ബംഗളുരു: നിയമവിരുദ്ധമായി ഭൂമി കൈവശപ്പെടുത്തിയെന്ന ആരോപണത്തെത്തുടര്‍ന്ന് കര്‍ണാടക നിയമമന്ത്രി സുരേഷ് കുമാര്‍ മുഖ്യമന്ത്രിക്ക് രാജി സമര്‍പ്പിച്ചു. എന്നാല്‍ മുഖ്യമന്ത്രി സദാനന്ദഗൗഡ രാജി സ്വീകരിച്ചില്ല. മാനദണ്ഡങ്ങള്‍ ലംഘിച്ച് സുരേഷ് കുമാര്‍ ബംഗളുരു നഗരത്തില്‍ ജി കാറ്റഗറിയിലുള്ള റസിഡന്‍ഷ്യല്‍ സ്ഥലം സ്വന്തമാക്കിയെന്നാണ് അദ്ദേഹത്തിനെതിരെയുള്ള ആരോപണം. സ്വന്തമായി നഗരത്തില്‍ വീടുള്ളവര്‍ക്ക് ജി കാറ്റഗറിയിലുള്ള സ്ഥലം അനുവദിക്കരുതെന്ന നിയമം ലംഘിച്ചാണിതെന്ന് പരാതിയില്‍ പറയുന്നു. അന്വേഷണം നടത്തി തന്റെ സത്യസന്ധത തെളിഞ്ഞതിന് ശേഷം മന്ത്രിയായി തുടരാമെന്ന് ചൂണ്ടിക്കാട്ടിയാണ് സുരേഷ് കുമാര്‍ രാജി സമര്‍പ്പിച്ചത്. ഭൂമി തിരികെ നല്കാന് താന്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
എന്നാല്‍ സുരേഷ്കുമാറിനെതിരെ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമാണെന്നും മുഖ്യമന്ത്രി സദാനന്ദ ഗൗഡ പറഞ്ഞു. സുരേഷ് കുമാര്‍ സമര്‍പ്പിച്ച രാജി താന്‍ സ്വീകരിക്കുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വിവരാവകാശ നിയമപ്രകാരമാണ് സുരേഷ് കുമാറിന് ജി കാറ്റഗറിയിലുള്ള സ്ഥലം ഉള്ളതായി കണ്ടെത്തിയത്. ഇതുവരെ അഴിമതിയാരോപണം ഉന്നയിക്കപ്പെട്ടിട്ടില്ലാത്ത കര്ണാടകമന്ത്രിമാരില് ഒരാളാണ് നിയമമന്ത്രി സുരേഷ് കുമാര്‍. .
പ്രതികരിക്കാൻ ഇവിടെ എഴുതുക: