രാഷ്‌ട്രീയ നേതാക്കന്മാര്‍ പ്രത്യേകിച്ചും എംഎല്‍എ മാര്‍ അല്ലലില്ലാത്തവരാണ്. സര്‍വീസില്‍നിന്ന് റിട്ടയര്‍ ചെയ്ത ചിലരെപ്പോലെ ആര്‍ത്തുല്ലസിച്ചു നടക്കുക, ചിട്ടയായി കിട്ടുന്ന പ്രതിമാസ പെന്‍ഷന്‍ കൊണ്ട് രണ്ട് പെഗ് കൃത്യമായി രസിക്കുക.
എംഎല്‍എ മാര്‍ക്കുമുണ്ട് കൃത്യമായ ശമ്പളവും അലവന്‍സും. ജനകീയപ്രശ്നങ്ങള്‍ ഒട്ടുമിക്കതും പരിഹരിച്ചതുകൊണ്ട് സിനിമ കാണുകയോ മദ്യബോധവല്‍ക്കരണം നടത്തുകയോ എന്തുമാകാം, ഭരണ-പ്രതിപക്ഷ വ്യത്യാസമൊന്നുമില്ല.
എംഎല്‍എമാര്‍ക്ക് സിനിമ കാണണമെങ്കില്‍ ഒന്നുവിളിച്ച് പറഞ്ഞാല്‍ മതി. തിയറ്ററുകളില്‍ സീറ്റ് റെഡി. തിയറ്റര്‍കാര്‍ ചെയ്തില്ലെങ്കില്‍ നിര്‍മാതാക്കള്‍ സൗകര്യമൊരുക്കും. സിനിമാ മേഖലയെ സംരക്ഷിക്കുകയാണല്ലോ മറ്റേതു മേഖലയെക്കാളും രാഷ്‌ട്രീയക്കാര്‍ക്ക് മെച്ചം.
തിരുവനന്തപുരത്ത് തിയറ്ററില്‍ ‘സ്പിരിറ്റ്’ കാണാന്‍ എംഎല്‍എ മാര്‍കൂട്ടത്തോടെ എത്തിയതാണ് ടി സിനിമ കാണാന്‍ രാമന്‍നായര്‍ക്കും പ്രേരണയായത്. സിനിമ മികച്ചതെന്ന് നേതാക്കന്മാര്‍ പറയുകയുണ്ടായി. രണ്ടാഴ്ച മുമ്പ് ഒരു സിനിമ കണ്ടതിന്റെ കെടുതി വിട്ടുമാറിയിട്ടില്ലെന്നത് ശരി തന്നെ. എന്താണിതിന്റെ പേര്, അതെ “നവാഗതര്‍ക്ക് സ്വാഗതം” ഹോസ്റ്റല്‍ വാര്‍ഡനായ കോളേജ് അധ്യാപകന് കൂട്ടിക്കൊടുപ്പുകാരനായി എങ്ങനെ പ്രവര്‍ത്തിക്കാമെന്ന് വിദഗ്‌ദ്ധമായി വിവരിക്കുകയാണ് സിനിമയില്‍. ഈ നായിക നടന്മാരൊക്കെ കഥയുടെ സിനിമ ആദ്യം വായിച്ചു കേട്ടിട്ടാണ് അഭിനയിക്കുന്നതെന്ന് ആര് പറഞ്ഞു?
സിനിമയ്‌ക്ക് ഇപ്പോള്‍ മൂന്ന് സര്‍ട്ടിഫിക്കേനാണ്. സെന്‍സര്‍ ബോര്‍ഡ് കഴിഞ്ഞാല്‍ ചാനല്‍ സര്‍ട്ടിഫിക്കേഷന്‍, അതും കഴിഞ്ഞാല്‍ എംഎല്‍എ സര്‍ട്ടിഫിക്കേഷന്‍. അതാണ് കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്നത്.
ഇവിടെ നാട്ടില്‍ സിനിമ കാണാന്‍ ക്യൂ നില്‍ക്കേണ്ടതില്ല. കൗണ്ടര്‍ ദ്വാരത്തില്‍ കൈ കടത്തിയാല്‍ മാത്രം മതി, കൈയില്‍ ഒരു കാരുണ്യ ടിക്കറ്റിന് തുല്യമായ പണവും കരുതിയിരിക്കണം.
സിനിമ കണ്ടപ്പോള്‍ ഒരു കാര്യം വ്യക്തമായി. സംവിധായകന്‍ ബഹുമിടുക്കന്‍. ‘പുകവലി, മദ്യപാനം രണ്ടും ആരോഗ്യത്തിന് ഹാനികരം’ എന്ന ആരും നോക്കാത്ത മുദ്രാവാക്യം ഒരു സിനിമയില്‍ ഉടനീളം സബ്ടൈറ്റിലായി വിദഗ്‌ദ്ധമായി എങ്ങനെ കാണിക്കാമെന്ന് സംവിധായകന്‍ തെളിയിച്ചിരിക്കുന്നു. പുകവലി-മദ്യപാന രംഗങ്ങള്‍ ഉള്‍പ്പെടുത്തിയതിന് ഒരുത്തനും കേസ്സെടുത്ത് ആളുകളിക്കാന്‍ ചെല്ലില്ല. നിലവില്‍ ഏതെല്ലാം തരം മദ്യമുണ്ട്, അവ എങ്ങനെയൊക്കെ വെള്ളം ചേര്‍ത്തും, ചേര്‍ക്കാതെയും കഴിക്കാം-ഇതൊക്കെ സിനിമയില്‍ വിശദമായുണ്ട്. മദ്യപാനത്തില്‍ യൂറോപ്യന്‍ ക്ലോസറ്റിന്റെ പങ്ക് എന്നതിനെക്കുറിച്ച് കടിച്ചുതൂങ്ങുന്നവര്‍ക്കുള്ള പ്രാഥമിക പാഠവും സിനിമയില്‍ കാണാം.
‘ഗാന്ധിസിനിമ’ കണ്ട് ആരും ഗാന്ധിയാകാത്തത് പോലെ കുടിനിര്‍ത്തിയവന്റെ സിനിമ കണ്ട് ആരും കുടിനിര്‍ത്തില്ലായെന്നതാണ് സിനിമയുടെ സന്ദേശം. ഇതുകൊണ്ടാണ് നല്ല സിനിമയെന്ന് എംഎല്‍എമാര്‍ പറഞ്ഞത്. കുടിനിന്നാല്‍ സംസ്ഥാനം ഖജനാവ് പൂട്ടിപ്പോകും. കുടിയന്‍ കുടിക്കാതിരിക്കുമ്പോഴാണ് കൈവിറയല്‍ ഉണ്ടാകുന്നത്. സിനിമയിലെ നായകന് കുടിനിര്‍ത്തിയപ്പോള്‍ കൈവിറയലും മാറി!
“പോ മോനെ ദിനേശാ” എന്ന മട്ടില്‍ ഒരു പഞ്ച് ഡയലോഗും സിനിമയിലുണ്ട്, ജനത്തിന് പറഞ്ഞു നടക്കാന്‍. “മദ്യപിച്ചിരുന്നെങ്കില്‍ നിന്നെ ബലാല്‍സംഗം ചെയ്തേനെ” എന്ന മെയില്‍ ഷിവനിസ്റ്റക് ഡയലോഗ് ഒരു സ്ത്രീയുടെ മുഖത്ത് നോക്കി സൂപ്പര്‍ നായകന്‍ പറയുന്നത് ജനത്തിന് സുഖിച്ചമട്ടുണ്ട്. എംഎല്‍എ മാര്‍ക്കും ഇത് ഇഷ്ടപ്പെട്ടു കാണണം. എന്നുകരുതി, ഭാര്യയുടെയോ മുന്‍ഭാര്യയുടെയോ മുഖത്തുനോക്കി ആരും ഈ ഡയലോഗ് പറയാതിരിക്കുന്നതാവും ഭംഗി, ചിരവത്തടി കൊണ്ടുള്ള അടി, വലിയ നാണക്കേടാണത്.
കെ.എ.സോളമന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: