ന്യൂദല്‍ഹി: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന സരബ്ജിത് സിംഗിനെ വിട്ടയക്കണമെന്ന് ഇന്ത്യ പാക്കിസ്ഥാനോട് ആവശ്യപ്പെട്ടു. സരബ്ജിത് സിംഗിനെയല്ല, മറിച്ച് മൂന്ന് പതിറ്റാണ്ടായി പാക് ജയിലിലുള്ള സുര്‍ജിത് സിംഗിനെയാണ് വിട്ടയയ്ക്കാന് തീരുമാനിച്ചതെന്ന് കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രി പാക് അധികൃതര്‍ അറിയിച്ച സാഹചര്യത്തിലാണിത്.
സരബ്ജിത് സിംഗിനെ വിട്ടയക്കുന്നു എന്ന പ്രഖ്യാപനം വന്ന് മണിക്കൂറുകള്‍ക്കകമാണ് സരബ്ജിത്തിനെയല്ല സുര്‍ജിത് സിംഗിനെയാണ് വിട്ടയയ്ക്കാന് തീരുമാനിച്ചതെന്ന് പ്രസിഡന്റിന്റെ വക്താവ് അറിയിച്ചിരുന്നു.
സരബ്ജിത്തിനെ വിട്ടയക്കുന്ന റിപ്പോര്‍ട്ട് വന്നതോടെ വിദേശകാര്യമന്ത്രി എസ്.എം.കൃഷ്ണ പാക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയെ വിളിച്ച് നന്ദി അറിയിച്ചിരുന്നു. എന്നാല്‍ സുര്‍ജിത്തിനെ വിട്ടയയ്ക്കാനുള്ള തീരുമാനം സ്വാഗതം ചെയ്യുന്നതായും സരബ്ജിത്തിനെ മോചിപ്പിക്കുന്നതിന് പുതിയ അപേക്ഷ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
പാക്കിസ്ഥാന് ജയിലില്‍ കഴിയുന്ന സരബ്ജിത് സിംഗിനേയും മറ്റു ഇന്ത്യക്കാരെയും മോചിപ്പിക്കാന്‍ പാക് സര്‍ക്കാരിനോട് ആവശ്യപ്പെട്ടതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജീവപര്യന്തം ശിക്ഷാ കാലാവധി കഴിഞ്ഞതോടെയാണ് ഇയാളെ വിട്ടയക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ പാക് ചാനലുകള്‍ സരബ്ജിത് സിംഗിന്റെ വധശിക്ഷ റദ്ദാക്കി മോചിപ്പിക്കുന്നു എന്നാണ് വാര്‍ത്ത നല്‍കിയത്. ഇതോടെ ഇന്ത്യന്‍ മാധ്യമങ്ങളും വാര്‍ത്താ ഏജന്‍സികളും അദ്ദേഹത്തിന്റെ മോചനത്തെക്കുറിച്ച് വാര്‍ത്ത നല്കി.
ഇത് ശ്രദ്ധയില്‍പ്പെട്ടയുടനെയാണ് പാക് പ്രസിഡന്റിന്റെ ഓഫീസില്‍നിന്ന് വിശദീകരണം ഉണ്ടായത്. ഇദ്ദേഹത്തിന്റെ വധശിക്ഷ 1989 ല്‍ അന്നത്തെപ്രസിഡന്റ് ഗുലാം ഇഷ്ഖ് ജീവപര്യന്തമായി കുറച്ചിരുന്നു.
ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ച സുര്‍ജിത് സിംഗിനെ മോചിപ്പിക്കുന്നതായും അദ്ദേഹത്തെ ഇന്ത്യയിലേക്ക് തിരിച്ചയക്കുമെന്നും പാക് നിയമമന്ത്രി ഫാറൂഖ് നായ്ക്ക് അറിയിച്ചു. പാക്കിസ്ഥാനെതിരെ ചാരപ്രവര്‍ത്തനം നടത്തിയെന്നാരോപിച്ച് അതിര്‍ത്തിയില്‍നിന്ന് പാക് സൈന്യം പിടികൂടിയ സുര്‍ജിത് സിംഗ് കഴിഞ്ഞ 30 വര്‍ഷത്തോളമായി ലാഹോര്‍ ജയിലിലായിരുന്നു.
1990 ല്‍ പഞ്ചാബ് പ്രവിശ്യയിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ടാണ് സരബ്ജിത്ത് സിംഗിനെ വധശിക്ഷക്ക് വിധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: