കോഴിക്കോട്: ഒഞ്ചിയത്തെ മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി.ചന്ദ്രശേഖരന് വധക്കേസന്വേഷണം പി.കെ.കുഞ്ഞനന്തനില്‍ ഒതുക്കാനുള്ള രഹസ്യധാരണ പുറത്താകുന്നു. നേരത്തെ ഉയര്‍ന്നുവന്ന ഈ സംശയം ബലപ്പെടുത്തുന്നതാണ് അന്വേഷണസംഘവുമായി കുഞ്ഞനന്തന് സഹകരിക്കുന്നില്ലെന്ന വടകര ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഇന്നലെ പോലീസ് നല്കിയ ഹര്‍ജി. സിപിഎം പാനൂര്‍ ഏരിയാകമ്മിറ്റി അംഗമായ പി.കെ.കുഞ്ഞനന്തനാണ് ടി.പി.ചന്ദ്രശേഖരനെ വധിച്ച കൊലയാളി സംഘത്തിനും കൊലപാതകം നടത്താന്‍ നിര്‍ദ്ദേശം നല്കിയ പാര്‍ട്ടി ഉന്നതര്‍ക്കും ഇടയില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചതെന്നാണ് പറയപ്പെട്ടിരുന്നത്. കൊല നടത്താനായി സിപിഎമ്മിന്റെ കൊലയാളി ഗ്രൂപ്പുകളില്‍പെട്ട കൊടിസുനി, കിര്‍മാണി മനോജ് എന്നിവരെ ഏകോപിപ്പിച്ചതും കൊലനടത്തുന്നതില്‍ പ്രത്യേക താല്പര്യമുള്ള പാര്‍ട്ടിയുടെ വിശ്വസ്തനായ ടി.കെ.രജീഷിനെ മുംബൈയില്‍നിന്ന് വിളിച്ചുവരുത്തിയതും കുഞ്ഞനന്തനാണ്.
മെയ് നാലിനാണ് ടി.പി. ചന്ദ്രശേഖരനെ വധിച്ചത്. മെയ് 21ന് പോലീസ് കേസിലെ മുഖ്യഗൂഢാലോചനക്കാരിലൊരാളായ പി.കെ.കുഞ്ഞനന്തന് വേണ്ടി ലുക്കൗട്ട് സര്‍ക്കുലര്‍ പുറത്തിറക്കുകയും ചെയ്തു. എന്നാല്‍ ഒരു മാസത്തോളം ഒളിവില്‍കഴിഞ്ഞ കുഞ്ഞനന്തന് ഒടുവില്‍ അന്വേഷണസംഘത്തെ കബളിപ്പിച്ചാണ് വടകര ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്കീഴടങ്ങിയത്. പത്ത് ദിവസത്തേക്കാണ് കോടതി കുഞ്ഞനന്തനെ പോലീസ് കസ്റ്റഡിയില്‍ വിട്ടുകൊടുത്തത്. എന്നാല്‍ കസ്റ്റഡി കാലാവധി അവസാനിക്കാറായിട്ടും കുഞ്ഞനന്തന് ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ലെന്ന പോലീസിന്റെ ഏറ്റുപറച്ചില്‍ ദുരൂഹത വര്‍ദ്ധിപ്പിക്കുകയാണ്.
കുഞ്ഞനന്തന്റെ കീഴടങ്ങല്‍ സിപിഎം നേതൃത്വവും യുഡിഎഫിലെ ചില ഉന്നതരും തമ്മിലുണ്ടാക്കിയ രഹസ്യധാരണയുടെ അടിസ്ഥാനത്തിലാണെന്നാണ് പറയപ്പെടുന്നത്. ടി.പി.വധവുമായുള്ള കുഞ്ഞനന്തന്റെ ഏറ്റുപറച്ചില്‍ ഏത് രീതിയിലായാലും അത് ചെന്നെത്തുക സിപിഎം ഉന്നതരിലേക്കായിരിക്കും. നിര്‍ണ്ണായകമായ പലഘട്ടങ്ങളിലും കൈകോര്‍ത്ത് പരസ്പരം രക്ഷപ്പെടുത്തിയ സിപിഎമ്മിലേയും യുഡിഎഫിലേയും നേതൃത്വത്തിലുള്ള ചിലരാണ് ടിപി വധക്കേസന്വേഷണം വഴിമുടക്കാന്‍ ധാരണയായിരിക്കുന്നത്. കേസന്വേഷണത്തില്‍ പോലീസിന് സ്വാതന്ത്ര്യം നല്‍കിയതിന്റെ തെളിവായിട്ടാണ് സാഹസികമായ രീതിയിലുള്ള ടി.കെ.രജീഷിന്റെയും കൊടിസുനി, കിര്‍മാണി മനോജ് അടക്കമുള്ളവരുടെയും അറസ്റ്റ്. എന്നാല്‍ കുഞ്ഞനന്തന്റെ കോടതിയിലെ കീഴടങ്ങലോടുകൂടി കേസന്വേഷണത്തിന്റെ വേഗത കുറച്ചിരിക്കുകയാണ്. നേരത്തെ തയ്യാറാക്കപ്പെട്ട തിരക്കഥയനുസരിച്ചാണ് കുഞ്ഞനന്തന് അന്വേഷണസംഘത്തിന് മുന്നില്‍ അഭിനയിക്കുന്നത്. ഇത്തരമൊരു തിരക്കഥ തയ്യാറാക്കുന്നതില്‍ സിപിഎമ്മിലെ ഉന്നതര്‍ക്കൊപ്പം ഉന്നതങ്ങളിലുള്ള യുഡിഎഫിലെ ചിലരും പങ്കെടുത്തുവെന്ന കാര്യമാണ് ബാക്കിയാകുന്നത്. വിവാദങ്ങളേറെ സൃഷ്ടിച്ച ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസുകളിലടക്കം സംഭവിച്ച അന്തര്‍നാടകത്തിന്റെ തനിയാവര്‍ത്തനമാണ് ടി.പി.ചന്ദ്രശേഖരന് വധക്കേസിലും വരാന്‍ പോകുന്നതെന്നാണ് സൂചന. അന്വേഷണ സംബന്ധിയായ കാര്യങ്ങള്‍ കൊലയാളി സംഘം ചൂണ്ടിക്കാണിച്ചാല്‍ ‘ അങ്ങനെ ഉണ്ടാകാം, അറിയില്ല. ചിലപ്പോള്‍ നടന്നിരിക്കാം’ എന്ന ശൈലിയിലാണ് കുഞ്ഞനന്തന് മറുപടി നല്‍കുന്നതായാണ് പോലീസ് പറയുന്നത്. കോടതിയില്‍ ഹാജരാകുന്നതിന് മുമ്പേ നിയമവിദഗ്ധരുമായി ബന്ധപ്പെട്ട് പഠിച്ചുവെച്ച കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കുകയാണ് കുഞ്ഞനന്തന്. ചിലപ്പോള്‍ ചോദ്യങ്ങള്‍ക്കുളള മറുപടി മൂളലിലും മുരളലിലുമൊക്കെയായി ചുരുക്കുകയും ചെയ്യുന്നുവത്രെ.
പരിചിതരായ പോലീസ് ഉദ്യോഗസ്ഥരെ കാണുമ്പോള്‍ കുശലാന്വേഷണം നടത്തുന്ന കുഞ്ഞനന്തന് എന്റെ പക്കല്‍ നിന്ന് നിങ്ങള്‍ക്ക് ഇതില്‍ കൂടുതലൊന്നും ലഭിക്കില്ലെന്നും വ്യക്തമാക്കുന്നുണ്ട്. മറ്റ് പ്രതികള്‍ തെളിവ് സഹിതം നല്കിയ ഫോണ്‍രേഖകളും മറ്റും ഹാജരാക്കിയപ്പോള്‍ തന്നെ പലരും വിളിക്കാറുണ്ടെന്ന മറുപടി മാത്രം നല്കുന്നു. കൃത്യത്തില്‍ പങ്കാളികളായ കൊടും ക്രിമിനലുകളെ യാതൊരു ബുദ്ധിമുട്ടും കൂടാതെ സത്യം പറയിപ്പിച്ച് പ്രാഗത്ഭ്യം തെളിയിച്ച അന്വേഷണ ഉദ്യോഗസ്ഥര്‍ കുഞ്ഞനന്തനെന്ന പഠിച്ച കള്ളന് മുന്നില്‍ വിയര്‍ക്കുകയാണ്. കസ്റ്റഡി കാലാവധി അവസാനിക്കുന്നതിന് മുമ്പേ തന്നെ കേസ് സംബന്ധിയായ മുഴുവന്‍ സത്യങ്ങളും പുറത്തു കൊണ്ടുവരുമെന്ന് അന്വേഷണ സംഘം അവകാശപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: