എറണാകുളം ജില്ലയില്‍ പാറക്കടവ് പഞ്ചായത്തിലാണ് പ്രാചീന കേരളത്തിലെ പുണ്യക്ഷേത്രങ്ങളിലൊന്നായ മൂഴിക്കുളം ക്ഷേത്രം. പ്രകൃതിഭംഗി നിറഞ്ഞുനില്ക്കുന്ന ഒരു ഗ്രാമമാണ് മൂഴിക്കുളം. ഗ്രാമത്തിന്റെ നടുവിലൂടെ കുണുങ്ങിക്കുണുങ്ങിയൊഴുകുന്ന ചാലക്കുടിപുഴ. പുഴയുടെ കിഴക്കേ തീരത്താണ് തിരുമൂഴുക്കുളംലക്ഷ്മണ സ്വാമിക്ഷേത്രം. ഈ ക്ഷേത്രപരിസരത്ത് പണ്ടൊരിക്കല്‍ ഹരിതമഹര്‍ഷി തപസ്സുചെയ്തിരുന്നു. മുനിയുടെ തപസ്സില്‍ സന്തുഷ്ടനായ വിഷ്ണുഭഗവാന് പ്രത്യക്ഷപ്പെടുകയും താപസനെ അനുഗ്രഹിക്കുകയും ചെയ്തു. കലിയുഗകാലത്ത് ജനങ്ങള്‍ പാലിക്കേണ്ടകാര്യങ്ങളെപ്പറ്റി ഭഗവാന് മഹര്‍ഷിക്ക് ഉപദേശിച്ചുകൊടുക്കുകയും ചെയ്തു. ഭഗവാന്റെ മൊഴിയുണ്ടായകളം എന്ന അര്‍ത്ഥത്തില്‍ ഇവിടെ തിരുമൊഴിക്കളം എന്നറിയപ്പെടാന്‍ തുടങ്ങി. പില്ക്കാലത്ത് അത് തിരുമൂഴുക്കുളം ആയി എന്നാണ് ഐതിഹ്യം. ചേരരാജ്യത്തിന്റെ മേല്‍ത്തളിയായും ഇവിടം അറിയപ്പെട്ടിരുന്നു. ഗുരുകുല സമ്പ്രദായം നിലനിന്നിരുന്ന കാലത്ത് നലാന്റ പോലൊരു വിദ്യാപീഠം – മൂഴുക്കുളം ശാല എന്ന് അത് അറിയപ്പെട്ടിരുന്നുവെന്നും പഴമ. പെരിയപുരാണം പോലുള്ളസംഘകാലകൃതികളെല്ലാം തന്നെ ഈ മഹാക്ഷേത്രത്തെപ്പറ്റി പരാമര്‍ശമുണ്ട്.
ചെമ്പുമേഞ്ഞ രണ്ടുനില വട്ടശ്രീകോവില്‍. അതില്‍ കിഴക്കോട്ട് ദര്‍ശനമായി ലക്ഷ്മണപെരുമാളിന്റെ പൂര്‍ണമായ പ്രതിഷ്ഠ. വാക്കയില്‍ കൈമള്‍ക്ക് കിട്ടിയ നാലു വിഗ്രഹങ്ങളില്‍ ലക്ഷ്മണനെ ഇവിടെ പ്രതിഷ്ഠിച്ചുവെന്ന് ഐതിഹ്യം. ശ്രീകോവില്‍ മേയുന്നതിന് ആവശ്യമായ ചെമ്പുമുഴുവന്‍ ക്ഷേത്രപരിസരത്തുനിന്നും കുഴിച്ചെടുത്തിട്ടുള്ളതാണെന്ന് പറയപ്പെടുന്നു. അതേ കോവിലില്‍ തെക്കോട്ട് ദര്‍ശനമായി ശിവനും ഗണപതിയുമുണ്ട്. നാലമ്പലത്തില്‍ തെക്കുപടിഞ്ഞാറായി ഭഗവതിയും ശാസ്താവും പുറത്തവടക്കായി ഗോശാലകൃഷ്ണന്റെ പ്രതിഷ്ഠയുമുണ്ട്. കൂടാതെ ശ്രീരാമനും സീതയും സങ്കല്പത്തില് ഹനുമാനുമുണ്ട്. നമസ്കാര മണ്ഡപവും മൂന്ന് തിടപ്പള്ളിയും കൂത്തമ്പലവുമുണ്ട്. നാലമ്പലത്തിന് ചുറ്റും വിളക്കുമാടത്തിലെ വ്യാളികള്‍ അനായാസമായി ആരുടെയും ശ്രദ്ധയില്‍പ്പെട്ടെന്ന് വരും. അതുപോലെ ക്ഷേത്ര ഭിത്തിയിലെ ശിലാലിഖിതങ്ങളും ആ ദാരുശില്പങ്ങള്ക്ക് അതീവകാന്തി. ക്ഷേത്രത്തില്‍ കുളമില്ല. ഒരിക്കല്‍ ആക്രമണത്തില്‍ തകര്‍ന്നുപോയ ക്ഷേത്രം. ടിപ്പുവിന്റെ പടയാളികള്‍ കൊള്ളയടിച്ചതിന്റെ ഫലമായി സ്വര്‍ണ്ണ കൊടിമരം അന്ന് അപ്രത്യക്ഷമായതാണ്. അതിനുശേഷം ശംഖു ചക്രവും ഛേദിക്കപ്പെട്ടനിലയിലാണ് വിഗ്രഹം. വിഗ്രഹം മാറ്റരുതെന്ന് ദേവപ്രശ്നത്തിലൂടെ തെളിഞ്ഞതിനാല്‍ ഇന്നും അതേ നിലയില്‍ തന്നെ. ശ്രീ ചിത്തിര തിരുനാള്‍ മഹാരാജാവ് പിന്നീടത് പുതുക്കിപ്പണിതത്.
കിഴക്കുവശത്തുകൂടി അകത്തുകടന്നാല്‍ ലക്ഷ്മണസ്വാമിയെ വന്ദിച്ചശേഷം ദക്ഷിണാമൂര്‍ത്തിയേയും ഗണപതിയേയും പിന്നെ മറ്റ് ദേവീദേവന്മാരെയും വണങ്ങുകയാണ് ഇവിടത്തെ പതിവ്. മൂന്നുപൂജകളും മൂന്നു ശ്രീബലിയും എതൃത്തുപൂജയുമുണ്ട്. എല്ലാ മാസത്തിലെ തിരുവോണവും ഇവിടെ വിശേഷമാണ്. ധനുമാസത്തിലെ തിരുവാതിരയും വൃശ്ചികത്തിലെ മണ്ഡലക്കാലവും കര്‍ക്കിടത്തില്‍ രാമായണമാസവും ആചരിച്ചുവരുന്നു.
കദളിപ്പഴയും പാല്‍പ്പായസവുമാണ് ലക്ഷ്മണ തേവര്‍ക്കിഷ്ടപ്പെട്ട വഴിപാട്. ഗണപതിക്ക് ഒറ്റയപ്പവും നാളീകേരമുടയ്ക്കലും ഭഗവതിക്ക് പട്ടും മഞ്ഞള്‍ പൊടിയുമാണ്. കൂടാതെ കറുകമാലയും വെണ്ണയും ഇവിടെ വിശിഷ്ട വഴിപാടാണ്. സന്താനലബ്ധിക്കായ് അംഗുലീയാങ്കം കൂത്ത് നടത്തിവരുന്നു. കൂത്തിനും കൂടിയാട്ടത്തിനും ഇവിടെ പണ്ടേ പ്രശസ്തി. കൂടിയാട്ടത്തിലെ മികച്ച നടനായ അമ്മന്നൂര്‍ ചാച്ചു ചാക്യാരുടെ നിതാന്ത സാന്നിദ്ധ്യമുണ്ടായിരുന്ന ഈ ക്ഷേത്രത്തില്‍ ചാക്യാര്‍ തറവാട്ടിലെ കാരണവര്‍ തന്നെ വേണമെന്ന കാര്യത്തില്‍ നിര്‍ബന്ധവുമായിരുന്നു.
മേടമാസത്തിലെ തിരുവോണം ആറാട്ടായി പത്തുദിവസത്തെ ഉത്സവം. പണ്ട് ഇരുപത്തിയെട്ട് ദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവം ഉണ്ടായിരുന്നു. ഉത്സവനാളുകളില്‍ ശ്രീഭൂതബലിയുണ്ട്. ആറാം ഉത്സവത്തിനുള്ള ഉത്സവബലിക്ക് ഏറെ പ്രാധാന്യം. ഒന്‍പതാം ഉത്സവത്തിന് പട്ടം തിരുത്തിമനയിലെ പൂജ. ചാലക്കൂടി പുഴയിലെ ആറാട്ടോടുകൂടി തിരുമൂഴിക്കുളം ലക്ഷ്മണസ്വാമി ക്ഷേത്രത്തിലെ ഉത്സവം സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: