കൊച്ചി: മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് ആഫ്രിക്കന്‍ രാജ്യമായ ബോട്സ്വാനയിലെ ഫാറൂഖ്ദാവൂദ് എന്ന 48കാരന് പലരില്‍നിന്നും കേട്ടറിഞ്ഞ അറിവുമായി ആയുര്‍വേദത്തില്‍ തന്റെ അമിതഭാരം കുറക്കുന്നതിന് അവസാന പരീക്ഷണത്തിനാണ് കൊച്ചിയിലെ പുനര്‍നവ ആയുര്‍വേദ ആശുപത്രിയിലെത്തിയത്. എന്നാല്‍ ഇന്ന് ദാവൂദിനെ ആയുര്‍വേദം അത്ഭുതപ്പെടുത്തിയിരിക്കുന്നു. മാര്‍ച്ച് 21ന് 208 കി.ഗ്രാം ശരീരഭാരവും 78.5 ഇഞ്ച് അരച്ചുറ്റളവുമായി എത്തിയ ദാവൂദിന്റെ ഇന്നത്തെ ഭാരം 174 കി.ഗ്രാമും അരയളവ് 67 ഇഞ്ചുമാണ്. പഞ്ചകര്‍മ്മയെ ആധാരമാക്കിയുള്ള ചികിത്സാവിധികളും പ്രത്യേകം തയ്യാറാക്കിയ ഔഷധങ്ങളും ക്രമപ്പെടുത്തിയ ആഹാരരീതിയും ലഘു വ്യായാമവുമാണ് ദാവൂദിന്റെ ഭാരവും അരയളവും അത്ഭുതകരമാംവിധം കുറച്ചതെന്ന് ചികിത്സിച്ച പുനര്‍നവ ചീഫ് ഫിസിഷ്യന്‍ ഡോ. എ.എം.അന്‍വര്‍ പറഞ്ഞു.
ബോട്സ്വാനയില് വ്യവസായിയായ ദാവൂദ് അഞ്ചുവര്‍ഷം മുമ്പുവരെ സന്തുഷ്ട കുടുംബജീവിതം നയിച്ചിരുന്നു. ശരീരഭാരം അമിതമായി വര്‍ധിക്കാന്‍ തുടങ്ങിയതോടെ സൗത്ത് ആഫ്രിക്കന്‍ രാജ്യങ്ങളിലെ നിരവധി ഡോക്ടര്‍മാരുടെ സേവനം തേടിയെങ്കിലും രോഗകാരണം കണ്ടെത്തുന്നതിനോ ഭാരം നിയന്ത്രിക്കുന്നതിനോ സാധിച്ചില്ലെന്ന് ദാവൂദ് വാര്‍ത്താ ലേഖകരോട് പറഞ്ഞു. ഭാരം 200 കിലോ കവിഞ്ഞപ്പോള്‍ നടുവേദനയും ആരംഭിച്ചു. പിന്നീട് പൂര്‍ണമായും വീല്‍ച്ചെയറിലായി ജീവിതം. മിക്ക അലോപ്പതി മരുന്നുകളോടും അലര്‍ജിയുള്ളതിനാല്‍ നിസ്സഹരായിരുന്നു ഡോക്ടര്‍മാര്‍. ഈ സാഹചര്യത്തിലാണ് ആയുര്‍വേദത്തില്‍ ഒരുകൈ നോക്കാന്‍ ദാവൂദ് തീരുമാനിച്ചത്. ഇപ്പോള്‍ ശരീരഭാരം കുറഞ്ഞതിനോടൊപ്പം നടുവേദനയും സുഖപ്പെട്ടു. ജീവിതത്തില്‍ പ്രതീക്ഷകള്‍ തിരിച്ചുനല്‍കിയ ആയുര്‍വേദത്തോടും ചികിത്സിച്ച പുനര്നവയിലെ ഡോക്ടര്‍മാരോടും ജീവനക്കാരോടും നന്ദി പറയുകയാണ് ഫാറൂഖ് ദാവൂദ്. സ്വന്തം രാജ്യത്തേക്ക് തിരിക്കുന്ന അദ്ദേഹം തന്റെ ആയുര്വേദാനുഭവം തന്നെപ്പോലെ പ്രയാസപ്പെടുന്നവര്‍ക്ക് പ്രചോദനമായിരിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: