Categories: Travel

പാച്ചല്ലൂര്‍ ഭദ്രകാളി ക്ഷേത്രം

Published by

തിരുവനന്തപുരം നഗരാതിര്‍ത്തിയിലുള്ള പാച്ചല്ലൂരിലാണ്‌ പുരാതനമായ ശ്രീ ഭദ്രകാളി ക്ഷേത്രം. ആണ്ടുതോറും നേര്‍ച്ചതൂക്കം നടക്കുന്ന പ്രസിദ്ധമായ ക്ഷേത്രം. ദക്ഷിണഗയ എന്ന്‌ അറിയപ്പെടുന്ന തിരുവല്ലം പരശുരാമക്ഷേത്രത്തിന്‌ കുറച്ചു തെക്കുമാറിയാണ്‌ പാച്ചല്ലൂര്‍ പ്രദേശം.

ശ്രീകോവിലില്‍ ദേവി-ഭദ്രകാളി. ശാന്തസ്വരൂപിണിയായ ഭഗവതി വടക്കോട്ട്‌ ദര്‍ശനമേകുന്നു. കന്നിമൂലയില്‍ ഗണപതിയും തൊട്ടടുത്ത്‌ ശാസ്താവും കാവില്‍ നാഗരുമുണ്ട്‌. ക്ഷേത്രമുറ്റത്ത്‌ ഒരു മൂട്ടില്‍ കുറെ ആലുകള്‍. കൂട്ടത്തില്‍ അരശുപാലയുമൊക്കെയുണ്ട്‌. തറകെട്ടി ഭദ്രമായി സൂക്ഷിച്ചിട്ടുള്ള ഇവിടെ കണ്ഠാ കര്‍ണ്ണന്റെ സാന്നിധ്യവുമുണ്ട്‌. ദേവിയുടെ സഹോദരനെന്ന്‌ സങ്കല്‍പം. നിത്യപൂജയുണ്ട്‌ വൈകുന്നേരമാണ്‌. ചൊവ്വ്‌, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ രണ്ടുനേരം പൂജ. അന്ന്‌ പൊങ്കാലയുണ്ട്‌. കടുംപായസ്സമാണ്‌ പ്രധാന വഴിപാട്‌. ഉത്സവത്തോടനുബന്ധിച്ചുള്ള തൂക്കവും വഴിപാടാണ്‌.

കുംഭമാസത്തിലാണ്‌ നേര്‍ച്ചതൂക്ക മഹോത്സവം. പൂരത്തിനു തൂക്കം വരത്തക്കവിധമാണ്‌ ദിവസം നിശ്ചയിക്കുക. പ്രസിദ്ധമായ നേര്‍ച്ചതൂക്കം ഏഴാം ദിവസമാണ്‌ .അന്ന്‌ ഉരുള്‍നേര്‍ച്ചയും നടക്കും. ഉത്സവത്തിന്‌ നാലാംനാള്‍ മുതല്‍ തൂക്കക്കാര്‍ വ്രതാനുഷ്ഠാനത്തിലാകും. അപ്പോള്‍മുതല്‍ അവര്‍ ക്ഷേത്രത്തില്‍ തന്നെ കഴിയണമെന്നുണ്ട്‌. നിത്യവും നമസ്കാരംചെയ്യാറുള്ള തൂക്കവ്രതക്കാര്‍ തൂക്കടിവസമാകുമ്പോഴേക്കും നൂറുകണക്കിന്‌ നമസ്കാരകര്‍മ്മം നടത്തിയിരിക്കും. കുട്ടികളെ തൂക്കാന്‍ നേര്‍ച്ചയുള്ളവര്‍ മകയിരം നാളില്‍ ക്ഷേത്രത്തിലെത്തും. പിന്നെ പള്ളിപലകയില്‍ പണംവച്ച്‌ നേര്‍ച്ച നിര്‍വ്വഹിക്കുന്ന കാര്യം ഉറപ്പുവരുത്തും. അന്നുരാവിലെ ഉരുള്‍നേര്‍ച്ച നടക്കും. വൈകിട്ട്‌ നാലുമണിയോടെ ആരംഭിക്കുന്ന നേര്‍ച്ചതൂക്കം പിറ്റേന്ന്‌ വെളുക്കുന്നതുവരെ നീണ്ടുപോകും. നാലുചക്രങ്ങളില്‍ ഉറപ്പിച്ച വില്ലിന്‌ മുപ്പതടിയോളം ഉയരംവരും. തൂക്കകാരന്റെ ദേഹം വില്ലിനോട്‌ ചേര്‍ത്ത്കെട്ടിയിരിക്കും. അയാള്‍ കുഞ്ഞിനെ നെഞ്ചോട്‌ ചേര്‍ത്ത്‌ പിടിച്ചിരിക്കും. കുട്ടിയെയുംകൊണ്ട്‌ തൂക്കവില്ല്‌ ക്ഷേത്രത്തിന്‌ വലം വയ്‌ക്കും. ഒരു വില്ലില്‍ രണ്ടു കുട്ടികളെ തൂക്കുന്ന പതിവുമുണ്ട്‌. ആദ്യത്തേത്‌ ക്ഷേത്രതൂക്കമാണ്‌ ഇതിനെ പണ്ടാരതൂക്കം എന്നാണ്‌ അറിയപ്പെടുന്നത്‌. ദേവീസഹായത്താല്‍ സന്താനഭാഗ്യമുണ്ടായാല്‍ ചോറൂണിനു മുന്‍പുതന്നെ കുഞ്ഞിന്റെ നേര്‍ച്ച തൂക്കം നിര്‍വ്വഹിക്കുന്നു.

പെരിനാട്‌ സദാനന്ദന്‍ പിള്ള

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts