റിയാദ്: ലണ്ടന്‍ ഒളിമ്പിക്സില്‍ പങ്കെടുക്കാന്‍ സൗദി അറേബ്യ വനിതാ താരങ്ങള്‍ക്കു അനുമതി നല്കി. ഇതാദ്യമായാണ് സൗദി വനിതാ താരങ്ങള്‍ക്ക് ഒളിമ്പിക്സില്‍ പങ്കെടുക്കാന്‍ അനുവാദം ലഭിക്കുന്നത്. യോഗ്യത ലഭിച്ച വനിതാ അത്ലറ്റുകള് ഒളിമ്പിക്സില്‍ പങ്കെടുക്കുമെന്ന് ലണ്ടനിലെ സൗദി എംബസി അറിയിച്ചു.
ലിംഗ വിവേചനത്തിന്റെ പേരില്‍ സൗദി ടീമിനെ മുഴുവനായി അയോഗ്യരാക്കിയേക്കുമെന്ന അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെയാണ് വനിതാ അത്ലറ്റുകള്‍ക്ക് ഒളിമ്പിക്സില്‍ പങ്കെടുക്കാന്‍ അനുമതി ലഭിച്ചത്. സൗദിയിലെ യാഥാസ്ഥിതിക മത നേതൃത്വത്തിന്റെ കടുത്ത എതിര്‍പ്പിനെ മറികടന്നാണ് ഇത്തരമൊരു സുപ്രധാന തീരുമാനം വന്നിരിക്കുന്നത്.
കഴിഞ്ഞ ജൂണില്‍ തന്നെ സ്ത്രീകളുടെ നിരോധനം നീക്കുന്നത് സംബന്ധിച്ച് അബ്ദുള്ള രാജാവ് മത നേതൃത്വവുമായി ധാരണയിലെത്തിക്കഴിഞ്ഞിരുന്നു. കിരീടാവകാശി നയീഫ് രാജകുമാരന്റെ മരണത്തെത്തുടര്‍ന്നാണ് ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നീണ്ടുപോയത്.
ഒളിമ്പിക്സ് പോലുള്ള പൊതുവേദിയില്‍ സ്ത്രീകളെ മത്സരിക്കാന്‍ വിടുന്നതിനോടു സൗദിയിലെ മതമൗലികവാദികള്‍ക്കു കടുത്ത എതിര്‍പ്പാണുള്ളത്. സൗദിയുടെ ചരിത്രത്തില്‍ സ്ത്രീകളെ പൊതുവേദിയില്‍ ഏതെങ്കിലും തരത്തിലുള്ള കായിക ഇനങ്ങളില്‍ പങ്കെടുപ്പിക്കുന്നത് അത്യപൂര്‍വ കാഴ്ചയാണ്.
എന്നാല്‍ ഭരണകൂടം പച്ചക്കൊടി കാട്ടിയെങ്കിലും ലണ്ടന്‍ ഒളിംപിക്സില്‍ എത്ര സൗദി വനിതകള്‍ക്ക് മാറ്റുരയ്ക്കാന്‍ കഴിയുമെന്ന കാര്യം സംശയത്തിലാണ്. ഷോ ജംപിങ് താരം ദല്‍മ റുഷ്ദി മാത്രമാണ് ഇപ്പോള്‍ ഒളിംപിക് യോഗ്യതാ നേടിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: