ഇസ്ലാമബാദ്: ഗോത്ര മേഖലകളില്‍ യുഎസ് സൈന്യം വ്യോമാക്രമണം നിര്‍ത്തുന്നതുവരെ തെക്കന്‍ വസീരിസ്ഥാന്‍ മേഖലകളില്‍ പോളിയോ പ്രതിരോധ കുത്തിവെപ്പ് നടത്തുന്നതിന് താലിബാന്‍ നിരോധനം ഏര്‍പ്പെടുത്തി. ഇത് പാക്കിസ്ഥാന് വീണ്ടും തിരിച്ചടിയായിരിക്കുകയാണ്. ഇത് 80,000 കുട്ടികളെ പ്രതികൂലമായി ബാധിക്കും.
പ്രതിരോധ കുത്തിവെപ്പിന്റെ പേരില്‍ പാശ്ചാത്യശക്തികള്‍ ചാരപ്രവര്‍ത്തനം നടത്തുകയാണെന്ന് കുറ്റപ്പെടുത്തി താലിബാനിലെ മുല്ല നസീര്‍ എന്ന സംഘടന തെക്കന്‍ വസീരിസ്ഥാന്‍ നഗരത്തില്‍ ലഘുരേഖകള്‍ വിതരണം ചെയ്തു. വാക്സിനേഷന്റെ പേരില്‍ ഒസാമ ബിന്‍ലാദനെ പിടികൂടാന്‍ സിഐഎയെ സഹായിച്ച പാക് ഡോക്ടര്‍ ഷക്കില്‍ അഫ്രീദിയുടെ കാര്യവും ലഘുരേഖയില്‍ സൂചിപ്പിച്ചിട്ടുണ്ട്.
ഇതിനുമുമ്പ് ഹഫീസ് ഗുള്‍ ബഹദൂറിന്റെ നേതൃത്വത്തിലുള്ള മറ്റൊരു താലിബാന്‍ സംഘടന വടക്കന്‍ വസീരിസ്ഥാനില്‍ പോളിയോ വാക്സിനേഷന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. യുഎസ് വ്യോമാക്രമണം നടത്തുന്ന സ്ഥലത്ത് നിരോധനം തുടരുമെന്നും അവര്‍ അറിയിച്ചിരുന്നു.
പോളിയോ തുള്ളിമരുന്ന് പഞ്ചസാരയില്‍ പൊതിഞ്ഞ വിഷമാണെന്നും പാശ്ചാത്യ ശക്തികള്‍ ഒരിക്കലും മുസ്ലീങ്ങളോട് നീതി പുലര്‍ത്തിയിട്ടില്ലെന്നും ലഘുരേഖയില്‍ പറയുന്നു. അവര്‍ മുസ്ലീങ്ങളോട് നീതി പുലര്‍ത്തുന്നുണ്ടെങ്കില്‍ എന്തുകൊണ്ട് കരുണയില്ലാതെ കൊന്നൊടുക്കുന്നുവെന്നും അമേരിക്കയുടെ ഇത്തരത്തിലുള്ള നടപടി കാരണം 1990ല്‍ രണ്ട് ദശലക്ഷം കുട്ടികള്‍ മരുന്നുകളുടെ അഭാവം മൂലം ധാരാളം കഷ്ടതകള്‍ അനുഭവിച്ചിട്ടുണ്ടെന്നും വ്യോമാക്രമണത്തില്‍ ഗോത്ര മേഖലയിലെ കുട്ടികള്‍ ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നതായും ലഘുരേഖയില്‍ വിശദീകരിച്ചിട്ടുണ്ട്.
ഒരു രീതിയില്‍ കുട്ടികളെ വ്യോമാക്രമണത്തില്‍ കൊല്ലുകയും മറ്റൊരു വഴിക്ക് പോളിയോ നല്‍കി രക്ഷിക്കുകയാണെന്നും പറയുന്ന അമേരിക്ക ആട്ടിന്‍ തോലിട്ട ചെന്നായയെപ്പോലെയാണെന്ന് അവര്‍ കുറ്റപ്പെടുത്തുന്നു. പോളിയോ വാക്സിനേഷന്‍ പരിപാടി അവസാനിപ്പിച്ചില്ലെങ്കില്‍ കനത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ജൂലൈ 17ന് ആരംഭിക്കുന്ന പോളിയോ പ്രതിരോധ കുത്തിവെപ്പ് പരിപാടിക്ക് നിരോധനം ഏര്‍പ്പെടുത്തിയതോടെ വടക്കന്‍ വസീരിസ്ഥാനിലെ 1,61,000 കുട്ടികളും തെക്കന്‍ വസീരിസ്ഥാനിലെ 80,000 കുട്ടികളുമുള്‍പ്പെടെ 2,41,000 കുട്ടികള്‍ക്ക് പ്രതിരോധമരുന്ന് നല്‍കാന്‍ കഴിയാതെ വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: