ന്യൂദല്‍ഹി: രാജ്യത്ത് നടക്കുന്ന 40 ശതമാനം ആത്മഹത്യകളും നാല് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലാണ് നടക്കുന്നതെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 22 ശതമാനം കേരളം, കര്‍ണാടക, തമിഴ്നാട്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണെന്നും എന്നാല്‍ ആത്മഹത്യകളുടെ കാര്യത്തില്‍ ഈ സംസ്ഥാനങ്ങള്‍ ഏറെ മുന്നിലാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
രാജ്യത്തെ ആത്മഹത്യകളുടെ റിപ്പോര്‍ട്ട് പുറത്തുവിട്ടത് ‘ബ്രിട്ടീഷ് മെഡിക്കല്‍ ജേണല്‍ ദി ലാന്‍സെറ്റ്’ എന്ന ഏജന്‍സിയാണ്. രാജ്യത്തെ മൊത്തം ആത്മഹത്യകളില്‍ 40 ശതമാനവും (42% പുരുഷന്മാര്, 40% സ്ത്രീകള്‍) നടക്കുന്ന കേരളം, കര്‍ണാടക, തമിഴ്നാട്, ആന്ധ്രാപ്രദേശ് എന്നീ നാലു സംസ്ഥാനങ്ങളിലാണ്.
മഹാരാഷ്ട്രയിലും പശ്ചിമബംഗാളിലും 15 ശതമാനം ആത്മഹത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, ഏറ്റവും കുറവ് ആത്മഹത്യാ നിരക്കുള്ളത് ദല്‍ഹിയിലാണ്. 15 വയസ്സിന് മുകളില്‍ ആത്മഹത്യ ചെയ്യുന്നവരില്‍ ഒന്നാം സ്ഥാനം ആന്ധ്രാപ്രദേശിനാണ്. ഏറ്റവും കൂടുതല്‍ പേര് ആത്മഹത്യ ചെയ്യുന്ന സംസ്ഥാനവും ആന്ധ്ര തന്നെയാണ്. 28,000 ആണ് ആത്മഹത്യ ചെയ്തവരുടെ എണ്ണം. രണ്ടാം സ്ഥാനത്ത് തമിഴ്നാടാണ് 24,000 പേര്. മൂന്നാം സ്ഥാനത്ത് മഹാരാഷ്ട്രയും. 19,000 പേരാണ് ഇവിടെ ആത്മഹത്യ ചെയ്തത്. ആത്മഹത്യാ പ്രവണത കൂടുതല്‍ യുവാക്കളുടെ ഇടയിലാണെന്നും പഠനം റിപ്പോര്‍ട്ട് ചെയ്യുന്നു.
15 നും 29 നും ഇടയില്‍ ആത്മഹത്യ ചെയ്യുന്നവരില്‍ 56 ശതമാനം സ്ത്രീകളും, 40 ശതമാനം പുരുഷന്മാരാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. 25 വയസ്സുള്ള സ്ത്രീകളും 34 വയസ്സുള്ള പുരുഷന്മാരുമാണ് ആത്മഹത്യ ചെയ്യുന്നവരിലേറെയും ഉള്ളത്.
2010 ലെ കണക്ക് പ്രകാരം ഇന്ത്യയില്‍ 1.87 ലക്ഷം പേര് ആത്മഹത്യ ചെയ്തുവെന്നാണ് പ്രമുഖ എഴുത്തുകാരന് പ്രൊഫസര്‍ വിക്രം പാട്ടേല്‍ അറിയിച്ചത്.
49 ശതമാനം പുരുഷന്മാരും 44 ശതമാനം സ്ത്രീകളും ജീവനൊടുക്കാന്‍ കണ്ടെത്തുന്ന മാര്‍ഗം വിഷമാണെന്നും ഇതില്‍ അധികവും കീടനാശിനികളാണെന്നും പഠന റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തുന്നു. തൂങ്ങി മരണമാണ് രണ്ടാം സ്ഥാനത്ത്. ആറിലൊരു സ്ത്രീ വീതം പൊള്ളലേറ്റ് മരിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ആത്മഹത്യ ചെയ്യുന്ന പുരുഷന്മാരുടെ നിരക്ക് 25 ശതമാനവും സ്ത്രീകളില്‍ 36 ശതമാനവുമാണെന്ന് ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുകളില്‍ പറയുന്നതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യയില്‍ സ്ത്രീകളേക്കാള്‍ കൂടുതല്‍ പുരുഷന്മാര്ക്കാണ് ആത്മഹത്യാ പ്രവണത കൂടുതലെന്നും എന്നാല്‍ പാശ്ചാത്യ രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിലെ സ്ത്രീ-പുരുഷ അനുപാതം ചെറുതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സ്ത്രീകളിലെ ആത്മഹത്യാ പ്രവണതയുടെ പ്രധാന കാരണങ്ങളായി പഠനം ചൂണ്ടിക്കാട്ടുന്നത് ചെറിയ രീതിയിലുള്ള വഴക്കുകളും വിഷാദരോഗവുമാണെന്നാണ്. ആത്മഹത്യാ നിരക്കുകള്‍ പ്രതിരോധിക്കുന്നതിനോ കുറയ്ക്കുന്നതിനോ ഉള്ള നടപടികളുടെ അഭാവം ഇന്ത്യയിലുണ്ടെന്നും പ്രൊഫ.പാട്ടേല്‍ ചൂണ്ടിക്കാട്ടുന്നു. കീടനാശിനികള്‍ നിരോധിക്കുകയോ ഗ്രാമീണ മേഖലകളില്‍ ഇത് സുരക്ഷിതമായി വെക്കേണ്ട തരത്തിലുള്ള ക്ലാസുകള്‍ നടത്തിക്കൊണ്ടുള്ള പ്രതിരോധ ഇടപെടലുകള്‍ ആത്മഹത്യാ നിരക്ക് കുറയ്ക്കുന്നതിന് സ്വീകരിക്കേണ്ടതിനെക്കുറിച്ച് ചിന്തിക്കണമെന്നും യുവാക്കള്‍ക്കിടയിലും സ്കൂളുകളിലും കോളേജുകളിലും വിഷാദരോഗത്തെക്കുറിച്ചും മദ്യപാനം ഉണ്ടാക്കുന്ന പ്രശ്നങ്ങളെക്കുറിച്ചുമൊക്കെ ക്ലാസുകള്‍ എടുക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: