കൊച്ചി: എക്സൈസ് വകുപ്പും യുവജനക്ഷേമ ബോര്‍ഡും സംയുക്തമായി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനത്തിന്റെ ഭാഗമായി ഇന്ന് ബോധവത്കരണ സെമിനാറും എക്സിബിഷനും സംഘടിപ്പിക്കും. എറണാകുളം സെന്റ് ആല്‍ബര്‍ട്ട്സ് ഹൈസ്കൂളില്‍ നടക്കുന്ന ചടങ്ങ് ഡെപ്യൂട്ടി മേയര്‍ ബി.ഭദ്ര ഉദ്ഘാടനം ചെയ്യും. എക്സൈസ് ഡപ്യൂട്ടി കമ്മീഷണര്‍ കെ.മോഹനന് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പ്രൊഫ.എം.കെ.സാനുമാഷ് മുഖ്യ പ്രഭാഷണം നടത്തും.
സമൂഹത്തെ മയക്കുമരുന്നിന്റെ പിടിയില്‍നിന്നും മോചിപ്പിക്കുന്നതിനും ലഹിരിമുക്ത സമൂഹത്തെ സൃഷ്ടിക്കുന്നതിന്റേയും ഭാഗമായാണ് ജില്ലയില്‍ സെമിനാര്‍ സംഘടിപ്പിക്കുന്നത്. ഐക്യരാഷ്ട്ര സഭയുടെ കണക്കു പ്രകാരം ലോകമെമ്പാടുമായി 200 ദശലക്ഷം ആളുകള്‍ വിവിധ ഇനത്തില്‍പെട്ട മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്നുണ്ടെന്ന് എക്സൈസ് ഡപ്യൂട്ടി കമ്മീഷണര്‍ കെ.മോഹനന് പറഞ്ഞു. മയക്കുമരുന്ന് ഉപയോഗവും വ്യാപനവും തടഞ്ഞ് ലഹരിമുക്ത കേരളം സമൂഹം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി യുവാക്കളിലും സമൂഹത്തിലും ബോധവത്കരണം നടത്തുകയാണ് പരിപാടിയുടെ ലക്ഷ്യം.
ചടങ്ങില്‍ ജില്ല കളക്ടര്‍ പി.ഐ.ഷെയ്ക്ക് പരീത്, അസി.എക്സൈസ് കമ്മീഷണര്‍ എം.ജെ.ജോസഫ്, എറണാകുളം മദ്യ വിരുദ്ധ സമിതി ഡയറക്ടര്‍ ഫാദര്‍ ജോര്‍ജ്ജ് നേരേവീട്ടില്‍, ഗ്രീന്‍ ലൈഫ് ഫൗണ്ടേഷന് ഡയറക്ടര്‍ ജിന്റോ മാത്യു തുടങ്ങിയവര്‍ സംബന്ധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: