ആലുവ: ഗതാഗതക്കുരുക്ക് ശാപമായി മാറിയ ആലുവായില്‍ ഇതിനു കാരണമായ വിധത്തില്‍ റോഡരികില്‍ അനധികൃതമായി പാര്‍ക്കുചെയ്യുന്ന വാഹനങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് അനാസ്ഥ. പോലീസ് സ്റ്റേഷന് മുതല്‍ സബ് സ്റ്റേഷന്‍വരെയുള്ള നൂറ് മീറ്റര്‍ റോഡില്‍ ഏറെ നാളായി നിരവധി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തു കിടക്കുന്നുണ്ട്. ഈ വാഹനങ്ങള്‍ ആരുടെ അധീനതയിലാണെന്നതുള്പ്പെടെ യാതൊരു വിവരവും ഈറോഡിന്റെ ചുമതലയുള്ള പൊതുമരാമത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് അറിയില്ല. വിവരാവകാശ നിയമപ്രകാരം ഇതേക്കുറിച്ച് വിവരം തേടിയപ്പോള്‍ പല ചോദ്യത്തിനും അറിയില്ലെന്ന ഉത്തരമാണ് ലഭിച്ചത്. ചില വാഹനങ്ങള്‍ വര്‍ഷങ്ങളായി ഇവിടെ കിടക്കുകയാണ്.
ആരാണ് ഇവിടെ ഇത്തരത്തില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ അനുമതി നല്‍കിയതെന്ന ചോദ്യത്തിനും അറിയില്ലെന്ന മറുപടി തന്നെയാണുള്ളത്. എന്നാല്‍ പാര്‍ക്ക് ചെയ്യാന്‍ തങ്ങള്‍ ആര്‍ക്കും അനുമതി നല്‍കിയിട്ടില്ലെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ മറുപടി നല്‍കിയിട്ടുണ്ട്. ഗതാഗതത്തിന് തടസ്സമുണ്ടാക്കുന്നരീതിയില് കിടക്കുന്നവ എന്തുതന്നെയായാലും നീക്കം ചെയ്യുന്നതിനും തടസ്സമുണ്ടാക്കിയവരില് നിന്ന് നഷ്ടപരിഹാരം ഈടാക്കാനും പൊതുമരാമത്ത് വകുപ്പിന് അധികാരമുണ്ട്. എന്നിട്ടും പൊതുമരാമത്ത് വകുപ്പ് അശ്രദ്ധമായാണ് ഇത്തരം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ആലുവ കോടതിയില്‍ പലതവണ ബോംബ് ഭീഷണിവരെ ഉണ്ടായതാണ്. തിരക്കേറിയ ഈ റോഡില്‍ നിന്നും വാഹനങ്ങള്‍ മേറ്റ്വിടെക്കെങ്കിലും മാറ്റേണ്ടതായുണ്ട്. പലവാഹനങ്ങളും തുരുമ്പുപിടിച്ചുകിടക്കുകയാണ്. ചില വാഹനങ്ങളുടെ പാര്ട്സുകള്വരെ മോഷണം പോകുന്നുണ്ട്. അടുത്തിടെ റോഡ് റീടാര്ചെയ്തപ്പോള് പോലും വാഹനങ്ങള്‍ കിടന്നിരുന്ന ഭാഗംമാത്രം ഒഴിവാക്കുകയായിരുന്നു. വാഹനങ്ങള്‍ ആരുടെ കസ്റ്റഡിയിലുള്ള താണെന്ന് ഔദ്യോഗികമായി ആര്‍ക്കുമറിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: