ആലുവ: ഹോട്ടലുകളില്‍ ഭക്ഷണസാധനങ്ങള്‍ക്ക് അമിതവില ഈടാക്കുന്നതിനെത്തുടര്ന്ന് പലരും ഹോട്ടലുകളില്‍നിന്നും ഭക്ഷണം കഴിക്കുന്നത് പൂര്‍ണമായി ഉപേക്ഷിക്കുവാന്‍ നിര്‍ബന്ധിതരാകുന്നു. യാത്രയും മറ്റും ചെയ്യുന്നവരാണ് കൂടുതല്‍ വിഷമിക്കുന്നത്. വില കുതിച്ചുയരുന്നതിന് ഏതുവിധത്തില്‍ കടിഞ്ഞാണിടണമെന്ന് സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കാന്‍ ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന് 25 ന് എറണാകുളത്ത് വിളിച്ചു ചേര്‍ക്കുന്നുണ്ട്. ഭക്ഷണ വില നിയന്ത്രിക്കുന്നതിന് നിലവില്‍ ആര്‍ക്കും അധികാരമില്ലെന്ന അവസ്ഥയാണുള്ളത്. നാടന്‍ ചായക്കടകളില്‍ വരെ ചായയുടെ വില ആറ് രൂപയായി ഉയര്‍ന്നു. വിമാനത്താവളങ്ങളിലും മറ്റും ഇത് പത്തുരൂപയാണ്. അതുപോലെ ഊണിന് 35 രൂപവരെയാണ് ഉയര്‍ന്നിരിക്കുന്നത്. സര്‍ക്കാര്‍ ചില ആനുകൂല്യങ്ങള്‍ നല്കി ന്യായവില ഹോട്ടലുകള്‍ തുറന്നുവെങ്കിലും ഇതിലേറെയും താമസിയാതെ തന്നെ അടച്ചുപൂട്ടുകയാണ് ചെയ്തത്. പാചകവാതകത്തിന്റെയും വൈദ്യുതിയുടേയും വില താങ്ങാനാവുന്നില്ലെന്നാണ് ഹോട്ടലുകാര്‍ ചൂണ്ടിക്കാട്ടുന്നത്. നിത്യോപയോഗ സാധനങ്ങളുടെ വിലയും കുതിച്ചുയരുകയാണ്. അതുപോലെ തൊഴിലാളികളേയും കിട്ടാനില്ല. സര്‍ക്കാര്‍ ഹോട്ടല്‍ വ്യവസായത്തിന് ഏതെങ്കിലും വിധത്തിലുള്ള ഇളവുകള്‍ നല്കിയാല് മാത്രമേ വില ഉയരുന്നത് പിടിച്ചുനിര്‍ത്താന്‍ കഴിയുകയുള്ളൂവെന്ന് അസോസിയേഷന് ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: