വാഷിംഗ്ടണ്‍: ലോകത്തൊട്ടാകെ 27 മില്യണ്‍ ജനങ്ങള്‍ അടിമത്തത്തില്‍ കഴിയുന്നതായി അമേരിക്ക പുറത്തുവിട്ട മനുഷ്യക്കടത്ത് സംബന്ധിച്ചുള്ള വാര്‍ഷികറിപ്പോര്‍ട്ടില്‍ പറയുന്നു.
നിയമപരമായി അമേരിക്കയിലും മറ്റ് പല രാജ്യങ്ങളിലും അടിമത്തം നിരോധിച്ചിട്ടുണ്ടെങ്കിലും ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ ലോകത്തിന്റെ പല ഭാഗങ്ങളിലും ഇന്നും അടിമത്തം നിലനില്‍ക്കുന്നുണ്ടെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്റണ് അഭിപ്രായപ്പെട്ടു. ഇന്നും 27 ദശലക്ഷത്തോളം ജനങ്ങള്‍ പല തരത്തിലുള്ള പ്രത്യേകിച്ച് ആധുനിക തരത്തിലുള്ള അടിമത്വങ്ങള്‍ക്ക് വിധേയരാകുന്നുണ്ടെന്നും ഇതില്‍ മനുഷ്യക്കടത്തും ഉള്‍പ്പെടുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
മനുഷ്യത്വമില്ലാതെയാണ് ആധുനിക അടിമത്വത്തിന് ഇരയാകുന്ന സ്ത്രീകളോടും പുരുഷന്മാരോടും കുട്ടികളോടും പെരുമാറുന്നതെന്ന് ഹിലരി പറഞ്ഞു. ഒരാളുടെ സാമ്പത്തിക സ്ഥിതി എന്താണെങ്കിലും അവരും ജീവിക്കുന്നു, ശ്വസിക്കുന്നു. അവര്‍ക്കെതിരെയുള്ള അനീതി എന്നന്നേക്കുമായി അവസാനിപ്പിക്കണം. അമേരിക്കയില്‍ അടിമത്വാവസ്ഥ നിര്‍ത്തലാക്കിയതിന്റെ 150-ാം വാര്‍ഷികം വരാനിരിക്കെ, ലോകത്തൊട്ടാകെയുള്ള 27 മില്യണ്‍ ജനങ്ങളെ അതില്‍നിന്നും എങ്ങനെ മോചിപ്പിക്കാമെന്ന കാര്യം ആലോചിക്കേണ്ടതാണെന്ന് ക്ലിന്റണ് കൂട്ടിച്ചേര്‍ത്തു.
മനുഷ്യക്കടത്തില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ ശിക്ഷ നടപ്പാക്കാറുണ്ടെങ്കിലും അത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഓരോ രാജ്യവും ശക്തമായ നിയമം കൊണ്ടുവരണമെന്നും മനുഷ്യക്കടത്തിന് ഇരയാവുന്നവരെ സഹായിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
185 രാജ്യങ്ങള്‍ ഉള്‍പ്പെട്ട റിപ്പോര്‍ട്ടില്‍ വെറും 33 രാജ്യങ്ങള്‍ മാത്രമാണ് മനുഷ്യാവകാശ നിയമമനുസരിച്ച് അടിമത്വത്തിനെതിരെയും നിര്‍ബന്ധിത അടിമത്വത്തിനെതിരെയും കര്‍ശനമായ നടപടികള്‍ സ്വീകരിക്കുന്നത്. പട്ടികയില്‍ ഏറ്റവും അവസാനമുള്ള മ്യാന്മര്, വെനിസ്വേല തുടങ്ങിയ അഞ്ച് രാജ്യങ്ങള്‍ കുറച്ചുകൂടി മുന്നേറിയിട്ടുണ്ട്. എന്നാല്‍ പട്ടികയിലുള്‍പ്പെട്ട 42 രാജ്യങ്ങള്‍ അമേരിക്കയുടെ നിരീക്ഷണത്തിലാണ്. പട്ടികയില്‍ ഏറ്റവും അവസാന സ്ഥാനങ്ങളില്‍ അള്‍ജീരിയ, കോംഗോ, ലിബിയ, വടക്കന്‍ കൊറിയ, സൗദി അറേബ്യ, സിറിയ എന്നീ രാജ്യങ്ങളാണ്.
നല്ലൊരു ജീവിതം മോഹിച്ച് പോകുന്നവരാണ് കൂടുതലും മനുഷ്യക്കടത്തിന് ഇരയാകുന്നതെന്നും മനുഷ്യക്കടത്തിനെതിരെ നടപടി സ്വീകരിക്കുന്നതില്‍ പിന്നാക്കം നിന്ന 29 രാജ്യങ്ങള്‍ ഇപ്പോള്‍ അടിമത്വത്തിനെതിരെ നടപടി സ്വീകരിച്ചുതുടങ്ങിയിട്ടുണ്ടെന്നും ക്ലിന്റണ് അഭിപ്രായപ്പെട്ടു.
കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 28 ശതമാനം മനുഷ്യക്കടത്തും അടിമത്വവും വര്‍ധിച്ചതായി അംബാസഡര്‍ ലൂയിസ് കാഡിബേക്ക് പറഞ്ഞു. എന്നാല്‍ ഈ വര്‍ഷത്തെ റിപ്പോര്‍ട്ടിന്റെ പ്രധാന ഉദ്ദേശ്യം ഇതിന് ഇരയാകുന്നവരെ സംരക്ഷിക്കുക എന്നതാണ്. മനുഷ്യക്കടത്ത് നടത്തുന്നവര്‍ കുറ്റക്കാരാണെന്നും അവര്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: