പവിത്രരാകാനുള്ള ഏറ്റവും നല്ല വഴി നമ്മുടെ സഹജശുദ്ധി സ്മരിക്കലും പാനം, അശുദ്ധി, ബലഹീനത, അപൂര്‍ണ്ണത ഇവയെ ഒരിക്കലും സ്മരിക്കാതിരിക്കുകയും ആണ്. നാം സഹജമായി പൂര്ണ്ണര്; ഈ നിത്യപൂര്ണ്ണത മറന്ന് നാം അന്തമില്ലാതെ തെറ്റുചെയ്യുന്നു. എന്നാല്‍ നമ്മുടെ സ്വരൂപസ്മൃതി കൈവരുന്നതോടെ അശുദ്ധി, പാപം, അപൂര്‍ണ്ണത എന്നിവ സ്വപ്നമാത്രമായിത്തീരുന്നു.
ഈ പൂര്‍ണ്ണത ഉള്ളില്നിന്നുയരുന്നു; കാരണം അത് നമ്മുടെ സ്വന്തമാണ്. കാലാകാലമായി നമ്മുടേതുതന്നെ ആയിരുന്നു. അത് പുറമേനിന്നു വരുന്നതല്ല. അത് കൂട്ടിച്ചേര്‍ത്തതോ പുതുതായി സൃഷ്ടിക്കുന്നതോ അല്ല. അദ്ധ്യാത്മജീവിതമെന്നാല് ആന്തരമായ ഈ വളര്‍ച്ചയാണ്. വാസ്തവത്തില്‍ അത് വളര്‍ച്ചയല്ല, മറയകറ്റലാണ്; കാരണം, പൂര്‍ണ്ണതയും പവിത്രതയും നമ്മുടെ സ്വരൂപമല്ലെങ്കില് നമുക്കൊരിക്കലും സ്ഥിരമായി അവയുണ്ടാവില്ല; ആത്മോദ്ധാരണം സാധിക്കില്ല.
അകത്തു വേണ്ട മാറ്റം വരുത്തുക; അതു സ്വയമേവ പുറത്തു പ്രകാശിക്കും. നമ്മുടെ സ്വാഭാവമാകെ പവിത്രമാവണം. സ്വപ്രകൃതിയെ വെള്ളവീശി വൃത്തിയാക്കിയാല്‍ പോരാ. ആദ്യം പഴയ ചെളിക്കൂട്ട് ചെത്തിക്കളഞ്ഞ് ചുമരു വൃത്തിയാക്കിയെടുക്കണം. തീവ്രമായി സാധനചെയ്യുക. അതുകൊണ്ട് അശുദ്ധമായ ഈ മിത്ഥ്യാ വ്യക്തിത്വത്തിന്നുപരി പോകാന്‍ കഴിയും. ഈ മിത്ഥ്യാവ്യക്തിത്വം – അഹംകാരം-കാരണം നിങ്ങളുടെ ചിന്തകള്‍ അശുദ്ധവും കളങ്കിതവുമാവുന്നു. നിങ്ങളുടെ യഥാര്‍ത്ഥവ്യക്തിത്വം അശുദ്ധമായിരുന്നെങ്കില് നിങ്ങള്‍ക്കൊരിക്കലും പവിത്രമാവാന് പറ്റില്ല, നിങ്ങള്‍ക്കാര്‍ക്കും ആത്മോദ്ധാരണം സാദ്ധ്യമാവില്ല. എന്നാല്‍ നമ്മുടെ യഥാര്‍ത്ഥ വ്യക്തിത്വം അത്യന്തശുദ്ധം; സ്വയംപ്രകാശകം; നമുക്കതു വീണ്ടെടുക്കണം. സച്ചിന്തകള്‍, സത്കര്‍മ്മങ്ങള്‍, സദ്ഭാഷണം ഇവ വളരെ സഹായകമാണ്; എന്നാല്‍ നിഷ്ഠാപൂര്‍വ്വമായ സാധനയില്ലാതെ അവമാത്രം മതിയാവില്ല. അവകൊണ്ടുമാത്രം ഇന്നത്തെ സ്ഥിതിയില്‍ നിന്ന് ഒരു പൂര്‍ണ്ണമായ മാറ്റം ഉണ്ടാവുകയില്ല.
നമ്മളോടും ലോകത്തിനോടും മനസ്സില്‍ പൊന്തിവരുന്ന എല്ലാ ചിത്രങ്ങളോടും സ്മരണകളോടും തികച്ചും ഒരു പുതിയ വീക്ഷണമുണ്ടാവണം.
മനസ്സില്‍ ഒരശുദ്ധചിന്ത ഉയരുമ്പോള്‍ നമുക്ക് ഖേദം തോന്നണം; എന്നാല്‍ അതു നമ്മെ മുന്നോട്ടുപോകാന്‍ കൂടുതല്‍ പ്രേരിപ്പിക്കുകയും നമ്മെ കൂടുതല്‍ ദൃഢനിശ്ചയരാക്കുകയും വേണം. ഇത്തരം നീചചിന്തകള്‍ മനസ്സിലുണ്ടെന്നറിയാന് കഴിഞ്ഞതില്‍ നാം ആശ്വാസംകൊള്ളണം. അവയെ തിരിച്ചറിയാതെ നമുക്കവയെ വിജയകരമായി നേരിടാന്‍ പറ്റില്ല. കുഴപ്പം എത്രത്തോളം വലുതാണോ നാമതിനെ അത്രയും കൂടുതല്‍ പൗരുഷത്തോടെ നേരിടണം; അതിനെ ഇല്ലാതാക്കാനുള്ള ദൃഡനിശ്ചയം അത്രയും ശക്തമാവണം; നമ്മുടെ വിടാപ്പിടുത്തം അത്രയും കൂടുതല്‍ ദൃഢമാവണം.
നമ്മുടെ മനസ്സില്‍ ശരിക്കും ചെളിയും വൃത്തികേടുമുണ്ടെങ്കില് നാം ആ വസ്തുത ധരിക്കണം. അതെത്ര ചീത്തയാണെന്നറിയണം. ഒരു ദോഷത്തെ തിരിച്ചറിയുന്നത് യുദ്ധം പകുതിജയിക്കലാണ്. വലിയ കുഴപ്പമുണ്ടാക്കാന്‍ നമ്മുടെ മനസ്സിന്നുള്ള കഴിവ് അറിയുന്നതെപ്പോഴും നല്ലതാണ്; അതറിഞ്ഞ് നാം ശ്രദ്ധിച്ചിരിക്കുകയും നമ്മെ വഞ്ചിക്കാനുള്ള അതിന്റെ കപടയത്നങ്ങള് മുഴുവന്‍ അറിയുകയും ചെയ്യണം. കാമം, ക്രോധം, ലോഭം, മോഹം എന്നിവയുടെ ചോദനകള്‍ക്ക് വശംവദനായി മനുഷ്യന് തനിക്കും മറ്റുള്ളവര്‍ക്കും എത്രമാത്രം ക്ലേശം വരുത്തിവെയ്ക്കുന്നു. നാം അറിഞ്ഞു നശിപ്പിച്ചില്ലെങ്കില്‍ അവ നമ്മുടെ മനസ്സിലും ആഴത്തിലൊളിഞ്ഞുകിടക്കും. മനസ്സിനെ ഉയര്‍ന്ന മാര്‍ഗ്ഗത്തിലേക്ക് ബോധപൂര്‍വ്വം തിരിച്ചുവിട്ടില്ലെങ്കില്‍ അതില്‍ നിറയെ ഈ വികാരങ്ങള്‍ തന്നെ ആയിരിക്കും.
സാധകന് അവന്റെ ബോധകേന്ദ്രം ശ്രദ്ധാപൂര്‍വ്വം മാറ്റിയുറപ്പിക്കേണ്ടത് അദ്ധ്യാത്മജീവിതത്തിലെ ഒരു പ്രധാന പടിയാണ്. സാധാരണ നമ്മുടെ വ്യക്തിത്വം ഏതെങ്കിലും ഒരു കേന്ദ്രത്തെ ആസ്പദമാക്കി പ്രവര്‍ത്തിക്കുന്നു. അത് ശാരീരികമോ മാനസികമോ അദ്ധ്യാത്മികമോ ആവാം. ചിലരില്‍ ഈ ബോധകേന്ദ്രം വയറാണ്; ഉദാഹരണം, തീറ്റക്കൊതിയന്മാര്, മദ്യാസക്തര്‍ വേറെ ചിലരില്‍ അത് ലൗകികവികാരങ്ങളുടെ കേന്ദ്രമായ അധോഹൃദയമാണ്. സാധകന് ഈ ബോധകേന്ദ്രത്തെ താഴത്തുനിന്ന് മുകളിലേയ്ക്കുയര്‍ത്താന്‍ പഠിക്കണം. ആദ്യം തന്റെ ശരിയായ അദ്ധ്യാത്മബോധകേന്ദ്രം ഏതാണെന്നയാള് കണ്ടെത്തണം; പിന്നെ അഭ്യാസംകൊണ്ട് ബോധത്തെ സദാ അവിടെ ഉയര്ത്തിനിര്ത്തണം. ആ ഉയര്‍ന്ന അദ്ധ്യാത്മകേന്ദ്രത്തില് നിന്ന് ബോധം താഴെ വരുന്നുണ്ടോ എന്ന് അയാള്‍ സദാ ശ്രദ്ധിക്കണം. തന്റെ ഉയര്‍ന്ന അദ്ധ്യാത്മബോധകേന്ദ്രത്തില് ധാരണ ചെയ്യുക എന്നത് ഒരു പ്രധാന സാധനയാണ്.
യതീശ്വരാനന്ദ സ്വാമികള്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: