത്. ഇത് എയ്ഡഡ് മേഖലയിലേക്ക് മാറുമ്പോള്‍ സ്വാഭാവികമായും ഒരു മാനേജരുണ്ടാകും. മാനേജരായിരിക്കും നിയമനാധികാരി. ആനുകൂല്യങ്ങള്‍ മുന്‍കാല പ്രാബല്യത്തോടെ ലഭിക്കാന്‍ പുതിയ മാനേജരുടെ അംഗീകാരം വേണ്ടിവരും. അതിന്റെ പേരില്‍ നിലവിലുള്ള 238 അധ്യാപകരില്‍ നിന്ന് പണം വാങ്ങാന്‍ മാനേജ്മെന്റിന് കഴിയും. എയ്ഡഡ് സ്കൂള്‍ ആവുന്നതോടെ ഹയര്‍സെക്കന്‍ഡറിയില്‍ ഉള്‍പ്പെടെ കൂടുതല്‍ കുട്ടികളെ ചേര്‍ക്കാനും പുതിയ ഡിവിഷനുകള്‍ ആരംഭിക്കാനും അതിന്റെ പേരില്‍ വന്‍ തുക വാങ്ങാനും മാനേജ്മെന്റുകള്‍ക്ക് കഴിയും.
മുസ്ലീംലീഗ് നേതാക്കള്‍ പ്രസിഡന്റോ സെക്രട്ടറിയോ എഡ്യൂക്കേഷണല്‍ കണ്‍സള്‍ട്ടന്റോ ആയ കമ്മറ്റികളും ട്രസ്റ്റുകളുമാണ് മിക്ക സ്കൂളുകളും നടത്തുന്നത്. ഈ സ്കൂളുകള്‍ക്കാണ് എയ്ഡഡ് പദവി നല്കാന് ഒരുങ്ങുന്നതെന്നതാണ് ഇപ്പോഴത്തെ വിവാദത്തിന് പ്രധാന ആരോപണം. പലതും യത്തീംഖാനകള്‍ നടത്തുന്ന ട്രസ്റ്റുകളാണ്. മുസ്ലീം വിഭാഗങ്ങളായ സുന്നി-ഇകെഎപി, ജമാഅത്തെ ഇസ്ലാമി, മുജാഹിദ് തുടങ്ങിയവരുടെ സ്ഥാപനങ്ങളും ഇതിലുണ്ട്. അതുകൊണ്ടുതന്നെ എല്ലാ വിഭാഗം മുസ്ലീം മുസ്ലീം സംഘടനകളും എയ്ഡഡ് ആക്കുന്നതില്‍ പൂര്‍ണ യോജിപ്പാണ്.
കരുവാരക്കുണ്ട് ദാറുല്‍ നജാത്ത് ഓര്‍ഫനേജ്, എടക്കര ഇഎംഒആര്എച്ച്എസ്എസ്, എളയൂര്‍ എംഎഒയു യുപി സ്കൂള്‍ എന്നിവയുടെ കമ്മറ്റി പ്രസിഡന്റ് ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ്. ഈ വിഭാഗത്തിലെ സ്കൂളുകളുടെ മാനേജ്മെന്റുകള്‍ രൂപീകരിച്ച സംഘടനയുടെ പ്രസിഡന്റ് ലീഗിന്റെ മുതിര്‍ന്ന നേതാവായ എം.സി. മുഹമ്മദ് ഹാജിയാണ്. ലീഗിന്റെ ജില്ലാ സെക്രട്ടറി ആയിരുന്നു അദ്ദേഹം.
ഈ സ്കൂളുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിന് തടസ്സവുമില്ല. സര്‍ക്കാര്‍ ആവശ്യപ്പെടുമ്പോള്‍ സ്ഥാപനം പൂര്‍ണമായും വിട്ടുനല്‍കാമെന്ന് ട്രസ്റ്റുകളും സൊസൈറ്റികളും രേഖാമൂലം ഉറപ്പുനല്‍കിയാണ് കേന്ദ്ര സര്‍ക്കാരിന്റെ ധനസഹായം കൈപ്പറ്റിയത്. എന്നാല്‍ സ്കൂളുകളില്‍ പലതും പ്രവര്‍ത്തിക്കുന്ന യത്തീംഖാനകള്‍ വഖഫ് ചെയ്ത സ്ഥലങ്ങളിലാണെന്നും അതുകൊണ്ട് അത് ഏറ്റെടുക്കാന്‍ കഴിയില്ലെന്നും ഓര്‍ഫനേജ് മാനേജ്മെന്റുകള്‍ വാദിക്കുന്നു.
ഏതായാലും സര്‍ക്കാരിന്റെ നീക്കത്തിനെതിരെ കോണ്‍ഗ്രസില്‍ നിന്നും എതിര്‍പ്പ് പുകയുന്നതിന് പുറമേ കോണ്‍ഗ്രസിന്റെ അധ്യാപക വിദ്യാര്‍ത്ഥി സംഘടനകളും സംഘടനകളും പ്രതിഷേധത്തിലാണ്. മന്ത്രിസഭയോ മുന്നണിയോ ചര്‍ച്ച ചെയ്യാതെ ലീഗ് തീരുമാനം പ്രഖ്യാപിക്കുന്നു. മുഖ്യമന്ത്രി അതിന് വഴങ്ങുന്നു. അതാണ് ഇന്നത്തെ മുഖ്യവിഷയം.
കെ. കുഞ്ഞിക്കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: