ടോംസ് എന്ന പേരുകേള്‍ക്കുമ്പോഴെ മനസ്സിലേക്ക് ഓടിക്കേറുന്ന രണ്ടു മുഖങ്ങളുണ്ട്. ബോബനും മോളിയും. മലയാളിയുടെ ഗൃഹാതുര സ്മരണകളില്‍ ഓര്‍ത്തോത്തു ചിരിക്കാന്‍ വക നല്കുന്ന രണ്ട് ഹാസ്യചിത്രകഥാ കഥാപാത്രങ്ങള്‍. മലയാളിയെ ആഴത്തില്‍ സ്വാധീനിച്ച ഹാസ്യ ചിത്രകഥയാണ് ബോബനും മോളിയും.
അനശ്വര കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളായ ‘ബോബനും മോളിക്കും’ ജന്മം നല്കിയ ടോംസ് എന്ന വി.ടി.തോമസ് ശതാഭിഷേകത്തിന്റെ നിറവിലാണ്. ടോംസിന് എണ്‍പത്തിനാലു വയസ്സാകുമ്പോഴും ബോബനും മോളിക്കും വയസ്സാകുന്നില്ല. ഇപ്പോഴും അവര്‍ക്ക് പത്തുവയസ്സിന്റെ കുട്ടിത്തം. കാലമെത്ര കഴിഞ്ഞിട്ടും ആസ്വാദക മനസ്സുകളില്‍ ഇന്നും ‘കുസൃതിക്കുട്ടികളായി’ ജീവിക്കുന്ന ബോബനെയും മോളിയെയും പോലെ 84 കാരനായ ടോംസിന്റെ മുന്നിലും പ്രായം തോല്‍വി സമ്മതിക്കുന്നു. ഇപ്പോഴും സര്‍ഗാത്മകത കൈവിടാതെ വരയും വായനയും സുഹൃദ്ബന്ധങ്ങളുമൊക്കെയായി സജീവമാണ് ടോംസ്.
എണ്‍പത്തിന്നാലിലെത്തിയെന്ന് അദ്ദേഹം അറിഞ്ഞിരുന്നില്ല. സുഹൃത്തുക്കളാണ് അതോര്‍മ്മിപ്പിച്ചത്. ആഘോഷങ്ങളോട് ടോംസിന് താല്പര്യമുണ്ടായിരുന്നില്ല. സുഹൃത്തുക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങി ചെറിയ ആഘോഷം. കേരളാകാര്‍ട്ടൂണ്‍ അക്കാദമി ഭാരവാഹികള്‍ക്കൊപ്പമാണ് ടോംസ് എണ്‍പത്തിന്നാലാം പിറന്നാള്‍ ആഘോഷമാക്കിയത്. വളരെ ലളിതമായി.
തലമുറകള്‍ക്ക് ചിരിയും ചിന്തയും സമ്മാനിച്ച ‘ബോബനും മോളിയും’ കാര്‍ട്ടൂണ്‍ പരമ്പരയിലെ മറ്റു കഥാപാത്രങ്ങളും ജനഹൃദയങ്ങളില്‍ സ്ഥാനം പിടിച്ചു. കഥാപാത്രങ്ങള്‍ക്കൊപ്പം ടോംസും പ്രശസ്തിയിലേക്കുയര്‍ന്നു. മലയാളത്തിലെ ഏറ്റവും ജനപ്രിയ കാര്‍ട്ടൂണിസ്റ്റെന്ന ബഹുമതി ഇപ്പോഴും ടോംസിന് സ്വന്തം. മലയാളികള്‍ ബോബനെയും മോളിയെയും ഓര്‍ക്കുന്നത് നിറഞ്ഞ ചിരിയോടെ മാത്രമാണ്. ചിത്രകഥയിലെ സന്ദര്‍ഭങ്ങളും സംസാരങ്ങളും ഓര്‍ത്തോത്തു ചിരിക്കാത്ത മലയാളികളുമുണ്ടാകില്ല.
1929ല്‍ കുട്ടനാട്ടില്‍ വി.ടി.കുഞ്ഞിത്തൊമ്മന്റെയും സിസിലി തോമസിന്റെയും മകനായാണ് ടോംസ് എന്ന തൂലികാ നാമം സ്വീകരിച്ച വി.ടി.തോമസ് ജനിച്ചത്. തെരീസാക്കുട്ടിയാണു ഭാര്യ. മൂന്ന് ആണ്മക്കളും മൂന്ന് പെണ്മക്കളും ഉണ്ട്. ബിരുദധാരണത്തിനു ശേഷം മലയാള മനോരമയില്‍ 1961ല്‍ കാര്‍ട്ടൂണിസ്റ്റായി ജോലി തുടങ്ങി. 1987ല്‍ വിരമിക്കുന്നതുവരെ മനോരമയില്‍ തുടര്‍ന്നു. മനോരമ വാരികയിലൂടെ 40 വര്‍ഷത്തോളം അദ്ദേഹം ബോബനും മോളിയും വരച്ചു. മലയാളി വായനക്കാരെ അവസാന പേജില്‍ നിന്നു പിറകോട്ടുള്ള വായനയ്ക്ക് പ്രേരിപ്പിക്കുകയായിരുന്നു മനോരമയിലെ ബോബനും മോളിയും. അത്തരത്തിലൊരു വായനാസംസ്കാരം വളര്‍ത്തിയെടുത്തതിന്റെ ക്രഡിറ്റ് ടോംസിനുള്ളതാണ്. മലയാളമനോരമ വാരിക കയ്യില്‍ കിട്ടിയാല്‍ ആദ്യം വായിക്കുക ഏറ്റവും പിറകിലെ പേജിലുള്ള ബോബനും മോളിയുമായിരുന്നു.
തന്റെ അയല്പക്കത്തെ രണ്ടു കുട്ടികളുടെ പേരാണു ടോംസ് തന്റെ കഥാപാത്രങ്ങള്‍ക്കു നല്‍കിയത്. ഈ കുട്ടികള്‍ അവരുടെ ചിത്രം വരച്ചുതരാന്‍ ടോംസിനോട് ചോദിച്ചതായിരുന്നു പ്രചോദനം. പിന്നീടു തന്റെ കുട്ടികള്‍ക്കും അദ്ദേഹം കഥാപാത്രങ്ങളുടെ പേരുകള്‍ തന്നെ നല്കി. ബോബനും മോളിയുമെന്ന്.
അയല്പക്കത്തെ കുട്ടികള്‍ എന്നും ടോംസിന്റെ വേലിചാടി അടുക്കള വഴി സ്കൂളില്‍ പോകാറുണ്ടായിരുന്നു. അവരുടെ വികൃതികള്‍ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ സ്വഭാവം നിശ്ചയിക്കുന്നതില്‍ ടോംസിനെ സഹായിച്ചു. ടോംസിന്റെ മക്കളായ ബോബനും മോളിക്കും പ്രായമായി മക്കളും മക്കളുടെ മക്കളുമായെങ്കിലും കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളായ ബോബനും മോളിയും ഒരിക്കലും വളരുന്നില്ല. പ്രായം ചെന്ന രണ്ടു കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ വികൃതികള്‍ ആരും ആസ്വദിക്കില്ലെന്നതിനാലാണ് തന്റെ കഥാപാത്രങ്ങള്‍ വളരാത്തതെന്നാണ് ടോംസിന്റെ പക്ഷം. അതുകൊണ്ട് ബോബനും മോളിക്കും ഒരിക്കലും പ്രായം കൂടില്ല. പ്രധാന കഥാപാത്രങ്ങളായ ബോബനും മോളിയെയും കൂടാതെ അവരുടെ അച്ഛനായ കേസില്ലാ വക്കീല്‍ പോത്തന്, അമ്മ മറിയ, മറ്റുകഥാപാത്രങ്ങളായ അപ്പിഹിപ്പി, കുഞ്ചുക്കുറുപ്പ്, ഉണ്ണിക്കുട്ടന്, പഞ്ചായത്തു പ്രസിഡന്റ് ചേട്ടനെന്നു വിളിക്കുന്ന ഇട്ടുണ്ണന്, ചേട്ടന്റെ ഭാര്യ ചേടത്തി, നേതാവ്, തുടങ്ങിയവര്‍ മലയാളി സമൂഹത്തിന്റെ ഹൃദയത്തില്‍ സ്ഥാനം പിടിച്ചവരാണ്. ബോബനും മോളിയും തന്നെയാണ് പ്രധാന കഥാപാത്രങ്ങളെങ്കിലും അവരുടെ കുടുംബം സ്കൂള്‍, നാട്, കൂട്ടുകാര്‍ എന്നിവരിലൂടെയാണ് കഥയുടെ സഞ്ചാരം.
കീഴ്ക്കാംതൂക്ക് എന്ന സാങ്കല്പിക പഞ്ചായത്തിലാണ് ബോബന്റെയും മോളിയുടെയും കഥ നടക്കുന്നത്. കേരളത്തിലെ മദ്ധ്യവര്‍ഗ കുടുംബങ്ങളിലെ ജീവിതത്തെ ഹാസ്യാത്മകമായി അവതരിപ്പിക്കുകയാണ് അദ്ദേഹം ചെയ്തതത്. രാഷ്ട്രീയസാമൂഹിക സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ടോംസ് ബോബനെയും മോളിയെയും ആവിഷ്ക്കരിച്ചത്. ആ പശ്ചാത്തലം കോട്ടയത്തും കുട്ടനാട്ടിലുമായി വ്യാപിച്ചു കിടക്കുന്ന കേരളാ കോണ്‍ഗ്രസ് രാഷ്ട്രീയത്തോട് ചേര്‍ന്നു നില്‍ക്കുന്നതായിരുന്നു.
സത്യദീപം മാസികയിലാണ് ബോബനും മോളിയും കാര്‍ട്ടൂണ്‍ ആദ്യം വരയ്ക്കുന്നത്. പിന്നീടാണ് മനോരമയിലേക്ക് മാറുന്നത്. 1950കളിലാണ് മനോരമയിലൂടെ ടോംസ് ബോബനും മോളിയും വരയ്ക്കുന്നത്. പിന്നീട് അദ്ദേഹം മനോരമയിലെ ജീവനക്കാരനായി. എന്നാല്‍ 1987ല്‍ മനോരമയില്‍ നിന്ന് രാജിവെച്ച ടോംസ് ബോബനും മോളിയും കലാകൗമുദിയിലൂടെ വരയ്ക്കാന്‍ ശ്രമിച്ചു. എന്നാല്‍ കാര്‍ട്ടൂണിന്റെ ഉടമസ്ഥാവകാശത്തെ ചൊല്ലി മനോരമ കേസ് കൊടുക്കുകയും അനുകൂല വിധി സമ്പാദിക്കുകയും ചെയ്തു. മറ്റു പ്രസിദ്ധീകരണങ്ങളില്‍ ബോബനും മോളിയും വരയ്ക്കുന്നത് കോടതി വിലക്കി. വളരെ നാള് നീണ്ട നിയമയുദ്ധമാണ് ടോംസ് മനോരമയുമായി നടത്തിയത്. പിതൃത്വം നല്കിയ കാര്‍ട്ടൂണിസ്റ്റിനാണോ, പ്രസിദ്ധീകരിച്ച വാരികയ്ക്കാണോ അവകാശം എന്നൊരു തര്‍ക്കമാണ് മനോരമയും ടോംസും തമ്മിലുണ്ടായിരുന്നത്. ബൗദ്ധികാവകാശത്തെച്ചൊല്ലി മലയാളത്തിലെ ആദ്യത്തെ തര്‍ക്കങ്ങളില്‍ ഒന്നായിരിക്കണമത്. മറ്റൊരു ആര്‍ട്ടിസ്റ്റിന് ഉപയോഗിച്ച് മനോരമ ബോബനും മോളിയും തുടര്‍ന്നും വരപ്പിച്ചെങ്കിലും ടോംസിന്റെ വരയ്ക്കും ചിന്തയ്ക്കുമൊപ്പം നില്‍ക്കാനതിനായില്ല. പിന്നീട് ബോബനും മോളിയും എന്ന കാര്‍ട്ടൂണിന്റെ ഉടമസ്ഥാവകാശം ടോംസിന് തന്നെ മനോരമ തിരിച്ചുനല്‍കുകയായിരുന്നു. അതേത്തുടര്‍ന്നാണ് ടോംസ് കോമിക്സ് എന്ന പ്രസിദ്ധീകരണം തുടങ്ങിയത്.
1970-80 കാലഘട്ടങ്ങളാണ് ബോബനും മോളിയുടെയും സുവര്‍ണ്ണ കാലമെന്നു പറയാം. അക്കാലത്തു വരച്ച കാര്ട്ടൂണുകള് ഇന്നു വായിക്കുമ്പോഴും ഓര്‍ത്തോത്തു ചിരിക്കാനുള്ള വകനല്കുന്നു. ഒരു തലമുറയ്ക്കു മുഴുവന്‍ ഗൃഹാതുരമായ അനുഭവങ്ങള്‍ അതു സമ്മാനിച്ചു. അന്നത്തെ ജീവിത, സാമൂഹ്യാവസ്ഥകളുടെ പ്രതിഫലനമായിരുന്നു ബോബനും മോളിയിലും ടോംസ് വരച്ചു കാട്ടിയത്. 70-80 കാലഘട്ടത്തിലെ കേരളത്തിലെ സാമൂഹ്യാവസ്ഥ പഠിക്കാന്‍ ശ്രമിക്കുന്ന ഒരാള്‍ക്ക് ബോബനും മോളിയും വളരെ സഹായകരമാകുക തന്നെ ചെയ്യും.
ബോബന്റെയും മോളിയുടെയും ഒപ്പം നടക്കുന്ന പട്ടിയും കഥാസന്ദര്‍ഭത്തിനനുസരിച്ച് പ്രകടിപ്പിക്കുന്ന ഭാവങ്ങള്‍ പ്രധാനമാണ്. കഥാപാത്രങ്ങളുടെ വികാരം പട്ടിയിലും പ്രതിഫലിക്കുന്നു. ചിത്രകഥയുടെ എല്ലാരംഗത്തിലും ബോബന്റെയും മോളിക്കുമൊപ്പം പട്ടിയുമുണ്ടാകും. അതു പട്ടിയാണോ പൂച്ചയാണോ എന്നതരത്തിലുള്ള ചര്‍ച്ചകളും ഒരു കാലത്ത് സജീവമായിരുന്നു. തന്റെ കഥാപാത്രം പട്ടിയാണെന്ന് സ്രഷ്ടാവുതന്നെ വ്യക്തമാക്കുകയായിരുന്നു. കഥയിലെ അപ്പിഹിപ്പി എന്ന കഥാപാത്രത്തെപ്പോലൊരാള്‍ ഇന്നു നമ്മുടെ സമൂഹത്തില്‍ വിരളമാകും. പ്രേമിക്കാനും സ്ത്രീകളെ പാട്ടിലാക്കാനും ഇന്ന് ഹൈടെക് മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുമ്പോള്‍ റോഡു വക്കില്‍ പൂവാലന്മാരായി നില്ക്കാന് ചെറുപ്പക്കാര്‍ക്ക് നേരമില്ല. എഴുപതുകളിലാണ് കേരളത്തില്‍ ഹിപ്പി തരംഗം ഉണ്ടായത്.
കീഴ്ക്കാംതൂക്ക് പഞ്ചായത്തിന്റെ പ്രസിഡന്റാണ് ഇട്ടുണ്ണാന്‍. അദ്ദേഹത്തിന്റെ ഭാര്യയെ ചേടത്തിയെന്നാണ് കാര്‍ട്ടൂണുകളിലുടനീളം വിളിക്കുന്നത്. എന്നാല്‍ അവരുടെ പേര് മജിസ്ട്രേറ്റ് മറിയാമ്മ എന്നാണെന്ന് ടോംസ് വ്യക്തമാക്കിയിട്ടുണ്ട്. ചേട്ടന്റെ വീട്ടില്‍ വാടകയ്ക്കു താമസിക്കുകയാണ് പോത്തന് വക്കീലിന്റെ കുടുംബം. ബോബനും മോളിയും ഇരട്ടക്കുട്ടികള്‍. കേസില്ലാ വക്കീലായതിനാല്‍ വാടകക്കാശ് പോലും കൊടുക്കാന്‍ കഴിയുന്നില്ല. അതിനാല്‍ എപ്പോഴും ചേടത്തിയുമായി കലഹത്തിലാണ് ബോബന്റെയും മോളിയുടെയും കുടുംബം. മണ്ടനായ ഇട്ടുണ്ണാന്‍ ചേട്ടന് ബുദ്ധി ഉപദേശിക്കുന്നത് ബോബനും മോളിയുമാണ്. എപ്പോഴും അബദ്ധത്തില്‍ ചാടുന്ന ചേട്ടന് എന്നും ചേടത്തിയുടെ തല്ലുവാങ്ങുകയും ചെയ്യും. ഇത്തരത്തില്‍ നിരവധി കഥാപാത്രങ്ങളിലൂടെയാണ് അക്കാലത്തെ സാമൂഹ്യാവസ്ഥയെ ടോംസ് വിവരിക്കുന്നത്.
ബോബനും മോളിയും 1971 ല്‍ സിനിമയാക്കി. ശശികുമാര്‍ സംവിധാനം ചെയ്ത് മധുവും അടൂര്‍ഭാസിയുമൊക്കെ അഭിനയിച്ച സിനിമ ജനങ്ങള്‍ അത്രകണ്ട് സ്വീകരിച്ചില്ല. കാര്‍ട്ടൂണ്‍ കഥയിലെ കഥാപാത്രങ്ങള്‍ക്കും സംഭാഷണങ്ങള്‍ക്കും വേഗതയായിരുന്നു പ്രത്യേകത. അതു സിനിമയില്‍ പ്രതിഫലിപ്പിക്കാനായില്ലെന്നതായിരുന്നു സിനിമ വേണ്ടത്ര സ്വീകരിക്കപ്പെടാതിരിക്കാന്‍ കാരണമായത്. 2006 ല്‍ ക്യാറ്റ് ലോജിസ്റ്റിക്സ് എന്ന സ്ഥാപനം ബോബനും മോളിയും കഥകള്‍ ആനിമേഷന്‍ ചലച്ചിത്രങ്ങളായി നിര്‍മ്മിച്ചിരുന്നു.
ഇത്രയേറെ ജനപ്രിയ കാര്‍ട്ടൂണുകള്‍ക്ക് ജീവന് നല്‍കിയിട്ടും ടോംസിനെത്തേടി ഇതുവരെ അംഗീകാരങ്ങളൊന്നും വന്നില്ല. ജനങ്ങള്‍ സ്വീകരിച്ചപ്പോള്‍ പുരസ്കാരങ്ങള്‍ നല്കേണ്ടവര് കണ്ണടച്ചു. പക്ഷേ, എണ്പത്തിനാലാം വയസ്സിലും അദ്ദേഹം കര്‍മ്മ നിരതനാണ്. ഇപ്പോഴും വരച്ചുകൊണ്ടേയിരിക്കുന്നു. അവസാന ശ്വാസം വരെ വരയിലൂടെ മുന്നോട്ടു പോകാനാണ് അദ്ദേഹത്തിന്റെ തീരുമാനം. ടോംസിന്റെ ആത്മകഥ അടുത്തു തന്നെ സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം പ്രസീദ്ധീകരിക്കും.
ആര് .പ്രദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: