വാഷിംഗ്ടണ്‍: അല്‍ഖ്വയ്ദയുടെ പരിശീലന ക്യാമ്പുകള്‍ പാക്കിസ്ഥാനില്‍ സജീവമായിരുന്നുവെന്നും ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ വിജയകരമായിരുന്നുവെന്നും അമേരിക്കന്‍ ചാര സംഘടനയായ സിഐഎ പുറത്തുവിട്ട രേഖകളില്‍ പറയുന്നു. യുഎസ് വിമാനം തകര്‍ക്കാന്‍ ഒസാമ ബിന്‍ലാദന്റെ നേതൃത്വത്തില്‍ പദ്ധതിയിട്ടിരുന്നതായും രേഖകളില്‍ ചൂണ്ടിക്കാട്ടുന്നു.
നൂറോളം രേഖകളാണ് സിഐഎ കഴിഞ്ഞദിവസം പുറത്തുവിട്ടത്. ദേശീയ സുരക്ഷാ ആര്‍ക്കൈവിന്റെ നേതൃത്വത്തില്‍ പുറത്തുവിട്ട രേഖകളില്‍ അല്‍ഖ്വയ്ദയുടെ 9/11 ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തെ സംബന്ധിച്ചുള്ള വിവരങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
2000 ഫെബ്രുവരിയില്‍ പാക്കിസ്ഥാന് സന്ദര്‍ശനത്തിനെത്തിയ യുഎസ് പ്രസിഡന്റ് ബില്‍ ക്ലിന്റണ് സഞ്ചരിച്ചിരുന്ന വിമാനം തകര്‍ക്കുവാന്‍ അല്‍ഖ്വയ്ദ പദ്ധതിയിട്ടിരുന്നു. പാക്കിസ്ഥാനിലെ പരിശീലന ക്യാമ്പുകളിലാണ് പദ്ധതി ആസൂത്രണം ചെയ്തതെന്നും സിഐഎയുടെ രേഖകളില്‍ ചൂണ്ടിക്കാട്ടുന്നു.
രാഷ്ട്രീയ മേഖലയില്‍ അല്‍ഖ്വയ്ദയുടെ ഇടപെടലുകളെക്കുറിച്ചും സിഐഎ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അഫ്ഗാനിലേയും പാക്കിസ്ഥാനിലേയും യുഎസ് വ്യോമാക്രമണ പദ്ധതികളെക്കുറിച്ചും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ലാദനെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയാന്‍ യുഎസ് നിയോഗിച്ച പദ്ധതികള്‍ അഫ്ഗാനിലാണ് ആരംഭിച്ചത്. 2000 സെപ്തംബര്‍ ഏഴിന് ആരംഭിച്ച പദ്ധതിയില്‍ ലാദനെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയുവാനാണ് നിരീക്ഷണങ്ങള്‍ നടത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ 2000 ത്തിലെ ലാദനെതിരായ സിഐഎയുടെ പദ്ധതിക്ക് ആവശ്യമായ യുദ്ധോപകരണങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: