തൃപ്പൂണിത്തുറ: ചോറ്റാനിക്കരയിലെ ചെറുകിട ഹോട്ടലുകളില്‍ ജില്ലാ ആരോഗ്യവകുപ്പ് അധികൃതര്‍ ചൊവ്വാഴ്ച രാവിലെ 7ന് നടത്തിയ പരിശോധനയില്‍ രണ്ടുദിവസം പഴക്കമുള്ള ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്തു. ക്ഷേത്രത്തിന് വടക്കുഭാഗത്ത് പൂരപ്പറമ്പിന് സമീപങ്ങളിലും തെക്ക് ആശുപത്രിപടിക്ക് സമീപത്തുമായി ഒമ്പത് ഹോട്ടലുകളും ആരോഗ്യവകുപ്പ് അധികൃതര്‍ താല്‍ക്കാലികമായി അടച്ചുപൂട്ടി.
ടൗണിലെ ഹോട്ടലുകളില്‍ മാലിന്യസംസ്ക്കരണ സംവിധാനം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ചോറ്റാനിക്കര പഞ്ചായത്ത് ഹോട്ടലുടമകള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുള്ള സാഹചര്യത്തിലാണ് ജില്ലാ ആരോഗ്യവകുപ്പ് അധികൃതര്‍ പരിശോധന നടത്തി ചെറുകിട നാമമാത്ര ഹോട്ടലുകള്‍ അടച്ചുപൂട്ടിയത്.
ചൊവ്വാഴ്ച രാവിലെ ജില്ലാ ഹെല്‍ത്ത് ഓഫീസര്‍ പി.എന്‍.ശ്രീനിവാസന്, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ സി.എം.ജോണി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഷാജി ബി.നായര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഹോട്ടലുകളില്‍ പരിശോധന നടത്തിയത്. തലേദിവസത്തെ ഭക്ഷണസാധനങ്ങളാണ് കണ്ടെടുത്തത്. തുടര്‍ന്ന് ഈ രണ്ട് ഭാഗങ്ങളിലുമുള്ള ഹോട്ടലുകള്‍ അടച്ചുപൂട്ടാന്‍ നിര്‍ദ്ദേശം നല്കി.
ചോറ്റാനിക്കരയിലെ ഹോട്ടലുടമകളും പഞ്ചായത്തും തമ്മില്‍ നേരത്തെയുള്ള ഒരു കേസ് ചൊവ്വാഴ്ച കോടതിയില്‍ പരിഗണിക്കാനിരിക്കെയാണ് റെയ്ഡ് നടത്തിയതെന്ന് ഹോട്ടലുടമകള്‍ പറയുന്നു. ഈ കേസ് ബുധനാഴ്ചത്തേക്ക് മാറ്റിയിട്ടുണ്ട്. ചോറ്റാനിക്കരയില്‍ കുടിവെള്ളവിതരണം നടത്തുന്ന ഒരു ടാങ്കര്‍ ലോറിയും പിടിച്ചെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: